ചാനലുകളുടെ നേതൃത്വത്തില്‍ കര്‍ഷകന്റെ ആത്മഹത്യാ നാടകം (വീഡിയോ)
ചാനലുകളുടെ നിര്‍ബന്ധത്തില്‍ കര്‍ഷകന്റെ ആത്മഹത്യാ നാടകത്തിന്റെ വീഡിയോ വൈറലാകുകയാണ്. ക്യാമറയ്ക്ക് മുമ്പില്‍ ആത്മഹത്യ ചെയ്യാന്‍ കര്‍ഷകനെ നിര്‍ബന്ധിച്ച് ടിവി ചാനല്‍ മാധ്യമപ്രവര്‍ത്തകനാണ്. ബെല്ലാരി താലൂക്കിലെ കുര്‍ഗലഗുണ്ടിയില്‍ ചിത്രീകരിച്ചെന്ന് പറയപ്പെടുന്ന വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്. ക്യാമറയില്‍ പകര്‍ത്താന്‍ വേണ്ടി കര്‍ഷകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ഒരു മിനിറ്റും നാല് സെക്കന്‍ഡുമാണ് വീഡിയോയുടെ ദൈര്‍ഘ്യം.
കര്‍ണാടകയിലെ കര്‍ഷക സംഘടന നേതാക്കളാണ് ആത്മഹത്യാ നാടകം ആസൂത്രണം ചെയ്തതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജലക്ഷാമം മൂലം ആറേക്കറിലെ മുളകു കൃഷി നശിപ്പിക്കേണ്ടി വന്നുവെന്ന കര്‍ഷകന്റെ പരാതിയ്ക്ക് വലിയ മാധ്യമ ശ്രദ്ധ ലഭിക്കുകയാണ് ‘ഈ ഉദ്ദ്യമത്തിന്’ പിന്നിലെ ലക്ഷ്യം. കര്‍ഷക നേതാക്കള്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകരെ സ്ഥലത്തേക്ക് വിളിപ്പിച്ചതെന്ന് അറിയുന്നു.
വിഷം കുടിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കര്‍ഷകന് ചുറ്റിലും പതിനഞ്ചോളം പേര്‍ നില്‍ക്കുന്നതായി വീഡിയോയില്‍ കാണാം. കര്‍ഷകന്‍ കയ്യിലുള്ള ചെറുപാത്രത്തിലെ വിഷം കുടിക്കാന്‍ ശ്രമിക്കുമ്പോള്‍ ചുറ്റുമുള്ളവര്‍ തടയാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ മികച്ച ഷോട്ട് കിട്ടാന്‍ ഇതുതന്നെ ആവര്‍ത്തിക്കാന്‍ ക്യാമറമാന്‍ കര്‍ഷകനോട് ആവശ്യപ്പെടുന്നു. വിഷം കുടിക്കുമ്പോള്‍ ക്യാമറയിലേക്ക് നോക്കരുതെന്നും ഉപദേശവും തൊട്ടുപിന്നാലെ ക്യാമറമാന്‍ നല്‍കുന്നുണ്ട്. വീഡിയോ പകര്‍ത്തല്‍ കഴിഞ്ഞോ എന്ന് കര്‍ഷകന്‍ ക്യാമറാമാനോട് ചോദിക്കുന്നതാണ് വീഡിയോയുടെ ഒടുവില്‍.
ചാനലിന് വേണ്ടി ആത്മഹത്യാ നാടകം നടത്തിയത് കുരുമ്പാര കുമാരപ്പ എന്ന കര്‍ഷകനാണെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ വൈറലായതോടെ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. വീഡിയോയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് എസ്പി ചേതന്റെ പ്രതികരണം. ആരെങ്കിലും പരാതി നല്‍കിയാല്‍ ഉടന്‍ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.