അവശ നിലയിലായിട്ട് തിരിഞ്ഞു നോക്കാത്ത മക്കള്‍ക്ക് അച്ഛന്റെ മൃതദേഹം പോലും കാണേണ്ടന്ന്; ആശുപത്രിയിലെത്തിച്ച പൊലീസ് ഒടുവില്‍ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്രയും നല്‍കി
പെരുവ: രണ്ടു മക്കള്‍ ഉണ്ടായിട്ടും അവസാന കാലത്ത് ആരോരും തിരിഞ്ഞ് നോക്കാനില്ലാതെയാണ് വിമുക്തഭടനായ പെരുവ അവര്‍മ മങ്ങാട്ട് രവീന്ദ്രന്‍ നായര്‍ (70) ലോകത്തോട് വിടപറഞ്ഞത്.പ്രായമേറി അവശ നിലയിലായ രവീന്ദ്രന് അവസാന സമയത്ത് കൈത്താങ്ങായത് പൊലീസാണ്. അവശ നിലയിലായ രവീന്ദ്രന്‍ നായരെ ശുശ്രൂഷിക്കാന്‍ മക്കളും എത്താത്തതോടെ പൊലീസാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. ഒടുവില്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിനെ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയാണ് യാത്രയാക്കിയത്.
മരണ വിവരം അറിഞ്ഞ് മക്കള്‍ എത്തിയെങ്കിലും പിതാവിന്റെ മൃത ശരീരം ഏറ്റുവാങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് മുളക്കുളം പഞ്ചായത്തിന്റെ പൊതുശ്മശാനത്തിലാണ് സംസ്‌കരിച്ചത്. കോട്ടയം എ.ആര്‍.ക്യാമ്ബിലെയും വെള്ളൂര്‍ സ്റ്റേഷനിലെയും പൊലീസാണ് ആദരവര്‍പ്പിച്ചത്.
അവശനിലയിലായ രവീന്ദ്രന്‍ അവര്‍മയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ആരോഗ്യനില വഷളായതിനാല്‍ വെള്ളൂര്‍ എസ്.ഐ: കെ.ആര്‍. മോഹന്‍ദാസിനെ ഫോണില്‍ വിളിച്ചു സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.ഉടനെത്തിയ പൊലീസ് അദ്ദേഹത്തെ അറുനൂറ്റിമംഗലത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. പൊലീസ് അറിയിച്ചതിനെത്തുടര്‍ന്നു പഞ്ചായത്തു വൈസ് പ്രസിഡന്റ് കെ.ആര്‍. സജീവന്‍ മക്കളുമായി ബന്ധപ്പെട്ടെങ്കിലും ആരും വന്നില്ല. തുടര്‍ന്ന് ആംബുലന്‍സില്‍ ജനെമെത്രി പൊലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
രവീന്ദ്രന്റെ രണ്ടു മക്കളില്‍ ഒരാള്‍ തിരുവനന്തപുരത്തു സര്‍ക്കാര്‍ സര്‍വീസില്‍ ഡ്രൈവറും ഒരാള്‍ എറണാകുളത്ത് അദ്ധ്യാപികയുമാണ്. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. വിവരമറിഞ്ഞു മക്കളെത്തിയെങ്കിലും മൃതദേഹം വീട്ടിലേക്കു കൊണ്ടു പോകാന്‍ തയാറായില്ല. അതിനാല്‍, ഇന്നലെ വൈകിട്ടു നാലോടെ പൊതുപ്രവര്‍ത്തകരുടെയും വൈസ് പ്രസിഡന്റ് കെ.ആര്‍.സജീവന്റെയും നേത്യത്വത്തില്‍ പഞ്ചായത്തിലെ കോയിക്കല്‍ വളവുലുള്ള പൊതു സ്മശാനത്തില്‍ ഔദ്യോഗിക ബഹുമതിയോടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.