പ്രവാസികള്‍ക്കും വോട്ടവകാശം: തലയുയര്‍ത്തി ജനാധിപത്യ ഇന്ത്യ
ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നമ്മുടെ സ്വന്തം മയ്യഴിയിലും പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കാറുണ്ട്. കേരളത്തോടു തൊട്ടുരുമ്മിക്കിടക്കുന്ന മയ്യഴിയിലെ വിരലിലെണ്ണാവുന്ന ഫ്രഞ്ച് പൗരന്മാര്‍ക്ക് വോട്ടു ചെയ്യുന്നതിനു വേണ്ടിയാണിത്. ലോകത്തിലെ അതി സമ്പന്നരാജ്യങ്ങളിലൊന്നായിട്ടുപോലും അന്യനാട്ടിലെ സ്വന്തം പൗരന്മാര്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് പോലുള്ള സൗകര്യം ഒരുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന ബഹുമതിക്കിടയിലും പട്ടിണിക്കാരുടേയും പാമ്പാട്ടികളുടേയും നാടെന്ന് പാശ്ചാത്യലോകം വിധിയെഴുതിയ നമ്മുടെ സ്വന്തം ഇന്ത്യ അന്യനാട്ടില്‍ ജോലിചെയ്യുന്ന സ്വന്തം പൗരന്മാര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തു വോട്ടുചെയ്യുന്നതിനുള്ള അവസരം ഒരുക്കുകയാണ്. അതിന്റെ അവസാന നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചുകഴിഞ്ഞു. നിയമഭേദഗതിക്കായുള്ള കരട് ബില്‍ തയ്യാറാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിയതായി അഡീഷണല്‍ സോളിസിറ്ററ് ജനറല്‍ പിഎസ് നരസിംഹന്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അദ്ധ്യക്ഷനായ ബെഞ്ചിനെ അറിയിക്കുകയായിരുന്നു.
അതിസങ്കീര്‍ണ്ണമായ വിഷയമായതിനാല്‍ നിരവധി കാര്യങ്ങള്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. പ്രവാസി വോട്ടവകാശത്തിനായി ജനപ്രാതിനിത്യ നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളെപ്പറ്റിയുള്ള കരടു ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോട് വിയോജിച്ചത് ഈ സങ്കീര്‍ണതകളുടെ പേരിലാണ്. കരട് ബില്‍ പാസാക്കിയാല്‍ വലിയ വിഭാഗം പ്രവാസികള്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്താകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കണക്കിലെടുത്ത കേന്ദ്രസര്‍ക്കാര്‍ പുതിയ കരട് ബില്‍ തയ്യാറാക്കി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്നും പി.എസ് നരസിംഹ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സ്ഥിതിക്ക് കേസ് തുടരണമോ എന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ ചോദ്യത്തിന് കേസ് തുടരേണ്ടതുണ്ടെന്നും കാര്യങ്ങള്‍ വേഗത്തില്‍ നടക്കാന്‍ കോടതിയുടെ പ്രയത്‌നം കൂടി ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് അതാതു രാജ്യങ്ങളില്‍ ഇരുന്ന് സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്തുന്ന സമ്പ്രദായം നടപ്പാക്കാന്‍ പ്രയാസകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലെ ആശയക്കുഴപ്പം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും കമ്മീഷന്‍ അറിയിച്ചു.
എന്തായാലും പ്രവാസി വോട്ടവകാശം സംബന്ധിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി ഒന്നരമാസത്തെ സമയം നല്‍കിയിട്ടുണ്ട്. അതിനിടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന ഖ്യാതിയുള്ള ഇന്ത്യ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള തങ്ങളുടെ പൗരന്മാരുടെ വലിയൊരു ആവശ്യം സഫലീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രവാസി വോട്ടവകാശത്തിനു പിന്നില്‍ മലയാളി കരുത്ത്
ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന് കേളികൊട്ടുണരുമ്പോള്‍ പ്രവാസി സമൂഹവും അതിനൊപ്പം സഞ്ചരിക്കും എന്നത് ചരിത്രസത്യമാണ്. ആദ്യകാലത്ത് പത്രങ്ങളിലൂടെയും റേഡിയോയിലൂടെയും പിന്നീട് ടെലിവിഷന്‍ ചാനലുകളിലൂടെയും നാട്ടിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അറിഞ്ഞിരുന്ന പ്രവാസികള്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ വളരെയെളുപ്പമാണ്. നവസാമൂഹ്യമാധ്യമങ്ങളുടെ കലവറയില്ലാത്ത പിന്തുണ കൂടിയായതോടെ അന്യരാജ്യത്തു നിന്നാണെങ്കിലും ഇപ്പോള്‍ നാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് ആണ്ടിറങ്ങാന്‍ അവര്‍ക്കു കഴിയുമായിരുന്നു. എങ്കിലും വോട്ടവകാശമില്ലാത്തതിനാല്‍ തങ്ങള്‍ രണ്ടാംതരം പൗരന്മാരാണെന്ന അപകര്‍ഷതാബോധം പല പ്രവാസികളെയും അലട്ടിയിരുന്നു. അര്‍ഹതപ്പെട്ട പല ആവശ്യങ്ങളോടും നിഷ്‌ക്രിയത്വം പാലിക്കുന്ന അധികൃതരുടെ മനോഭാവം തങ്ങള്‍ക്കു വോട്ടവകാശം ലഭിക്കുന്നതോടെ മാത്രമേ ഇല്ലാതാകൂവെന്നും് അവര്‍ വിശ്വസിച്ചു. ഇതേത്തുടര്‍ന്നാണ് ഗള്‍ഫിലെ ഏതാനും പ്രവാസി മലയാളികള്‍ വോട്ടവകാശത്തിനുവേണ്ടി നിയമപോരാട്ടത്തിന് ഇറങ്ങിയത്.
നാട്ടിലെ എല്ലാവിധ പ്രശ്‌നങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കുന്ന അവര്‍ ശരീരം കൊണ്ട് മറുനാട്ടിലാണെങ്കിലും മനസുകൊണ്ട് എക്കാലവും ഇവിടെത്തന്നെയായിരുന്നു. പ്രവാസികള്‍ക്കു വോട്ടവകാശം നിഷേധിക്കുന്നത് ഭരണഘടനാലംഘനമാണെന്നു ചൂണ്ടിക്കാണിച്ച് യുഎഇയിലെ പ്രമുഖ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ്, വിഷയത്തെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മിഷനെ നിയോഗിച്ചത്. ഏതാണ്ട് മൂന്നുകോടിയോളം ഇന്ത്യക്കാരാണ് രാജ്യത്തിനു പുറത്തുള്ളത്. ഇവരെല്ലാം നാട്ടിലെത്തി വോട്ടെടുപ്പില്‍ പങ്കെടുക്കുകയെന്നത് അസാധ്യമാണ്. ലോകത്തിലെ 114 രാജ്യങ്ങളില്‍ പ്രവാസി വോട്ട് അനുദിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയിലെ വിവിധ വകുപ്പുകള്‍ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ നിരത്തി പ്രവാസിവോട്ട് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ധനം, നിയമം, പ്രവാസികാര്യം, വിദേശകാര്യം, ആഭ്യന്തരം എന്നീ വകുപ്പുകള്‍ വോട്ട് സംബന്ധിച്ച് വ്യത്യസ്ത നിലപാടുകളിലാണ്. വര്‍ഷങ്ങളായുള്ള കടുംപിടിത്തത്തിന് അയവു വന്നത് 2010 ല്‍ ഡല്‍ഹിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വോട്ടവകാശം പ്രഖ്യാപിച്ചതോടെയാണ്. പുതുക്കിയ വോട്ടര്‍പട്ടികയില്‍ പ്രവാസികളുടെ പേര് അച്ചടിച്ചുവന്നു. എന്നാല്‍ തെരഞ്ഞെടുപ്പു കാലത്ത് നാട്ടിലെത്തി വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ തയാറായത് 12,000 പേര്‍ മാത്രം. അവരില്‍ അധികവും ഗള്‍ഫ് മലയാളികളുമാണ്.
എന്തായാലും ഇതിനിടെയിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നിയമപോരാട്ടം തുടര്‍ന്നു. അതാണ് ഇപ്പോള്‍ സുപ്രധാന വഴിത്തിരിവിലെത്തിയത്. ഇവോട്ടിംഗ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതോടെ പ്രവാസികള്‍ക്കു തങ്ങളുടെ ജനാധിപത്യ അവകാശം ഫലപ്രദമായി വിനിയോഗിക്കാനാകുമെന്ന് പ്രതീക്ഷിക്കാം.