പട്ടാളത്തെക്കൊണ്ടു പാര്‍ട്ടി രാഷ്ട്രീയം കളിക്കണോ?

ജി. അയ്യനേത്ത്

indian-army
ഇന്ത്യയോടുള്ള പകയുടെ വികാരമുണര്‍ത്തി പാക്കിസ്ഥാനില്‍ പട്ടാളം വളരുന്നു. പാക്കിസ്ഥാനോടുള്ള പകയുടെ വികാരമുണര്‍ത്തി ഇന്ത്യയില്‍ ചില പാര്‍ട്ടികള്‍ വളരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഈ രാഷ്ട്രീയതന്ത്രത്തെ കണക്കിലെടുത്തുകൊണ്ടുവേണം ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തെ വിലയിരുത്താന്‍. ബിജെപിയും ശിവസേനയും പോലുള്ള പാര്‍ട്ടികളുടെ വളര്‍ച്ചയിലും നിലനില്പിലും ഈ രാഷ്ട്രീയ തന്ത്രത്തിന്റെ സംഭാവന വലുതാണ്.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ പറഞ്ഞതൊക്കെ വിഴുങ്ങി പത്തിമടക്കി പക്വതയുള്ള ഭരണപക്ഷമാകാനുള്ള ശ്രമത്തിലാണു ബിജെപി. പാക്കിസ്ഥാനെ പട്ടാളത്തെക്കൊണ്ടു പാഠം പഠിപ്പിക്കേണ്ടതിനുപകരം പ്രേമലേഖനങ്ങളെഴുതി ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയെ പരിഹസിച്ചു വോട്ടുനേടിയ ബിജെപി ഇപ്പോള്‍ യുദ്ധമൊഴിവാക്കി മുഖം രക്ഷിക്കാന്‍ പെടാപ്പാടുപെടുന്നതു കാണുമ്പോള്‍ പരിഹസിക്കാതിരിക്കാനാവുമോ? ഒപ്പം സന്തോഷവുമുണ്ട്. യുദ്ധം ഒഴിവാക്കിയതിലുള്ള സന്തോഷമാണ്. യുദ്ധക്കൊതിയന്മാരല്ലാത്ത പക്വതയുള്ള പാര്‍ട്ടിയായി വളരാനുള്ള ബിജെപിയുടെ ശ്രമത്തിലുള്ള സന്തോഷം. യുദ്ധമുണ്ടായാല്‍ സാമ്പത്തികമായും രാഷ്ട്രീയമായും നശിച്ചുകിടക്കുന്ന പാക്കിസ്ഥാന് അതു പല നഷ്ടങ്ങളില്‍ ഒരു നഷ്ടം എന്നേയുള്ളു. ഇന്ത്യക്കാകട്ടെ നഷ്ടപ്പെടാന്‍ പലതുമുണ്ട്.

ആഗോളതലത്തില്‍ സാമ്പത്തികശക്തിയായി വളരെവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യ. യുദ്ധം ഇന്ത്യയിലെ വിദേശ നിക്ഷേപങ്ങളെ വളരെ ദോഷകരമായി ബാധിക്കും.

ഉത്തരവാദിത്വമുള്ളതും പക്വവുമായ ജനാധിപത്യ രാജ്യം എന്നുള്ള ഇന്ത്യയുടെ മുഖച്ഛായ തകര്‍ക്കും. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമൂല്യങ്ങളെയും നമ്മുടെ അവകാശങ്ങളെയും മേല്‍ക്കോയ്മയേയുമെല്ലാം അതു സാരമായി ബാധിക്കും. ബിജെപിക്കാകട്ടെ യുദ്ധം സ്വദേശീയരില്‍ അടിച്ചേല്‍പ്പിക്കുന്ന വിലവര്‍ധനയുടെ പ്രതിഷേധാഗ്‌നിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുമില്ല. രാഷ്ട്രതന്ത്രജ്ഞന്മാര്‍ ഓതിക്കൊടുത്ത ഈ അപകടങ്ങളുടെ തിരിച്ചറിവാകാം ബിജെപിയെയും പ്രേമലേഖനങ്ങളിലേക്കു പിന്തിരിയാന്‍ പ്രേരിപ്പിച്ചത്. പ്രേരണ എന്തുമാകട്ടെ, യുദ്ധം ഒഴിവാകുന്നതില്‍ ഭൂരിപക്ഷം ഇന്ത്യക്കാരും സന്തോഷിക്കുന്നു.

യുദ്ധമൊഴിവായാലും പാക്കിസ്ഥാനെ പട്ടാളനടപടികൊണ്ട് പാഠം പഠിപ്പിക്കാന്‍ വെമ്പിനില്‍ക്കുന്ന യുദ്ധക്കൊതിയന്മാരുടെ പാര്‍ട്ടിയെന്ന മുഖച്ഛായ അങ്ങനെ പെട്ടെന്ന് ഒഴിവാക്കാന്‍ ബിജെപിക്കു കഴിയില്ലല്ലോ. കാരണം, ആ മുഖച്ഛായയും ഉപയോഗിച്ചാണല്ലോ വോട്ടുപിടിച്ചത്. യുദ്ധമൊഴിവാക്കുകയും വേണം, അതേസമയം യുദ്ധത്തിന്റെ മണംകൊണ്ട് ആവേശം പിടിച്ചിരിക്കുന്ന അണികളെ എന്തെങ്കിലും മണപ്പിച്ചു മയക്കിക്കിടത്തുകയും വേണം. അതിന് അവര്‍ കണ്ടെത്തിയതു പട്ടാളത്തെ മുമ്പില്‍നിര്‍ത്തിയുള്ള ഒരു രാഷ്ട്രീയ ശസ്ത്രക്രിയയാണ്. പട്ടാളം ഇതുവരെ ചെയ്യാത്തതെന്തോ ചെയ്തു എന്നു പാവം അണികളെ വിശ്വസിപ്പിക്കുക! അതിനെ ആരെങ്കിലും ചോദ്യംചെയ്താല്‍ ഇന്ത്യന്‍ പട്ടാളത്തെ അപമാനിച്ചു എന്നും അവരെല്ലാം ദേശദ്രോഹികളാണെന്നും വിളിച്ചുകൂവി നടക്കുക!

ഈ ശസ്ത്രക്രിയയ്ക്കുവേണ്ടി പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ സേനകളെക്കാള്‍ കൂടുതല്‍ സൈബര്‍സേനകളെയാണു ബിജെപി പോരിനിറക്കിയിരിക്കുന്നത്. പട്ടാളം എന്ന വികാരത്തെ മുമ്പില്‍നിര്‍ത്തി പാര്‍ട്ടിയെ പ്രതിരോധിക്കുക എന്ന തന്ത്രമാണു ബിജെപി ഇവിടെ പയറ്റുന്നത്. കാഷ്മീര്‍ വിഷയത്തിലും പാക്കിസ്ഥാനുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും സ്ഥിരതയില്ലാത്തതും അപക്വവുമായ രാഷ്ട്രീയനയങ്ങള്‍ മൂലം പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായയ്ക്ക് ഉണ്ടായ ഇടിവ് പരിഹരിക്കുകയാണു സൈബര്‍ സേനയുടെ ദൗത്യം. അതിനായി പല മുഖ്യധാരാ മാധ്യമങ്ങളെയും റേഡിയോ, ടിവി, ടെലികോം മുതലായ സര്‍ക്കാര്‍ സംവിധാനങ്ങളെയും സൈബര്‍ സേന കൈയടക്കിയിരിക്കുകയാണ്. ഫേസ്ബുക്ക്, വാട്‌സ് ആപ്, ട്വിറ്റര്‍ പോലുള്ള സമൂഹമാധ്യമങ്ങള്‍ മോദി മാഹാത്മ്യംകൊണ്ടു നിറയുകയാണ്. ഇവിടെയെല്ലാം പട്ടാളത്തെ മുന്നില്‍നിര്‍ത്തിയാണു പാര്‍ട്ടി രാഷ്ട്രീയം കളിക്കുന്നത്.

ഇന്ത്യന്‍സേനയുടെ കരുത്തിനു ബിജെപിയുടെ സാക്ഷ്യപത്രം വേണ്ട; അതിന്റെ സൈബര്‍ സേന പടച്ചുവിടുന്ന വീരകഥകളും വേണ്ട. അല്ലാതെതന്നെ നമ്മുടെ സൈനികര്‍ തീവ്രവാദികളെ തുടച്ചുനീക്കാനും അതിര്‍ത്തി കാക്കാനും ശസ്ത്രക്രിയാ പ്രഹരങ്ങളേല്പിക്കാനും യുദ്ധങ്ങള്‍ ജയിക്കാനും അരനൂറ്റാണ്ടിലധികമായി വീരോചിതസേവനമനുഷ്ഠിക്കുന്നു. ഒരു വീരകഥാവീമ്പുമില്ലാതെതന്നെ അവരെ രാഷ്ട്രം അംഗീകരിക്കുകയും അവരുടെ വിശിഷ്ട സേവനത്തെ ആദരിക്കുകയും ചെയ്യുന്നു.

എന്നാല്‍, പട്ടാളനടപടികളെ പാര്‍ട്ടികളെടുത്ത് വോട്ട് രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗിക്കുന്നത് വളരെ അപകടകരമായ പോക്കാണ്. പട്ടാളക്കരുത്ത് ഉയര്‍ത്തിപ്പിടിച്ചു ദേശീയവികാരം ഊതിവീര്‍പ്പിക്കുന്നത് ഇന്ത്യപോലുള്ള ഒരു വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍തന്നെ മാറ്റിമറിക്കുന്നതാണ്. പട്ടാളക്കരുത്തിനെ കത്തിനില്‍ക്കുന്ന ദേശീയ വികാരമാക്കി മാറ്റി രാഷ്ട്രീയ അധികാരം പിടിച്ചടക്കുകയും ഉറപ്പിക്കുകയും ചെയ്യുക എന്നത് എല്ലാ ഏകാധിപതികളും പയറ്റിയ തന്ത്രമാണെന്നു ലോകചരിത്രം പരിശോധിച്ചാല്‍ കാണാം. അതിലവര്‍ താത്കാലികമായി വിജയിച്ചെങ്കിലും അങ്ങനെയുള്ള രാഷ്ട്രങ്ങളും അവിടുത്തെ ജനങ്ങളും വര്‍ഷങ്ങളോളം രാഷ്ട്രീയ അസ്ഥിരതയുടെയും അക്രമങ്ങളുടെയും അസ്വാതന്ത്ര്യത്തിന്റെയും ആഭ്യന്തര കലഹങ്ങളുടെയും അതിദാരുണമായ അവസ്ഥയിലൂടെ കടന്നുപോകേണ്ടിവന്നു.

ഇതിന്റെ തീവ്രത മനസിലാക്കണമെങ്കില്‍ നാസി ജര്‍മനി മുതല്‍ കിം ജോങ് ഉനിന്റെ ഇപ്പോഴത്തെ കമ്യൂണിസ്റ്റ് വടക്കന്‍ കൊറിയ വരെയുള്ള ചരിത്രം മാത്രമെടുത്താല്‍ മതി. വടക്കന്‍ കൊറിയയില്‍നിന്നു പുറത്തുവരുന്ന ഒരേയൊരു വാര്‍ത്ത പട്ടാള വീരശൂരപരാക്രമ കഥകള്‍ മാത്രമാണ്. സ്വാതന്ത്ര്യാനന്തര പാക്കിസ്ഥാന്റെ ചരിത്രം മാത്രം പരിശോധിച്ചാല്‍ മതി പാര്‍ട്ടികളുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയുള്ള പട്ടാളപ്രേമം അവരെ എവിടെ കൊണ്ടെത്തിച്ചുവെന്നു മനസിലാക്കാന്‍.

ഇന്ത്യയെ ഒരു പാക്കിസ്ഥാനായി മാറ്റണോ എന്നതാണു ചോദ്യം. മാറുന്നതിന്റെ ലക്ഷണങ്ങളാണു ബിജെപിയുടെ മിലിട്ടറി മാനിയായില്‍ കാണുന്നത്. പട്ടാളക്കരുത്തിന്റെ വ്യര്‍ഥാഭിമാനമിളക്കി ജനങ്ങളില്‍ ദേശീയവികാരം ആളിക്കത്തിച്ച് അധികാരം നിലനിര്‍ത്താമെന്നു വിചാരിക്കുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തോടു കാണിക്കുന്ന വഞ്ചനയാണ്.

മതം, സ്വദേശീയത, പട്ടാളക്കരുത്ത് ഇതു മൂന്നുമാണു ദേശീയവികാരം ആളിക്കത്തിക്കാന്‍ ഏറ്റവും എളുപ്പമുള്ള ഇന്ധനം. ആദ്യത്തെ രണ്ടും ഉപയോഗിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. ഇപ്പോള്‍ മൂന്നാമത്തേതും അധികാരത്തിലിരുന്നുകൊണ്ട് എടുത്തു പ്രയോഗിക്കണം. എന്നാല്‍, അങ്ങനെ ചെയ്യുന്നത് ആത്മഹത്യാപരമാണെന്നു ചരിത്രം സാക്ഷിനിര്‍ത്തി പറയട്ടെ. ബിജെപി നേതാക്കന്മാര്‍ കൈവിട്ടകളിയാണു കളിക്കുന്നത്. ഇന്ത്യ ഒരു പട്ടാളരാഷ്ട്രമല്ല, ജനാധിപത്യ രാഷ്ട്രമാണ്. പട്ടാളമെന്ന വികാരത്തെ പാര്‍ട്ടിയുടെ രാഷ്ട്രീയനേട്ടത്തിനുവേണ്ടി ഊതിവീര്‍പ്പിച്ചാല്‍ കാര്യങ്ങള്‍ പിന്നീടു കൈയില്‍നിന്നു വഴുതിപ്പോകും. ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ നമ്മളനുഭവിക്കുന്ന നന്മകളനുഭവിക്കണമെങ്കില്‍ നമ്മുടെ ചെറുമക്കള്‍ക്കു വലിയ വില കൊടുക്കേണ്ടിവരും.

ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ ഭരണയന്ത്രത്തിന്റെ ഓരോ ഘടകത്തിനും അതതിന്റേതായ ഇടവും റോളുമുണ്ട്. അതിനപ്പുറമുള്ള സ്ഥാനം ഏതെങ്കിലും ഒന്നിനു കല്പിച്ചുകൊടുത്താല്‍ അതു ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ തന്നെയിളക്കും. ജനാധിപത്യത്തിന്റെ രൂപഘടന എന്തെന്നറിയാത്ത, രാഷ്ട്രമീമാംസയില്‍ നിരക്ഷരരായ, ലോകരാഷ്ട്രീയ ചരിത്രത്തെപ്പറ്റി അജ്ഞാതരായ കുറെ ടെക്കികളെ വാടകയ്‌ക്കെടുത്ത് പട്ടാളപുരാണങ്ങള്‍ പടച്ചുവിട്ട് പാര്‍ട്ടിരാഷ്ട്രീയം കളിച്ചാല്‍ രാജ്യം അതിനു വലിയ വിലകൊടുക്കേണ്ടിവരു.

നമ്മുടെ സൈനികരെപ്പറ്റിയുള്ള അഭിമാനം രാഷ്ട്രീയ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കുവേണ്ടിയുള്ള ദുരഭിമാനമായി വിറ്റഴിക്കുകയല്ല വേണ്ടത്. അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിന് ഉതകണം.

ഇന്ത്യയെന്ന ശത്രുവിനെ എന്നും മുന്നില്‍നിര്‍ത്തി ജനവികാരം പട്ടാളത്തിന് അനുകൂലമാക്കി പട്ടാളം അമിതാവകാശങ്ങള്‍ കൈയടക്കി വച്ചിരിക്കുന്ന ചരിത്രമാണു പാക്കിസ്ഥാനുള്ളത്. അതുമൂലം ജനാധിപത്യം മരവിച്ച് പട്ടിണിയും തീവ്രവാദവും മനുഷ്യാവകാശ ലംഘനങ്ങളും ഗ്രസിച്ചിരിക്കുന്ന പാക്കിസ്ഥാന്റെ പാത ഇന്ത്യ പിന്തുടരണോയെന്ന് ഇന്ത്യയിലെ ജനങ്ങള്‍ ഉറക്കെ ചിന്തിക്കണം.