സിന്ധുവിന് പിന്നാലെ സൈനയും ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് പുറത്ത്; പരാജയം നേരിട്ടുള്ള സെറ്റുകള്‍ക്ക്

ന്യൂഡല്‍ഹി: ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയ്ക്കിന്ന് നിരാശയുടെ ദിനം. ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേത്രി പി.വി സിന്ധുവിന് പുറകേ, ഇന്ത്യയുടെ സൈന നെഹ് വാളും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ടോക്കിയോയില്‍ നടന്ന മത്സരത്തില്‍ ഒളിമ്പിക്‌സ് ചാമ്പ്യന്‍ സ്‌പെയിനിന്റെ കരോലിന മാരിനോടാണ് സൈന പരാജയം സമ്മതിച്ചത്. സീരീസിലെ രണ്ടാം റൗണ്ട് മല്‍സരത്തില്‍ തുടര്‍ച്ചയായി രണ്ട് സെറ്റും നേടിയ കരോലിന മാരിന്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തു. സ്‌കോര്‍ 21-16, 21-13.

നേരത്തെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി.വി സിന്ധുവും രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ജപ്പാന്റെ നൊസോമി ഒക്കുഹാരയോടാണ് സിന്ധു പരാജയപ്പെട്ടത്. കഴിഞ്ഞയാഴ്ച നടന്ന കൊറിയ ഓപ്പണ്‍ ഫൈനലില്‍ ഒകുഹാരയെകീഴടക്കിഎത്തിയ സിന്ധുവിന് പക്ഷെ ഇന്ന് കാര്യമായ ചെറുത്തുനില്‍പ് നടത്താന്‍ കഴിഞ്ഞില്ല. നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഒക്കുഹാര വിജയം കരസ്ഥമാക്കുകയായിരുന്നു.

ആദ്യ ഗെയിമില്‍ ശക്തമായി പോരാടിയ സിന്ധു 18-21 നാണ് ഗെയിം കൈവിട്ടത്. എന്നാല്‍ രണ്ടാം ഗെയിമില്‍ ചെറുത്ത് നില്‍ക്കാന്‍ പോലും ഇന്ത്യന്‍ താരത്തിന് കഴിഞ്ഞില്ല. വെറും എട്ട് പോയിന്റുകള്‍ മാത്രമാണ് ഒക്കുഹാര എതിരാളിക്ക് വിട്ടുനല്‍കിയത്. മത്സരം വെറും 47 മിനിട്ടില്‍ അവസാനിച്ചു.