രാഘവന്‍; ചാരം മൂടിയ ചില സത്യങ്ങള്‍ (കഥ)
രാഘവന്റെ വീട് വീഴാറായി. മുറ്റത്തു മുത്തമിടാന്‍ മേല്‍ക്കൂരയ്ക്ക് ഇനി അധികദൂരമില്ല. പാത്തും പതുങ്ങിയും പാഴ്‌ച്ചെടികള്‍ മുറ്റംവരെ എത്തി. വേരുകള്‍ വീട് വീതംവച്ചുതുടങ്ങി. രാഘവന്റെ അമ്മ; ഓര്‍മ്മ ഉറങ്ങന്നൊരു മണ്‍കൂനയായി മുറ്റത്തുണ്ട്. പ്രകൃതിയുടെ കൃപാരഹിതമായ ക്രിയകള്‍ക്ക് വീട് വിട്ടുകൊടുത്തിട്ട് രാഘവന്‍ നാടുവിട്ടു.
രാഘവന്‍ നാടുവിട്ടിട്ടു നാളുകള്‍ ഏറെയായി. അന്നുമുതല്‍ രാഘവന്റെ വീട്ടുമുറ്റത്തുകൂടി ഞങ്ങള്‍ കുട്ടികള്‍ പേടിയില്ലാതെ സ്‌കൂളില്‍ പോയി വന്നു. ആരെയും ഉപദ്രവിക്കാത്ത രാഘവന്റെ പേരുപറഞ്ഞു അമ്മമാര്‍ ഞങ്ങള്‍ക്ക് ചോറുതന്നു, ഞങ്ങളെ ഉറക്കി, സ്‌കൂളില്‍ വിട്ടു. ഞങ്ങളുടെ കുഞ്ഞുവാശികള്‍ക്ക് അമ്മമാരുടെ താക്കീതായിരുന്നു രാഘവന്‍. ചോറുണ്ടില്ലെങ്കില്‍…….രാത്രികിടന്നു കരഞ്ഞാല്‍…….സ്‌കൂളില്‍ പോകാതിരുന്നാല്‍…. ഭ്രാന്തന്‍ രാഘവന്‍ പിടിച്ചോണ്ടുപോകും; വേഗം കഴിച്ചോ, വേഗം ഉറങ്ങിക്കോ….
കിളിമാനൂര്‍ തെങ്ങൂര്‍ മഠത്തിലെ ചെറിയതമ്പുരാട്ടി ആയിരുന്നു രാഘവന്റെ അമ്മ. ചരിത്രത്തില്‍ തെങ്ങൂര്‍ മഠം ശാപകഥകളില്‍ മുങ്ങിക്കിടന്നു. എട്ടുവീട്ടില്‍ പിളളമാരില്‍നിന്നും ഒളിക്കാന്‍ മാര്‍ത്താണ്ഢവര്‍മ്മ മഹാരാജാവ് ഒരിക്കല്‍ തെങ്ങൂര്‍ മഠത്തിന്റെ അറപ്പുര ചേദിച്ചെുന്നും, നല്‍കാതിരുതിനാല്‍ ”അറപ്പുര കുളപ്പുരയാകട്ടെ” എന്ന് ശപിച്ചെുന്നും വായ്‌മൊഴി. തകര്‍ന്നടിഞ്ഞ, കാടുപിടിച്ച അറപ്പുരകാട്ടി തന്നു മുത്തശിമാര്‍ ഞങ്ങള്‍ക്കാ കഥ പറഞ്ഞുതിട്ടുണ്ട്. തെങ്ങൂര്‍ മഠത്തെപ്പറ്റി പല കഥകള്‍ പല തലമുറകള്‍ കേട്ടുവളര്‍ന്നു. മഠത്തിലെ മച്ചിലെ പാമ്പുകളുടെ കഥ, പാണനെ ചുട്ട കഥ, കുറത്തിതമ്പുരാട്ടിയുടെ കഥ, അങ്ങനെ ഒരുപാടു കഥകള്‍. ഞങ്ങള്‍ ഭ്രാന്തന്‍ രാഘവന്റെ കാലത്തെ കുട്ടികള്‍ ആയിരുന്നു.
കുറവന്‍ കുമാരനായിരുന്നു രാഘവന്റെ അഛന്‍. അങ്ങനയാണു ചെറിയതമ്പുരാട്ടി ‘കുറത്തിതമ്പുരാട്ടി’ ആയത്. കുമാരന്‍ തമ്പുരാട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്നും, കുറവനോടൊപ്പം തമ്പുരാട്ടി ഇറങ്ങിപോയതാണെന്നും കഥകളുണ്ട്. കുറവന്‍ കുമാരന്റെയും മഠത്തിലെതമ്പുരാട്ടിയുടെയും ബന്ധത്തിന്റെ സത്യാവസ്ഥമാത്രം ആര്‍ക്കും അറിയില്ലായിരുന്നു. ദുരൂഹതകള്‍ ബാക്കിവച്ച് ഒരുദിവസം പുലര്‍ച്ചെ കുമാരന്റെ ശവം മൂഴി തോട്ടില്‍ പൊന്തി. നാട്ടുവര്‍ത്തമാനങ്ങളില്‍ മഠം വീണ്ടും നിറഞ്ഞു. മഹാരാജാവിന്റെ ശാപം തലമുറകളിലേക്ക് നീണ്ടതാണെന്ന് ഒരുകൂട്ടര്‍, അതല്ല തമ്പുരാട്ടിയുടെ കര്‍മ്മഫലമെന്നു വേറൊരുകൂട്ടര്‍. കുറവനില്‍ കുരുത്തതു മഠത്തിനു അവകാശം പറഞ്ഞുവരാതിരിക്കാന്‍ തമ്പ്രാക്കള്‍ കുറവന്‍ കുമാരനെ വകവരുത്തിയതാണെന്ന് അടക്കം പറയുന്നവര്‍ ഏറെയും. പക്ഷേ കുമാരന്‍ മരിക്കും മുമ്പേ രാഘവന്‍ തമ്പുരാട്ടിയില്‍ മുളച്ചിരുന്നു.
ഒറ്റപ്പെട്ടൊരു കുടിലായിരുന്നു രാഘവന്റെതു. അങ്ങാടിയിലെത്താന്‍ രാഘവന്റെ വീട്ടുമുറ്റം ഒരു കുറുക്കുവഴിയായിരുന്നു. ഒന്നോ രണ്ടോ പേര്‍ മാത്രമേ ആ വഴി സ്ഥിരമായി യാത്രചെയ്തിരുന്നുള്ളൂ. അങ്ങാടിക്കപ്പുറം സ്‌കുളിലെത്താന്‍ ഭ്രാന്തന്‍ രാഘവനെ പേടിച്ചു ഞങ്ങള്‍അരമൈല്‍ കൂടുതല്‍ നടന്നിരുന്നു. പക്ഷേ രാഘവനെ ഏന്തിനാ ഭ്രാന്തന്‍ എന്ന് വിളിക്കുന്നത്? (അല്ലെങ്കില്‍ത്തന്നെ ഈ ‘ഭ്രാന്തെന്നുവച്ചാലെന്താ?) മുതിര്‍ന്നവരോടു ചോദിച്ചാല്‍ പറയും രാഘവന്‍ വേലുപ്പുള്ളയുടെ പറമ്പിനു തീയിട്ടതു ഭ്രാന്തല്ലേ, നമ്പൂരിച്ചെക്കനെ പൊട്ടക്കിണറ്റില്‍ തള്ളിയിട്ടത് രാഘവന്റെ ഭ്രാന്തല്ലേ, ചട്ടമ്പി ഭാര്‍ഗ്ഗവനെ കരിങ്കല്ലുവച്ചിടിച്ചത് ഭ്രാന്തല്ലാതെന്താ. കഞ്ചാവ് അടിച്ചു ഓരോന്ന് വിളിച്ചുപറയുന്നത് ഭ്രാന്തല്ലേ.
ഇതും ഇതിനപ്പുറം നമ്മുടെ നാട്ടില്‍ നടക്കുില്ലേ, ഇതെല്ലാം രാഘവന്റെ ചെറുപ്പത്തില്‍ ചെയ്തതല്ലേ. മാത്രമല്ല രാഘവനെ ഭ്രാന്തന്‍ എന്നു വിളിക്കുന്ന എല്ലാവര്‍ക്കും അറിയാം മോഷ്ടിച്ചെുന്നുപറഞ്ഞു വേലുപ്പുള്ള രാഘവനെ തെങ്ങേകെട്ടി അടിച്ചതിനാ പറമ്പിനു തീ ഇട്ടതെന്നു. ‘കുറത്തമ്പ്രാ’ എന്നുവിളിച്ചുകളിയാക്കിയതിനാ നമ്പൂരിച്ചെക്കനെ പൊട്ടക്കിണറ്റില്‍ തള്ളിയിതെന്നു. സ്വന്തം അമ്മയെ കയറിപ്പിടിച്ചിട്ടാ ചട്ടമ്പി ഭാര്‍ഗ്ഗവനെ കല്ലുവച്ചിടിച്ചതെന്നു. ആര്‍ക്കാണപ്പോള്‍ ഭ്രാന്ത്.
ഭ്രാന്ത് രാഘവനുതന്നയാ. രാഘനെ ഭ്രാന്തനാക്കിയതാ. കഞ്ചാവുകൊടുത്തതും ശീലിപ്പിച്ചെടുത്തതും തമ്പ്രാക്കള്‍ തന്നെയാ. കഞ്ചാവു ലഹരിയില്‍ രാഘവന്‍ ജഢായുപ്പാറയില്‍ കയറും, കൂവിയും അട്ടഹസിച്ചും ചിലരാത്രികളില്‍ പാറയില്‍ കിടുന്നറങ്ങും. എപ്പോഴും എന്തെങ്കിലും പിറുപിറുത്തുകൊണ്ടേയിരിക്കും. കാണുന്നവരോടൊക്കെ ബീഢി ചോദിക്കും. അങ്ങാടി വിട്ടു വീട്ടിലെത്താതെയായി. വല്ലപ്പോഴും അങ്ങാടിയില്‍ ചായക്കട നടത്തുന്ന ധര്‍മ്മനു കടയിലേക്കു വേണ്ട വെള്ളംകോരിക്കൊടുക്കും, വിറകുകീറിക്കൊടുക്കും. ധര്‍മ്മന്‍ ഭക്ഷണം കൊടുക്കും. ധര്‍മ്മനെ മാത്രമേ രാഘവനു പേടിയുള്ളൂ. കുളിയും നനയും ധര്‍മ്മനെ പേടിച്ചുമാത്രം. ഇല്ലങ്കില്‍ ധര്‍മ്മന്‍ തിളച്ചവെള്ളം ദേഹത്തൊഴിക്കും. അങ്ങനെപറഞ്ഞാ ധര്‍മ്മന്‍ രാഘവനെ പേടിപ്പിച്ചിരുന്നതു. മൂഴിതോട്ടില്‍ നാലുവട്ടം മുങ്ങിപെങ്ങുന്നതാ രാഘവന്റെ കുളി. ഉടുപ്പും മുണ്ടും പിഴിഞ്ഞു ഈറനോടെ ദേഹത്തിടും. ഉണങ്ങുന്നതുവരെ തമ്പ്രാക്കളുടെ തെങ്ങും പണയിലൂടെ നടക്കും. താടിയും മുടിയും വളര്‍ന്ന് സങ്കല്‍പ്പങ്ങളിലെ ഭ്രാന്തന്റെ രൂപം രാഘവനില്‍ പൂര്‍ണ്ണമായി.
പട്ടിണികിടുന്നും ദെണ്ണം വന്നും കുറത്തിത്തമ്പുരാട്ടി മരിച്ചു. രണ്ടു ദിവസം പഴകിയ കുറത്തിത്തമ്പുരാട്ടിയുടെ ശവം കടയിലേക്കുപോകുംവഴി ധര്‍മ്മനാണ് കണ്ടതു. ധര്‍മ്മന്‍ രാഘവനെ കൂട്ടിക്കൊണ്ടുവന്നു ശവം കാണിച്ചു. മുറ്റത്തുകുത്തിയിരുന്നു പിറുപിറുത്തും ദേഹത്തു മണ്ണുവാരിയിട്ടും രാഘവന്‍ ഉറക്കെ കരഞ്ഞു. രാഘവന്‍ തന്നെയാ കുഴിവെട്ടിയതും പായില്‍ പെതിഞ്ഞ ശവം കുഴിയില്‍വച്ചു മണ്ണുമൂടിയതും. പിന്നെ വളരെകുറച്ചു ദിവസങ്ങളെ ഞങ്ങള്‍ നാട്ടുകാര്‍ രാഘവനെ വീട്ടിലും അങ്ങാടിയിലുമായി കണ്ടിട്ടുള്ളൂ.
രാഘവന്‍ വീടും നാടും വിട്ടിട്ടു വര്‍ഷങ്ങളായി. രാഘന്റെ വീടും പറമ്പും പഞ്ചായത്തു ഏറ്റെടുത്തു. അങ്ങാടിയെ ബന്ധപ്പിക്കുന്ന വലിയ റോഡു പണിതു. ഇപ്പോള്‍ പഞ്ചായത്തു ചിലവില്‍ വലിയ ഡിസ്‌പെന്‍സറി പണിയുന്നു. ‘രാഘവന്‍ മെമ്മോറിയല്‍ ആശുപത്രി’. (ഒരു ഭ്രാന്തന്റെ ഓര്‍മ്മക്ക്). രാഘവാ ഇതു നീ അറിയുന്നുണ്ടോ? അറിയുവാന്‍ നീയുണ്ടോ?
സാര്‍, രാഘവനെ താങ്കള്‍ കണ്ടുമുട്ടുന്നെങ്കില്‍ രാഘവനോടു പറയണം രാഘവനെ ഓര്‍ക്കുന്ന കുറെ ജനം ഇന്നുമുണ്ടെന്ന്.