മരുമകളുടെ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞുകൊന്ന സ്ത്രീ അറസ്റ്റില്‍

mebadആമ്പല്ലൂര്‍ : വീട്ടുകാരോടുള്ള ദേഷ്യം തീര്‍ക്കാന്‍ സ്ത്രീ പിഞ്ചുകുഞ്ഞിനെ പുഴയില്‍ എറിഞ്ഞു കൊന്നു. പുതുക്കാട് പാഴായിലാണ് ഞെട്ടിക്കുന്ന ഈ ക്രൂരസംഭവം അരങ്ങേറിയത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി നന്ദനം വീട്ടില്‍ രജിത്ത്-നീഷ്മ ദമ്പതികളുടെ ഏക മകള്‍ മേബയാണ് കൊല്ലപ്പെട്ടത് .നീഷ്മയുടെ അച്ഛന്‍റെ സഹോദരി ശൈലജ(49)യാണ് കൊലപാതകം നടത്തിയത്. കുടുംബത്തോടുള്ള വൈരാഗ്യമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് ശൈലജ പൊലീസിന് മൊഴി നൽകി. വ്യാഴാഴ്ച വൈകീട്ടാണ് നീഷ്മയുടെ പാഴായിയിലെ വീടിന് സമീപത്തെ മണലി പുഴയിൽ മേബ മുങ്ങിമരിച്ചത്. പുഴയുടെ അരികിലേക്ക് കുട്ടി പോകാറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ വീട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തത്. തുടര്‍ന്നാണ്‌ അറസ്റ്റ് നടന്നത്.മിഠായി കാണിച്ച് പ്രലോഭിപ്പിച്ച് എടുത്തു കൊണ്ടുപോയശേഷം വായും മൂക്കും പൊത്തിപ്പിടിച്ച് കുട്ടിയെ പുഴയിലേക്ക് എറിയുകയായിരുന്നുവെന്ന് ശൈലജ പൊലീസിന് മൊഴി നൽകിയി. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.വ്യാഴാഴ്ച വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ പുഴയില്‍ ഇറങ്ങി നോക്കിയപ്പോഴാണ് കുട്ടിയെ കണ്ടത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രജിത്ത് വിദേശത്തായതിനാല്‍ നീഷ്മയും മേബയും പാഴായിയിലാണ് താമസിക്കുന്നത്. പുതുക്കാട് മേരിമാത സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയാണ്. ശൈലജയെ റിമാന്‍റ് ചെയ്തിട്ടുണ്ട്.