സിനഡില്‍ താടിതടവി ഗൗരവുമുള്ള ചര്‍ച്ച: പുറത്ത് താടി മത്സരം! കര്‍ദ്ദിനാള്‍ ക്ലീമീസ് ബാവ രണ്ടാമത്


വത്തിക്കാന്‍: ആഗോളകത്തോലിക്ക സഭയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ നടന്ന സിനഡില്‍ പതിവില്ലാത്ത വണ്ണം അസാധാരണ സംഭവങ്ങള്‍. സഭാകാര്യങ്ങളിലേക്കുറിച്ച് അകത്ത് ഗൗരവപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പുറത്ത് നടന്ന ഒരു മത്സരമാണ് ഇതില്‍ ആദ്യത്തേത്. സിനഡിലെ പിതാക്കന്‍മാരില്‍ പലരും താടി നീട്ടിയവരാണ്. ഇതില്‍ ആരുടെ താടിയാണ് മികച്ചതെന്നായിരുന്നു. കത്തോലിക്ക ന്യൂസ് ഏജന്‍സിയാണ് സിനഡിനിടയ്ക്ക് താടിമത്സരം നടത്തിയത്.

ഒടുവില്‍ മികച്ച താടിക്കാരനായി ഹംഗറിയന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ഫുള്ളോപ്പിനെ തിരഞ്ഞെടുത്തു. സി.ബി.സി.ഐ.യുെടയും കെ.സി.ബി.സി.യുടെയും തലവനായ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് ബാവയാണ് റണ്ണേഴ്‌സ് അപ്പായത്. ആദ്യ നാല് സ്ഥാനക്കാരുടെ പേരും ചിത്രവും തങ്ങളുടെ വെബ്‌സൈറ്റിലിട്ട ന്യൂസ് ഏജന്‍സി വായനക്കാര്‍ക്കിഷ്ടപ്പെട്ട താടിക്കാരെ നിര്‍ദ്ദേശിക്കാനും അവസരം നല്‍കിയിട്ടുണ്ട്.

അതേസമയം സഭയുമായി ബന്ധപ്പെട്ട അഴിമതികളുടെയും വിവാദങ്ങളുടെയും പേരില്‍ താന്‍ മാപ്പ് ചോദിക്കുന്നതായി ഫ്രാന്‍സിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ കുര്‍ബാന പ്രസംഗത്തില്‍ പറഞ്ഞു. ഭരണതലത്തില്‍ സഭയിലുണ്ടായിട്ടുള്ള പ്രതസന്ധികളില്‍ താന്‍ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു. സിനഡിന് പുറത്ത് മാര്‍പാപ്പ പ്രസംഗിച്ച കാര്യങ്ങള്‍ക്ക് സിനഡുമായി ബന്ധമില്ലെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ പിന്നീട് വിശദീകരിച്ചു. ഇത് സിനഡില്‍ കടുത്ത ഭിന്നതയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് കാരണമായി.

എന്നാല്‍ സിനഡില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് നിഷേധിച്ചു. സത്യത്തിലേക്കുള്ള അന്വേഷണമാണ് സിനഡിലെ ചര്‍ച്ചകള്‍. ദൈവഹിതം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കപ്പെടേണ്ടിവരുന്നത് സ്വാഭാവികമാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് കര്‍ദ്ദിനാള്‍ പ്രതികരിച്ചത്. അതേസമയം സിനഡിന്റെ നടപടിക്രമങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി 13 പിതാക്കന്‍മാര്‍ പാപ്പയ്ക്ക് നല്‍കിയ കത്ത് പുറത്തായത് സിനഡില്‍ ചര്‍ച്ചയായി. പാപ്പ ഇതില്‍ തന്റെ ദുഃഖം പ്രകടിപ്പിച്ചതായാണ് സൂചന. വത്തിക്കാന്‍ വിശ്വാസ കാര്യാലയ തലവന്‍ കര്‍ദ്ദിനാള്‍ ഗെഹാദ് മുള്ളര്‍, കത്ത് ചോര്‍ന്നത് നിര്‍ഭാഗ്യകരമായി പോയെന്ന് നേരത്തെ പ്രതികരിച്ചിരുന്നു.

സിനഡിലെ പത്തും പതിനൊന്നും പൊതുകൂട്ടായ്മകള്‍ വ്യാഴാഴ്ച നടന്നു. ഗ്രൂപ്പുകളായി നടന്ന ചര്‍ച്ചകളുടെ വെളിച്ചത്തില്‍ സിനഡിന്റെ പ്രവര്‍ത്തന രേഖയെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. വിവാഹ ഒരുക്കം, കുടുംബം നേരിടുന്ന വെല്ലുവിളികള്‍, ദത്തെടുക്കല്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ചകള്‍.