നവ മാധ്യമങ്ങള്‍ നന്മയുടെയും സത്യത്തിന്റെയും വാഹകര്‍ കൂടിയാകണം
പരമ്പരാഗത മാധ്യമങ്ങളെ വെല്ലുവിളിച്ച് കെട്ടിലും മട്ടിലും വിപണനത്തിലും കുതിക്കുന്ന നവ മാധ്യമങ്ങള്‍ നവധാരാ മാധ്യമങ്ങളാകാതെ ചിലപ്പോഴെക്കെ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നശിപ്പിക്കുകയും തകരാറിലാക്കുകയും ചെയ്യുന്ന അപകടക്കാരിയായ വൈറസുകളെപോലെ ആയി തീരാറുണ്ട്.
ആധുനീക പത്രപ്രവര്‍ത്തനത്തെക്കുറിച്ച് വളരെ കുറച്ചു മാത്രമേ എഴുതി കാണുന്നുള്ളൂ. എന്നാല്‍ മനുഷ്യജീവിതം മാധ്യമങ്ങളാല്‍ ഏറെ സ്വാധീനിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്നത്തെ തലമുറ കടന്നു പോകുന്നത്. കുത്തക മാധ്യമങ്ങളും മുത്തശ്ശി പത്രങ്ങളും ചാനലുകളും അടക്കി പിടിച്ചിരുന്ന ചില മേഖലകള്‍, ഒതുക്കി തീര്‍ക്കുന്ന മറ്റു ചില വാര്‍ത്തകള്‍ ഇന്ന് മുമ്പ് എന്നത്തെക്കാളും സാമൂഹ്യ സമ്പര്‍ക്കമാധ്യമങ്ങളില്‍ കൂടി പുറത്ത് വന്നു തുടങ്ങി. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ നവ മാധ്യമങ്ങള്‍ ശ്രദ്ധേയമായികൊണ്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്. അതുകൊണ്ട് തന്നെ വമ്പന്‍ മാധ്യമങ്ങള്‍ പോലും അല്പം കരുതലോടെ നീങ്ങുന്ന ഒരു സ്ഥിതിവിശേഷം ഉടലെടുക്കുന്നത് മാധ്യമ ലോകത്തെ നവോത്ഥാന സാധ്യതകളുടെ തുടക്കമാണ് എന്ന് വേണം അനുമാനിക്കാന്‍.
ഇന്റര്‍നെറ്റിന്റെ വ്യാപനം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗും ഓണ്‍ലൈന്‍ വായനയും അതിവേഗം ബഹുദൂരം പോലെ ദ്രുദഗതിയിലാക്കിയട്ടുണ്ട്. മനുഷ്യന്റെ മൂല്യങ്ങളും നന്മയും സത്യവും എല്ലാം ആധുനീക മാധ്യമത്തിന്റെ, പ്രത്യേകിച്ച് ഡിജിറ്റല്‍ മാധ്യമങ്ങളുടെ പിടിയിലേയ്ക്ക് വഴുതിപോയികൊണ്ടിരിക്കുന്നു. ചില അവസരങ്ങളില്‍ അത് എല്ലാ സീമകളും ലംഘിച്ചു മനുഷ്യനെ തന്നെ ചവിട്ടി മെതിച്ചു കൊണ്ടുമിരിക്കുന്നു.
പരമ്പരാഗത മാധ്യമങ്ങളെ വെല്ലുവിളിച്ച് കെട്ടിലും മട്ടിലും വിപണനത്തിലും കുതിക്കുന്ന നവ മാധ്യമങ്ങള്‍ നവധാരാ മാധ്യമങ്ങളാകാതെ ചിലപ്പോഴെക്കെ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നശിപ്പിക്കുകയും തകരാറിലാക്കുകയും ചെയ്യുന്ന അപകടക്കാരിയായ വൈറസുകളെപോലെ ആയി തീരാറുണ്ട്. അതിന്റെ ചില ഉദാഹരങ്ങളാണ് വിദേശത്തും നിന്നും അപ്‌ഡേറ്റ് ചെയ്യുന്ന ചില മലയാളം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ ദിവസങ്ങളില്‍ ചെയ്യുന്നത്. സ്വന്തം രാജ്യത്ത് നിന്ന് അകന്നിരിക്കുമ്പോള്‍ തോന്നാവുന്ന ചില തിരുത്തലകള്‍, അല്ലെങ്കില്‍ ഒറ്റ രാത്രികൊണ്ട് സ്വന്തം നാട് നന്നാക്കാമെന്ന വ്യാമോഹം, അതുമല്ലെങ്കില്‍ നാട്ടിലെ ഏതു വ്യക്തിയെയും പ്രസ്ഥാനത്തെയും കടന്നാക്രമിക്കുക, വൃത്തികേടുകള്‍ എഴുതിപ്പിടിപ്പിക്കുക. നന്മയും വ്യക്തിവൈശിഷ്ട്യവും സത്യസന്ധതയും ഇല്ലാത്ത കപടമുഖങ്ങള്‍ ഇത്തരം ഓണ്‍ലൈന്‍ മേഖലയില്‍ എത്തിപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഒരുതരം ഊറ്റം കൊള്ളലാണിത് അല്പ്പായുസ് മാത്രമാണതിന്. ഓന്ത് ഓടിയാല്‍ വേലിവരെ എന്നത് അന്വര്‍ഥമാക്കാന്‍ വേണ്ടിയുള്ള ചെറുകൂട്ടയോട്ടങ്ങള്‍.
കഴിഞ്ഞ കുറേകാലമായി യുറോപ്പിലും യുകെയിലും നടന്നു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഫേസ്ബുക്ക്, ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടല്‍ തുടങ്ങിയ മീഡിയം ഉപയോഗിച്ച് അദ്ധ്യാത്മികതയെയും അത് പ്രഘോഷിക്കുന്നവരെയും എന്തിന് കേരളത്തിലെ മന്ത്രിമാരെ വരെ പുലഭ്യംപറയുക, അത് ആരെങ്കിലും ചോദിക്കാന്‍ ഒരുമ്പെട്ടാല്‍ അവരെ ചെറുകൂട്ടമായി വന്ന് ഭര്‍ത്സിക്കാന്‍ ശ്രമിക്കുക, ഇതൊക്കെയാണ് കുട്ടിപത്രങ്ങളുടെ ലോകത്തെ ബൗദ്ധിക വിനോദങ്ങള്‍. ഒടുവില്‍ പറഞ്ഞതും പിന്‍വലിച്ച് ഫേസ്ബുക്കിലെ പോസ്റ്റും നീക്കം ചെയ്ത് സ്വയം ഇളിഭ്യരായി ഒളിച്ചുകളി നടത്തുക. ഇതാണോ നവ മാധ്യമങ്ങളും അതിന്റെ ഉപഭോക്താക്കളും ചെയ്യേണ്ടത്? ഇങ്ങനെയാണോ പ്രാദേശികമായി വാര്‍ത്തകള്‍ നല്കി സമൂഹത്തെ സ്വാധീനിക്കേണ്ടത്?
നല്ലൊരു ശതമാനം മുഖ്യാധാര മാധ്യമങ്ങള്‍ ആദര്‍ശപ്രേരിതമായ വാര്‍ത്തകളില്‍ നിന്നും വ്യതിചലിച്ച് വന്‍വ്യവസായമായി മാറിയപ്പോള്‍ സാധാരണക്കാരന്റെ ശബ്ദമാകാന്‍ നവ മാധ്യമങ്ങള്‍ ശ്രമിക്കുകയല്ലെ വേണ്ടത്? വാര്‍ത്തകളുടെ കച്ചവടവല്ക്കരണം മാഫിയ മാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ കുട്ടി മാധ്യമങ്ങളും ശക്തിയാര്‍ജ്ജിക്കാന്‍ സൂത്രങ്ങളുമായി എത്തി. എന്തിനുവേണ്ടി നിലകൊള്ളുന്നുവെന്നോ എന്താണ് ചെയ്യുന്നതെന്നോ അറിയാതെ അസംബന്ധങ്ങളുടെ കൂത്തരങ്ങായി അത്തരം മാധ്യമങ്ങളും അധപതിക്കാന്‍ തുടങ്ങി. എന്ത് വിശ്വസിക്കണമെന്നോ ഏതാണ് വായിക്കേണ്ടതെന്നോ തിരിച്ചറിയാന്‍ ഉള്ള സമയം പോലും ഇത്തരം മാധ്യമങ്ങള്‍ അതിക്രമിച്ചു കീഴടക്കുന്നു. വ്യക്തികളുടെ മാത്രമല്ല സമൂഹത്തിന്റെ കൂടി തകര്‍ച്ച തന്നെയാണത്.
ഫ്രാന്‍സിസ് മാര്‍പാപ്പ സൈബര്‍ ലോകത്തിലും നല്ല സമരിയാക്കാരുണ്ടാകണമെന്ന് ലോകമാധ്യമദിന സന്ദേശത്തില്‍ പറഞ്ഞത് ശ്രദ്ധേയമാണ്. വ്യക്തികള്‍ തമ്മില്‍ അടുക്കുമ്പോഴാണ് മാധ്യമങ്ങളുടെ മഹത്വം വര്‍ദ്ധിക്കുന്നതെന്നും പരസ്പരം ശ്രവിക്കാനും അപരനില്‍ നിന്നു പഠിക്കാനും സന്നദ്ധരായെങ്കില്‍മാത്രമേ മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളെ മാധ്യമങ്ങള്‍ക്ക് മറികടക്കാന്‍ സാധിക്കൂവെന്ന് അദ്ദേഹം പ്രസ്താവിച്ചു. ചിന്തിക്കാനും, കൃത്യമായി സ്വയം പ്രകടിപ്പിക്കാനും അനുവദിക്കാത്തത്ര വേഗതയില്‍ സഞ്ചരിക്കുന്ന ഇന്നത്തെ മാധ്യമ ലോകത്തിന് അമ്പരപ്പിക്കുന്ന കരുത്തുണ്ട്. വളര്‍ത്താനോ, മനുഷ്യന്റെ ദിശാബോധം തെറ്റിക്കാനോ മാധ്യമങ്ങള്‍ക്കു സാധിക്കും. എന്നാല്‍, മാധ്യമ ലോകത്ത് പതിയിരിക്കുന്ന അത്തരം അപകടങ്ങളെ ഭയന്ന് മനുഷ്യര്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളടക്കമുള്ള മാധ്യമങ്ങളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതില്ലന്നും യഥാര്‍ത്ഥ ആശയസംവേദനം സാങ്കേതികമല്ല, മാനുഷികമാണെന്ന ബോധ്യത്തോടെ സമ്പര്‍ക്ക മാധ്യമലോകത്ത് വ്യാപരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെല്ലും ബ്രേക്കും ഇല്ലാതെ പോകുന്ന വാഹനങ്ങള്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്നതുപോലെ മാധ്യമങ്ങള്‍ യാത്ര തുടരുന്നത് പരിതാപകരമാണ്. പരിധിയും പരിമിതികളും നിശ്ചയിച്ചു മുന്നേറുക. ആധികാരികത വെളിവാക്കുന്ന സന്ദേശങ്ങള്‍ കൈമാറാന്‍ ശ്രമിക്കുക. അംഗികൃതമായ ചില വസ്തുതാപരിശോധനയും മാനദണ്ഡങ്ങളും ഉപയോഗിക്കുക. അപ്പോള്‍ നല്കുന്ന വിവരത്തിന് വിലയേറും. അല്ലെങ്കില്‍ അവ പരിതപിക്കാന്‍ പോലും വക നല്കാത്ത ജല്പനങ്ങളായി മാറും. നമ്മുടെ സമൂഹത്തിന് തന്നെ തീരാകളങ്കമായി മാറും. ഒരു കാര്യം വ്യക്തമാക്കട്ടെ, വ്യക്തിയായാലും, ചെറുകൂട്ടമായാലും, സാമൂഹ്യ സ്ഥാപനങ്ങളോ എന്തുമായികൊള്ളട്ടെ, സത്യസന്ധമല്ലാതാകുമ്പോള്‍ അത് മറ നീക്കി പുറത്ത് വരേണ്ടത് സാധാരണക്കാരന്റെ ആവശ്യമാണ്. മലയാളി വിഷന്‍ പക്ഷം ചേരുന്നതും ഈ ആവശ്യ നിവാരണത്തിന് വേണ്ടിയാണ്. നന്മയ്ക്കും നീതിയ്ക്കും വേണ്ടിയുള്ള നിലവിളി മലയാളി വിഷന്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും.