തെരുവ് നായകള്‍ക്കെതിരേ ചിറ്റിലപ്പള്ളിയുടെ നിരാഹാരം; വേദി നിറച്ചത് 200 രൂപ കൂലിക്ക് വന്ന ബംഗാളികള്‍: കൊച്ചൗസേപ്പിനെതിരേ അരയ്ക്കു താഴേ തളര്‍ന്ന വിജേഷിന്റെ പ്രതിഷേധവും
കൊച്ചി: തെരുവ്നായ ശല്യത്തിനെതിരേ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നടത്തിയ നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ ആളില്ലാതെ വന്നതോടെ ബംഗാളികളെ ഇറക്കി വേദി നിറച്ചു. 200 രൂപ വേതനം നല്‍കിയാണ് നിരാഹ വേദിയിലേക്ക് ബംഗാളികളെ എത്തിച്ചത്. പരിപാടി തുടങ്ങുമ്പോള്‍ ചിറ്റിലപ്പള്ളിയും ഏതാനും പേരും മാത്രമേ മറൈന്‍ഡ്രൈവില്‍ ഉണ്ടായിരുന്നുള്ളൂ. ഇതോടെയാണ് ആളെ കൂട്ടാന്‍ പണം നല്കി ബംഗാളികളെ രംഗത്തിറക്കിയത്.
പരിപാടി തുടങ്ങിയതോടെ ഒറ്റയും പെട്ടയുമായി പിന്തുണക്കാര് എത്തി. അച്ചടി ദൃശ്യമാധ്യമങ്ങളുടെ കാമറകള്‍ എത്തിയതോടെ ബംഗാളികളെ സദസില്‍ നിന്നും പറഞ്ഞയക്കുകയായിരുന്നു. ഇതിനിടെ ചില ചാനലുകളും പത്രഫോട്ടോഗ്രാഫര്‍മാരും ബംഗാളികളുടെ ചിത്രങ്ങള്‍ പകര്‍ത്തി. 200 രൂപ കൂലി വാങ്ങിയാണ് പണിക്കെത്തിയതെന്ന് ബാംഗാളി തൊഴിലാളികള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ബംഗാളികള്‍ സ്ഥലം വിട്ടതോടെയാണ് ചിറ്റിലപ്പള്ളിക്കെതിരേ വീഗാലാന്‍ഡിലെ ഉല്ലാസ റെയ്ഡിനിടെ വീണു പരുക്കേറ്റ വിജേഷ് വിജയന്റെ പ്രതിഷേധവും അരങ്ങേറിയത്. തെരുവ്നായ്ക്കളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പളളി കൊച്ചിയില്‍ ഏകദിന നിരാഹാര സമരം തുടങ്ങിയത്. നാളെ രാവിലെ പത്തുവരെയാണ് സൂചന സമരം.
മറൈന്‍ ഡ്രൈവില്‍ സജ്ജീകരിച്ച പ്രത്യേക വേദിയില്‍ രാവിലെ പത്തു മണിയോടെയാണ് വി. ഗാര്‍ഡ് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പളളി 24 മണിക്കൂര്‍ സൂചനാ നിരാഹാര സമരത്തിന് തുടക്കമിട്ടത്. ഇതിനിടെയാണ് വേദിയിലേക്ക് പ്രതിഷേധവുമായി തൃശൂര്‍ സ്വദേശി വിജേഷ് വിജയന് വേദിയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. വീഗാ ലാന്‍ഡില്‍ ഉല്ലാസ റെയ്ഡിനിടെ വീണ് പരുക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്നു പോയ യുവാവാണ് വിജേഷ് വിജയന്.
വിജേഷ് പ്രതിഷേധവുമായി വേദിയിലേക്ക് വന്നത് ചിറ്റിലപ്പള്ളിയുടെ അനുയായികള്‍ തടയാന്‍ ശ്രമിച്ചത് തര്‍ക്കത്തിനിടയാക്കി. കൊച്ചൗസേപ്പ് ചിറ്റിലപ്പളളി ഒരു ചികിത്സാ സഹായവും നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു വിജേഷിന്റെ പ്രതിഷേധം. സാമൂഹ്യപ്രവര്‍ത്തകരുടെയും സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് ചിറ്റിലപ്പള്ളി സമരം നടത്തുന്നത്. തെരുവ് നായകളെ കൂട്ടിലടക്കാനും നിയന്ത്രിക്കാനും സര്‍ക്കാര്‍ നടപടികളെടുക്കണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പളളി പറഞ്ഞു. ചടങ്ങില്‍ ചിറ്റിലപ്പളളിക്ക് പിന്തുണയുമായി ഭാര്യ ഷീല, സാമൂഹ്യപ്രവര്‍ത്തക ഉഷ പ്രേമന് എന്നിവര്‍ ഉുള്പ്പെടെയുളളവരും രംഗത്തെത്തി.