ഒരു പൊന്നോണത്തുമ്പ (കവിത)

kishora-satheesh

ഓണം വന്നു വിളിച്ചതിന്നെന്നോടോതിയതോ,
ഒരു പൊന്നോണത്തുമ്പ.
വെള്ള നിറത്തില്‍ ഇതളു വിരിച്ച്,
എന്നെ നോക്കി പുഞ്ചിരിച്ചവളെന്നോടോതി…
പൊന്നോണം വന്നേ കിച്ചു…
പൊന്നോണം വന്നേ…
പൂക്കളമൊരുക്കേണം പൂപ്പൊലി പാടേണം,
നീയെന്തേ ഓണത്തപ്പനെ വരവേല്‍ക്കുന്നില്ലേ…
കസവു സാരിയുടുത്തൊന്ന് തിരുവാതിരയാടേണം,
കൂട്ടരുമൊത്തൊന്ന് ഊഞ്ഞാലുമാടേണം.
ആനന്ദത്തോടെനിക്കാര്‍പ്പു വിളിക്കേണം
ഒരു കൊച്ചു ചങ്ങാതി കൂട്ടവുമായൊരു
ഗ്രാമത്തിന്‍ നെഞ്ചിലേക്കോടിയിറങ്ങണം
ചാണകം പൂശി ഒരുക്കിയ പൂക്കളം
വീണ്ടുമെന്‍ തോഴനൊരുക്കി കൊടുക്കണം
ഒരു കുയില്‍ പാട്ടിന്റെ ഈണത്തിനൊപ്പിച്ച്,
കൂടെ കുറുകി മത്സരിച്ചീടണം
ഒരു കൊച്ചു തുമ്പപ്പൂ കൈകളില്‍ ചേര്‍ത്തവനാദ്യ,
പ്രണയത്തിന്‍ മുദ്രകള്‍ ചാര്‍ത്തണം

വീണ്ടുമീ പൊന്നോണമെന്റെ സ്വപ്നങ്ങളില്‍
നഷ്ടസ്മൃതികളിന്‍ വേദന കൂട്ടുന്നു
ഓര്‍ക്കുന്നു ഞാനെന്റെ നാടിന്‍ വിശുദ്ധിയെ
നിന്നുടല്‍ പേറിയ കാച്ചെണ്ണ ഗന്ധം പോല്‍.