കെ.എം. ജോര്‍ജിന്റെ ശാപം ഇടിത്തീപോലെ കെ.എം. മാണിയുടെ തലയ്ക്കു മുകളിലോ?
പ്രത്യേക ലേഖകന്‍
‘മിസ്റ്റര്‍ മാണി, ഈ കള്ളത്തരങ്ങളും വേണ്ടാതീനങ്ങളുമൊക്കെ കാട്ടി നിങ്ങള്‍ക്ക് ഏറെ നാള്‍ മുന്നോട്ടുപോകാനാവില്ലെന്ന് ഓര്‍ക്കണം. കള്ളത്തരങ്ങളും മോഷണങ്ങളും നിങ്ങള്‍ നടത്തിയാല്‍ കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തില്‍ നിങ്ങള്‍ വീണുപോകും’. ബൈബിളിനെ കൂട്ടുപിടിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കേരള നിയമസഭയില്‍ നടത്തിയ ഈ പ്രസംഗം അന്തിക്രിസ്തുവിന്റെ വചനമായി കേട്ടത് ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണി മാത്രമായിരുന്നു. യുഡിഎഫ് സര്‍ക്കാരിനെതിരേ ഒന്നിനുപുറകേ ഒന്നായി അഴിമതിയാരോപണങ്ങള്‍ ഉയരുന്നതിനിടെ പ്രതിപക്ഷനേതാവ് നടത്തിയ രൂക്ഷപരിഹാസം പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും ചെറുചിരിയോടെ കേട്ട് നിന്ന് ആസ്വദിക്കുകയായിരുന്നു.
മന്ത്രിസഭയിലെ രണ്ടാമാനായ, സംസ്ഥാന നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള….എണ്ണിയാലൊടുങ്ങാത്ത വിശേഷങ്ങള്‍ സ്വന്തമായുള്ള ധനമന്ത്രി കെ.എം. മാണിക്കുനേരെയായിരുന്നു ആക്രമണം. എന്നിട്ടും ചെറിയൊരു പ്രതിഷേധസ്വരം പോലും ട്രഷറിബഞ്ചില്‍ നിന്ന് ഉയര്‍ന്നില്ല എന്നത് ചരിത്രത്തിന്റെ നിയോഗമാകാം. ഏഴുപതിറ്റാണ്ടാകുന്ന രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കെ.എം.മാണി ഇപ്പോള്‍ കടന്നുപോകുന്നത്. അപ്പോള്‍ പിന്തുണയ്ക്കാന്‍ കടന്നുവരുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞുവരികയും ചെയ്യുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവായ കെ.എം.ജോര്‍ജിന്റെ ശാപം ഇടിത്തീ പോലെ കെ.എം.മാണിയെ പിന്തുടരുന്നുണ്ടോയെന്ന് ന്യായമായും സംശയിക്കാവുന്ന സമയമാണിത്. ബാര്‍ ഉടമകളില്‍ നിന്ന് കെ.എം.മാണി കോടികള്‍ കോഴവാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 11 നാണ് മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. 1976 ഡിസംബര്‍ 11 നായിരുന്നു കെ.എം ജോര്‍ജിന്റെ അന്ത്യം. ഡിസംബര്‍ 11 ന്റെ ഈ ആവര്‍ത്തനം തന്നെ കെ.എം. ജോര്‍ജ് അനുഭവിച്ച ഹൃദയവേദനയില്‍ നിന്നല്ലെന്ന് ആരറിഞ്ഞു?
കെ.എം. ജോര്‍ജ് മാത്രമല്ല പി.ടി. ചാക്കോയും
കെ.എം. ജോര്‍ജ് മാത്രമല്ല കേരള കോണ്‍ഗ്രസിന്റെ രൂപീകരണത്തിനു കാരണഭൂതനായ പി.ടി. ചാക്കോയെയും ഇപ്പോഴത്തെ മുതിര്‍ന്ന നേതാക്കള്‍ വേദനിപ്പിച്ചിട്ടില്ലേ? കേരള കോണ്‍ഗ്രസിന്റെ തുടക്കംമുതല്‍ നേതൃസ്ഥാനത്തുള്ള ആര്‍.ബാലകൃഷ്ണപിള്ള പലതവണ പരസ്യമായി പറഞ്ഞ വാക്കുകള്‍ ഈ ഘട്ടത്തില്‍ ഓര്‍ക്കാം. പി.ടി. ചാക്കോയുടെ മൃതദേഹം തിരുനക്കരയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോഴും ചാമംപതാല്‍ പള്ളിയില്‍ നടന്ന ശ്രുശൂഷയിലും തിരിഞ്ഞുനോക്കാത്തവര്‍ കേരള കോണ്‍ഗ്രസിന്റെ പൈതൃകം അവകാശപ്പെടരുതെന്ന് ഏതാനും മാസം മുമ്പ് കോട്ടയം പ്രസ്‌ക്ലബില്‍ വച്ചു നടന്ന പത്രസമ്മേളനത്തിലാണ് ബാലകൃഷ്ണപിള്ള ഓര്‍മിപ്പിച്ചത്. ഇതിനു മുമ്പ് പല തവണയും പിള്ള ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കം പരാജയപ്പെട്ടതിലും ബാലകൃഷ്ണപിള്ളയ്ക്ക് ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്. കമ്യൂണിസ്റ്റുകളുമായി ചേര്‍ന്ന് അന്ന് മന്ത്രിസഭ ഉണ്ടാക്കാതിരുന്നത് മണ്ടത്തരമായിപ്പോയെന്നു പറഞ്ഞ അദ്ദേഹം ഇതിനുശേഷവും കെ.എം. ജോര്‍ജിനെതിരേ ഒരു വിഭാഗം സംഘടിതമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ആരോപിച്ചു. 1975 – 76 കാലത്ത് പാര്‍ട്ടിക്കുള്ളില്‍ നടന്ന ചില ഗൂഢാലോചനയുടെയും തെറ്റായ നീക്കങ്ങളുടെയും ഫലമായി കെ.എം. ജോര്‍ജിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് കേരള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭയുടെ സാധ്യതകള്‍ മങ്ങിയത്. ഗൂഢാലോചനയില്‍ കെ.എം. മാണിക്ക് പങ്കുണ്ടോയെന്ന് ആരാഞ്ഞപ്പോള്‍ അന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കോഴിയെ കട്ടവന്റെ തലയില്‍ പൂടയുണ്ടോയെന്ന്’ ചോദിക്കുന്നതുപോലെയാണ് ഇതെന്നായിരുന്നു പിള്ളയുടെ മറുപടി. കെ.എം. ജോര്‍ജിന് പിന്നാലെയെത്തിയ കെ.എം. മാണിക്ക് പിന്തുണ കൊടുത്ത സഭാനേതാക്കളും മതമേലധ്യക്ഷരും ഇപ്പോഴത്തെ സാഹചര്യത്തില്‍ കടുത്ത നിരാശയിലാണെന്നും പിള്ള പറഞ്ഞുവയ്ക്കുന്നു.
കെ.എം.ജോര്‍ജിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പിറക്കാതെ പോയതെങ്ങനെ?
1964 ഒക്ടോബര്‍ ഒമ്പതിന് കോട്ടയം തിരുനക്കര മൈതാനിയില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ഭദ്രദീപം തെളിച്ചുകൊണ്ടാണ് മന്നത്തു പത്മനാഭന്‍ കേരള കോണ്‍ഗ്രസിനു തുടക്കംകുറിച്ചത്. അന്നും അട്ടിമറികളിലൂടെ കെ.എം.മാണി അതില്‍ കയറിപ്പറ്റുകയായിരുന്നു എന്നൊരു വാദവും നിലവിലുണ്ട്. എന്‍.എസ്.എസിന്റെ അനിഷേധ്യ നേതാവായ മന്നത്തു പത്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ കെ.എം. ജോര്‍ജ് കേരള കോണ്‍ഗ്രസ് ഉണ്ടാക്കിയപ്പോള്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ കമ്മിറ്റി അപ്പാടെ അതില്‍ചേരുകയായിരുന്നു. അന്ന് കോട്ടയം ഡി.സി.സിയുടെ ജനറല്‍ സെക്രട്ടറിയും തെരഞ്ഞടുക്കപ്പെട്ട കെ.പി.സി.സി അംഗവുമായിരുന്നു സാക്ഷാല്‍ കെ.എം.മാണി. പിന്നാലെ 1965ലെ തെരഞ്ഞെടുപ്പില്‍ 24 സീറ്റുകള്‍ ലഭിച്ച കേരള കോണ്‍ഗ്രസ്സും സമാനചിന്താഗതിക്കാരായ പി.എസ്.പിയും മുസ്‌ലിം ലീഗും അടങ്ങുന്ന സഖ്യം അധികാരത്തിന് അടുത്തെത്തി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കെ.എം. ജോര്‍ജിനെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ രൂപവത്കരിക്കാന്‍ തീരുമാനിച്ചശേഷം നടന്ന അണിയറ നാടകങ്ങള്‍ക്ക് ഇന്നും രാഷ്ട്രീയകേരളം ഉത്തരം കണ്ടിട്ടില്ല. അതിലെ ചില നടന്മാര്‍ ഇപ്പോഴും കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നന്മാരായി തുടരുകയാണെങ്കിലും. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നേതാക്കള്‍ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്നത്തിനെ കാണാന്‍ പോയി. അധികാരത്തിലേറാന്‍ അനുഗ്രഹം തേടിപ്പോയ സംഘം മടങ്ങിവന്നശേഷം നടത്തിയ പ്രസ്താവന ‘മന്ത്രിസഭ രൂപവത്കരിക്കുന്നില്ല’ എന്നായിരുന്നു. ഇടതു പിന്തുണയോടെ കേരള കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറിയാല്‍ കോണ്‍ഗ്രസ്സിന് സംസ്ഥാന രാഷ്ട്രീയത്തില്‍ ഭാവിയുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ ആരോ നടത്തിയ ഗൂഢമായ കരുനീക്കത്തില്‍ കേരള കോണ്‍ഗ്രസ് വീഴുകയായിരുന്നു. പണം വാരിയെറിഞ്ഞുള്ള കളി അന്നു തുടങ്ങിയതാണ്. ബാര്‍കോഴയെന്നും മറ്റും പല പേരുകളില്‍ അതിപ്പോഴും തുടരുകയാണെന്ന് മുതിര്‍ന്ന കേരള കോണ്‍ഗ്രസുകാര്‍ പറയുന്നു. എന്തായാലും അന്ന് ഒരു കക്ഷിക്കും വൃക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ നിയമസഭ പിരിച്ചുവിടുകയായിരുന്നു. അതിനു പിന്നിലെ അന്തര്‍നാടകങ്ങള്‍ ഇപ്പോഴും രഹസ്യമാണെന്നുമാത്രം.
അധികാരം കിട്ടിയതോടെ പിളര്‍പ്പും തുടങ്ങി
കേരള കോണ്‍ഗ്രസ് രൂപീകൃതമായി അഞ്ചുവര്‍ഷത്തിനുശേഷമാണ് ആദ്യമായി കേരള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗമാകുന്നത്. ഇതോടെ പാര്‍ട്ടിയെ തലങ്ങും വിലങ്ങും തകര്‍ക്കുന്ന പിളര്‍പ്പും തുടങ്ങി. ആദ്യകാലത്തെല്ലാം പിളര്‍പ്പിന്റെ ഒരു വശത്ത് കെ.എം. മാണി ഉണ്ടായിരുന്നു എന്നതും സത്യം. തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് 67ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ലഭിച്ചത് വെറും അഞ്ച് സീറ്റ് മാത്രമാണ്. ഇതിനിടെ പാര്‍ട്ടി രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ച സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ കേരള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. മന്നത്ത് പത്മനാഭന്‍ വേറെ പാര്‍ട്ടി രൂപീകരിക്കാതിരുന്നതിനാല്‍ പിളര്‍പ്പ് ആയില്ലെന്ന് മാത്രം. പിന്നാലെ ഇ.എം.എസ്. മന്ത്രിസഭയെ മറിച്ചിട്ടു 69ല്‍ അച്യുതമേനോന്‍ രൂപീകരിച്ച മന്ത്രിസഭയില്‍ കെ.എം.ജോര്‍ജ് ചേര്‍ന്നതോടെ കേരളത്തില്‍ ആദ്യമായി കേരള കോണ്‍ഗ്രസിന് ഭരണത്തില്‍ പങ്കാളിത്തം ലഭിച്ചു. 70ല്‍ അച്യൂതമേനോന്‍ നിയമസഭ പിരിച്ചുവിട്ടു. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ കടിപിടി ശക്തമായി. അടുത്ത തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ഐക്യമുന്നണിക്ക് പുറത്തായി. കെ.എം.മാണി കൊണ്ടുവന്ന ആലുവ സാമ്പത്തിക പ്രമേയത്തിലൂടെ പുരോഗമനസ്വഭാവമവകാശപ്പെട്ട കേരള കോണ്‍ഗ്രസ് നിയമസഭയില്‍ സി.പി.എമ്മുമായി സഹകരിച്ച് തുടങ്ങിയപ്പോള്‍ ഇതില്‍ പ്രതിഷേധിച്ച് ഇ.ജോണ്‍ ജേക്കബ് ഒറിജിനല്‍ കേരള കോണ്‍ഗ്രസ് ഉണ്ടാക്കി.
ഇതാണ് കേരള കോണ്‍ഗ്രസിലെ ആദ്യത്തെ പിളര്‍പ്പ്. പിന്നീട് അടിയന്തിരാവസ്ഥ കാലത്ത് അച്യൂതമേനോന്‍ സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസ് ചേര്‍ന്നതാണ് ആദ്യത്തെ വന്‍ പിളര്‍പ്പിന് കാരണം. കെ.എം. ജോര്‍ജ് മന്ത്രി പദവും ചെയര്‍മാന്‍ പദവും ഒരുമിച്ച് വഹിക്കുന്നതിനെ മാണി എതിര്‍ത്തു. ഒടുവില്‍ പാര്‍ലമെന്റംഗമായ ആര്‍ ബാലകൃഷ്ണപിളളയെയും കെ.എം. മാണിയെയും മന്ത്രിയാക്കി. ബാലകൃഷ്ണപിളള ആറാം മാസം രാജിവെച്ചപ്പോള്‍ കെ.എം.ജോര്‍ജ് മന്ത്രിയായി. ഇതോടെ മാണിയുടെ വിശ്വരൂപം കേരളം കണ്ടു. ഇതിന്റെ പേരിലുണ്ടായ ഉരുള്‍പൊട്ടല്‍ അവസാനിച്ചത് നാരായയണക്കുറുപ്പ് ചെയര്‍മാനായുളള മാണി ഗ്രൂപ്പില്‍. വര്‍ഷങ്ങളായി തുടര്‍ന്ന ആഭ്യന്തരസംഘര്‍ഷത്തിനൊടുവില്‍ പാര്‍ട്ടി രണ്ടായതോടെ കെ.എം. ജോര്‍ജ് മാനസികമായും ഏറെ തകര്‍ന്നു. ബാലകൃഷ്ണപിള്ള കെ.എം.ജോര്‍ജിനൊപ്പം തുടര്‍ന്നു. സ്വന്തംപേരില്‍ ചെറിയൊരു ഗ്രൂപ്പ് നിലവില്‍ വന്നെങ്കിലും 1976 ഡിസംബര്‍ 11ന് കെ.എം. ജോര്‍ജ് ഈ ലോകത്തോടു വിടപറഞ്ഞു.
എന്നിട്ടും പാര്‍ട്ടിയിലെ ആഭ്യന്തരസംഘര്‍ഷം അവസാനിച്ചില്ല. മന്ത്രിസഭയിലേക്ക് ഇ.ജോണ്‍ ജേക്കബിനെ കെ.എം. മാണിയും എം.സി. ചാക്കോയെ ബാലകൃഷ്ണപിളളയും നിര്‍ദേശിച്ചു. ഒടുവില്‍ ഇ. ജോണ്‍ ജേക്കബ് മന്ത്രിയായി. ഇത് അവസാനിച്ചത് പിളള ഗ്രൂപ്പിന്റെ ആവിര്‍ഭാവത്തിലാണ്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ പിളള ഗ്രൂപ്പ് ഇടതുമുന്നണിയിലെത്തുകയും ചെയ്തു. 77ലെ ഐക്യമുന്നണി മന്ത്രിസഭയില്‍ മാണിയും, കുറുപ്പും, ജോണ്‍ ജേക്കബും അംഗങ്ങളായി. 78ല്‍ മാണിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയപ്പോള്‍ പി.ജെ. ജോസഫ് പകരം മന്ത്രിയായി. മാണി കേസില്‍ ജയിച്ചപ്പോള്‍ ജോസഫ് സ്ഥാനം ഒഴിഞ്ഞു.
മാണി ഒഴിഞ്ഞ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസഫ് മത്സരിച്ചെങ്കിലും മാണിയുടെ ഒത്താശയോടെ വി.ടി. സെബാസ്റ്റിയന്‍ ചെയര്‍മാനായി. ഇതേത്തുടര്‍ന്നുണ്ടായ അഭിപ്രായ ഭിന്നത ജോസഫ് ഗ്രൂപ്പിന്റെ ഉത്ഭവത്തിലാണ് അവസാനിച്ചത്. ഇതിനിടെ ഇ.ജോണ്‍ ജേക്കബ് അന്തരിച്ചപ്പോള്‍ പകരം മന്ത്രിയായി ഡോ.ജോര്‍ജ് മാത്യുവിനെ മാണി നിദേശിച്ചു. എന്നാല്‍ ജോസഫ് നിദേശിച്ച ടി.എസ്.ജോണിനെയാണ് മന്ത്രിയാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് മാണി മുന്നണി വിട്ടു. ഇതിന് ശേഷം വന്ന എണ്‍പതിലെ ഇടതുമുന്നണി മന്ത്രിസഭയില്‍ മാണി ഗ്രൂപ്പും പിളള ഗ്രൂപ്പും ചേര്‍ന്നു.ഒടുവില്‍ ഇവര്‍ ലയിച്ചു. എന്നാല്‍ 82ലെ കരുണകാരന്‍ മന്ത്രിസഭയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് മാണിയും, പിളളയും, ജോസഫും, ജേക്കബും അംഗങ്ങളായി. ഇതിന് ശേഷം നടന്ന 84ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജോസഫും മാണിയും ലയിച്ചു.എന്നാല്‍ ഇത് അധികകാലം നിണ്ടു നിന്നില്ല 87ലെ തെരഞ്ഞെടുപ്പിന് മുമ്പായി മാണിയും ജോസഫും പിളര്‍ന്നു. പിളള ജോസഫിനൊപ്പവും ജേക്കബ് മാണിക്കൊപ്പവും നിലകൊണ്ടു. 89ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പിളള ജോസഫിനെ കൈവിട്ട് പഴയ പിളള ഗ്രൂപ്പ് വിണ്ടും രൂപീകരിച്ചു. അതിങ്ങനെ വലിയൊരു ചരിത്രമായി വളര്‍ന്നും പിളര്‍ന്നും തുടരുന്നു. ഏറ്റവുമൊടുവില്‍ പി.സി. തോമസും, സ്‌കറിയ തോമസും പരസ്പരം പുറത്താക്കി പിളര്‍പ്പ് നാടകം തുടരുകയാണ്.
കെ.എം.ജോര്‍ജിനെ മാത്രമല്ല, മകന്‍ ഫ്രാന്‍സിസ് ജോര്‍ജനെയും
കേരള കോണ്‍ഗ്രസുകിലെ മാണി – ജോസഫ് വിഭാഗങ്ങലുടെ ലയനത്തിനുശേഷം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് കെ.എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സീസ് ജോര്‍ജിന് ലഭിക്കാന്‍ വഴി തെളിഞ്ഞിട്ടും മകന്‍ ജോസ് കെ.മാണിയോടുള്ള പരിലാളന മൂലം കോട്ടയം സീറ്റ് മതിയെന്ന നിലപാട് സ്വീകരിച്ചതിലൂടെ മാണി കെ.എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സീസ് ജോര്‍ജിനോടും അനീതി കാണിച്ചതായി പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നു. എന്തായാലും കേരള കോണ്‍ഗ്രസിന്റെ തുടക്കം മുതല്‍ ചതിയും അഴിമതിയും അതിനൊപ്പമുള്ളതാണ്. ചതി എന്നതിന് പിളര്‍പ്പ് എന്നൊരു ആദര്‍ശം നിറഞ്ഞ വാക്ക് ഉപയോഗിക്കുന്നുവെന്നുമാത്രം. ഏറ്റവുമൊടുവില്‍ മദ്യകച്ചവടക്കാരുടെ കൈയില്‍നിന്ന് പണം വാങ്ങിയെന്ന ആക്ഷേപം പാര്‍ട്ടിയുടെമേല്‍ വീണ തീരാകളങ്കമാണ്. കേരള കോണ്‍ഗ്രസ് അഴിമതിരഹിത ഭരണവും കര്‍ഷക ക്ഷേമവും ലക്ഷ്യമാക്കി രൂപപ്പെട്ട പ്രസ്ഥാനമാണെന്നും അതിന് ഇത്തരത്തില്‍ വിലകുറഞ്ഞ അഴിമതിയുടെ ഭാണ്ഡം പേറേണ്ടിവന്നത് നാണക്കേടാണെന്നുമുള്ള വാദം ശക്തമാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മാണി രാജിവെക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത് ഭരണം പോകരുതെന്ന ഏക അജണ്ടയുടെ ഭാഗമാണ്. മാണി മോശക്കാരനായാലും ഭരണത്തിന് കുഴപ്പമുണ്ടാകരുതെന്നാണ് കോണ്‍ഗ്രസിന്റെ മനോഗതി. പഴയ ജോസഫ് ഗ്രൂപ്പിലെയും സെക്കുലര്‍ വിഭാഗത്തിലെയും നേതാക്കള്‍ ഇത്തരത്തിലുള്ള വിയോജന വാദത്തിലുണ്ട്.
മാണിക്ക് വിനയായി കൊട്ടാരവിപ്ലവവും
കെ.എം.മാണിയ്ക്കുനേരേ അഴിമതിയാരോപണങ്ങള്‍ നിരന്തരം ഉയര്‍ന്നതോടെ പാര്‍ട്ടിക്കുള്ളില്‍ ഇതിനകം ഒരു തിരുത്തല്‍ ശക്തി രൂപപ്പെട്ടിട്ടുണ്ട്. അത് ഏതുദിശയിലേക്കു വളരുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ടെങ്കിലും. എന്തും വെട്ടിത്തുറന്നു പറയുന്ന പി.സി. ജോര്‍ജ് പോലുള്ളവരുടെ നിലപാടുകളെ ഈ വിഭാഗം അംഗീകരിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ഏറ്റവുമൊടുവില്‍ പാര്‍ട്ടിക്കുവേണ്ടി ഡെപ്യൂട്ടി സ്പീക്കര്‍ പദവിക്കായി അവകാശവാദമുന്നയിച്ചപ്പോഴും ഈ ചേരിതിരിവ് പ്രകടമായിരുന്നു.
ചീഫ് വിപ്പിന്റെ നിലപാടിനെ ഒരു വിഭാഗം തള്ളിയപ്പോള്‍ മറുവിഭാഗം അനുകൂലിക്കുന്നു. എന്നാല്‍ ജോര്‍ജിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ഇപ്പോള്‍ പാര്‍ട്ടി നിലപാടായി പുറത്തുവന്നിരിക്കുകയാണ്. എങ്കിലും വിലരിലെണ്ണാവുന്ന അംഗങ്ങളുടെ മാത്രം പിന്തുണയുള്ള സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട് എന്നുതന്നെയാണ് സൂചന.
കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെ അഭിപ്രായസംഘര്‍ഷങ്ങളും ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്. മകന്‍ ജോസ് കെ. മാണിക്കുമാത്രമായി എല്ലാത്തിന്റെയും പിന്തുടര്‍ച്ചാവകാശം നല്‍കുന്നതിലാണ് എതിര്‍പ്പ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ പ്രതിസന്ധിക്ക് പല തരത്തിലുള്ള ഫോര്‍മുലകള്‍ ഉരുത്തിരിഞ്ഞെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഏഴ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയജീവിതത്തില്‍ സൂര്യശോഭയോടെ നിലകൊണ്ട കെ.എം. മാണിയെന്ന പാലയുടെ മാണിക്യം ഇനി കുപ്പത്തൊട്ടിലിലേക്കു വീണാലും അതില്‍ അത്ഭുതപ്പെടാനില്ല എന്നാണ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തെ അടുത്തുപരിചയിചയമുള്ള ചിലരുടെ നിലപാട്. കാരണം കെ.എം. ജോര്‍ജും പി.ടി. ചാക്കോയും എല്ലാം സന്തോഷത്തോടെയല്ല അവരുടെ രാഷ്ട്രീയജീവിതത്തിന്റെ അവസാന നാളുകള്‍ പിന്നിട്ടത്. കാലം കാത്തുവച്ച ഈ അസന്തുഷ്ടി കെ.എം.മാണിയെ മാത്രം ഒഴിവാക്കും എന്നതിന് ഇപ്പോള്‍ കാരണങ്ങളൊന്നും കാണുന്നുമില്ല.