ഇണ്ടറി അപ്പം (പെസഹാ അപ്പം/പാല്‍) ഉണ്ടാക്കുന്ന വിധം
ചേരുവകള്‍
അരി: ഒരു കിലോ
തേങ്ങാ: 2 എണ്ണം ( അധികം ഉണങ്ങാത്തത്)
ഉഴുന്ന്: 150 ഗ്രാമം
ജീരകം: 1 ടീസ്പൂണ്‍
വെളുത്തുള്ളി: 1 കുടം
ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം- അരി വൃത്തിയായി കഴുകി പൊടിച്ച് ചെറിയ അരിപ്പയില്‍ തെള്ളിയശേഷം ചൂടാക്കി എടുക്കുക. ( പൊടി അധികം മൂത്ത് പോകരുത്) ആറിയതിന് ശേഷം അരച്ച തേങ്ങായും ഉഴുന്ന് അരച്ചതും കൂടി അരിപ്പൊടിയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക. വട്ടയപ്പത്തിന്റെ മാവുപോലെ അയവുണ്ടായിരിക്കണം. 1 മണിക്കൂര്‍ കഴിഞ്ഞ് അപ്പച്ചെമ്പില്‍ വെള്ളം തിളപ്പിച്ച് വട്ടയപ്പം പുഴുങ്ങുന്നതുപോലെ പാത്രത്തില്‍ കോരിയൊഴിച്ച് വേവിക്കുക.
ശ്രദ്ധിക്കുക- പ്രാര്‍ത്ഥനയ്ക്ക് മുറിക്കാവാനുള്ള അപ്പം കോരിയെടുക്കുമ്പോള്‍ മാവിന്റെ നടുക്ക് കുരുത്തോല മുറിച്ച് കുരിശിന്റെ ആകൃതിയില്‍ വച്ചിട്ട് പുഴുങ്ങിയെടുക്കുക.
ഇണ്ടറി അപ്പത്തിന്റെ പാല്‍
തേങ്ങാ: 1 എണ്ണം (ചുരണ്ടി 3 പ്രാവശ്യം പിഴിഞ്ഞെടുക്കുക) (ഒന്നാം പാല്‍ പ്രത്യേകം മാറ്റിവയ്ക്കുക)
ശര്‍ക്കര: അരകിലോ (ആവശ്യമുള്ള വെള്ളത്തില്‍ പാനിയാക്കി അറിച്ചെടുക്കുക)
ജീരകം: 2 ടീസ്പൂണ്‍
ചുക്ക്: 1 കഷണം
ഏലക്കാ: 4 എണ്ണം (തൊലി കളഞ്ഞ് നന്നായി പൊടിച്ചെടുക്കണം)
കുത്തരി: 100 ഗ്രാം
ശര്‍ക്കര പാനിയും രണ്ടാമത്തെയും മൂന്നാമത്തെയും തേങ്ങാപ്പാലും കൂടി തിളപ്പിക്കുക. അറി വറുത്ത് പൊടിക്കുക. അരിപ്പൊടി കട്ടപിടിക്കാതെ കുറച്ച് വെള്ളത്തിലോ തേങ്ങാ പാലിലോ കലക്കി തിളച്ച പാലില്‍ ഒഴിക്കുക. പിന്നീട് ചുക്കുപൊടി, ജീരകപ്പൊടി, ഏലക്കാപൊടി, ഇവകള്‍ പാലില്‍ ചേര്‍ത്ത് ഇളക്കി വാങ്ങി ഉപയോഗിക്കുക.