പ്രവാസ ലോകത്ത് ഒരുമയുടെ സ്വരമാകാന്‍ പ്രവാസി മലയാളി ഫെഡറേഷന്റെ ദ്വിദിന ഗ്ലോബല്‍ കോണ്‍ഫറന്‍സ് വിയന്നയില്‍
വിയന്ന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളി സമൂഹത്തില്‍ ഇന്ന് പ്രാദേശികമായും, ആഗോളമായിട്ടും സംഘടനകള്‍ നിരവധിയാണ്. എന്നാല്‍ ജാതിമത, രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് അധീനമായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനകളാണ് ജനമനസ്സില്‍ പ്രതിഷ്ഠ നേടുന്നതും നിലനില്‍ക്കുന്നതും. അവിടെയാണ് പ്രവാസികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്.) മുന്നേറ്റം.
ജാതിമത, രാഷ്ട്രീയ വിഘടന വാദങ്ങള്‍ക്ക് അവസരം നല്‍കാതെ എല്ലാ തുറകളിലുമുള്ള പ്രവാസി മലയാളികളെയും ഒരു കുടക്കീഴില്‍ അണിനിരത്തി പ്രവര്‍ത്തനം ആരംഭിച്ച പ്രവാസി മലയാളി ഫെഡറേഷന്റെ നാലാമത് ഗ്ലോബല്‍ കോണ്ഫറന്‍സും ബിസിനസ്സ് മീറ്റും ഈ വര്‍ഷം ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ നടക്കും. 2016 സെപ്റ്റംബര്‍ 2, 3 തീയതികളിലായിട്ടാണ് ദ്വിദിന സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
കോണ്‍ഫെറെന്‍സിന്റെ ആദ്യ ദിവസമായ സെപ്റ്റംബര്‍ രണ്ടാം തിയതി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രമുഖ ബിസിനസ് എക്‌സിക്യൂട്ടീവുകള്‍ പങ്കെടുക്കുന്ന മീറ്റും തുടര്‍ന്ന് വനിതകളുടെയും, യുവജനങ്ങളുടെയും ചര്‍ച്ചാവേദിയും, സിമ്പോസിയവും സംഘടിപ്പിക്കും. രണ്ടാം ദിനം പൊതുസമ്മേളനം നടക്കും. കേരളത്തില്‍ നിന്നെത്തുന്ന പ്രമുഖ കലാകാരന്മാരുടെ ഓണനിലാവ് 2016 എന്നു പേരിട്ടിരിക്കുന്ന മെഗാ സ്‌റ്റേജ് ഷോ സമ്മേളനത്തിന്റെ ഒരു പ്രധാന ആകര്‍ഷണമായിരിക്കും. ഓസ്ട്രിയുടെ വിദേശകാര്യമന്ത്രി, ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡര്‍, ഓസ്ട്രിയയിലും കേരളത്തിലും നിന്നുള്ള രാഷ്ട്രീയ സാംസ്‌ക്കാരിക സാമുദായിക നേതാക്കന്‍മാരടക്കം നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ചുരുങ്ങിയ സമയം കൊണ്ടു പ്രവാസ ലോകത്ത് നിറസാന്നിധ്യമായ സംഘടനയുടെ പ്രവര്‍ത്തകര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും സമ്മേളനത്തിനായി എത്തിച്ചേരും. പി.എം.എഫ്. ഓസ്ട്രിയന്‍ യുണിറ്റിന്റെ നേതൃത്വത്തില്‍ പി.എം.എഫ് യൂറോപ്പ് റീജിയനും, പി.എം.എഫ്. ഗ്ലോബല്‍ കമ്മിറ്റിയും സംയുക്തമായിട്ടാണ് ആഗോള സമ്മേളനത്തിന് ഒരുക്കങ്ങള്‍ നടത്തുന്നത്. സ്വാമി ഗുരുരത്‌നം മുഖ്യരക്ഷാധികാരിയായ സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഓസ്ട്രിയന്‍ യുണിറ്റ് പ്രസിഡന്റ് ജോര്‍ജ് പടിക്കക്കുടി, സെക്രട്ടറി ഷിന്റോ ജോസ് അക്കര, യൂറോപ്യന്‍ റീജിയന്‍ ചെയര്‍മാന്‍ കുര്യന്‍ മനയാനിപ്പുറത്ത്, പ്രസിഡന്റ് ജോഷിമോന്‍ എര്‍ണാകേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. സമ്മേളനത്തിന്റെ ഭാഗമാകാന്‍ ഏവരെയും സംഘാടകര്‍ ക്ഷണിച്ചു.
വിശദ വിവരങ്ങള്‍ക്ക്:
Email: pmfglobalcontact@gmail.com
Website: www.pravasimalayali.org