കാശ്മീര്‍…ഭൂമിയിലെ സ്വര്‍ഗം തേടിയുള്ള യാത്ര (യാത്ര വിവരണം)

സിധി

kottayam-jouranalistsശ്രീനഗര്‍: ഭൂമിയിലെ സ്വര്‍ഗം. കേട്ടറിഞ്ഞ കാശ്മീര്‍ അതായിരുന്നു. കണ്ടറിഞ്ഞ കാശ്മീര്‍ മറ്റൊന്നും. ശിശിരത്തിലെ മഞ്ഞിന്‍ പുതപ്പണിഞ്ഞ് സുന്ദരിയായ കാശ്മീര്‍. ചിന്നാര്‍ മരങ്ങള്‍ ഇലകൊഴിഞ്ഞിട്ടും തലയുയര്‍ത്തി നില്‍ക്കുന്നു. കാശ്മീര്‍ താഴ്‌വരയ്ക്കു ചുറ്റും ഹിമാലയന്‍ മലനിരകള്‍ വെള്ളി വാരിപ്പുതച്ച് തലയുയര്‍ത്തി നില്‍ക്കുകയാണ്. കോട്ടയത്തെ 33 ഡിഗ്രി ചൂടില്‍ നിന്നായിരുന്നു ഹിമവാന്റെ മടിത്തട്ടിലെ സ്വര്‍ഗമായ കാശ്മീരില്‍ എത്തിയത്. കാശ്മീര്‍ യാത്രയിലെ അവിസ്മരണീയ മുഹര്‍ത്തമായിരുന്നു പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഉറിവാലിയിലേക്കുള്ള യാത്ര. അപൂര്‍വ്വം മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രം ലഭിക്കുന്ന യാത്ര. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി സമ്മാനിച്ചതായിരുന്നു ഉറിവാലിയിലേക്കുള്ള യാത്ര. പുലര്‍ച്ചെ കൃത്യം ആറിന് തന്നെ ഹോട്ടലിന് മുന്നില്‍ സംഘത്തെ കൊണ്ടു പോകാനായി ബസെത്തിയിരുന്നു. ശ്രീനഘറില്‍ നിന്നും 125 കിലോ മീറ്റര്‍ അകലെയുള്ള ഇന്ത്യാ പാക്ക് അതിര്‍ത്തിയിലെ ഉറിയിലേക്കുള്ള യാത്ര തിരിച്ചത് ആവേശത്തോടെയായിരുന്നു. ഒപ്പം ആശങ്കളും. എന്നും ഏറ്റുമുട്ടലുകളും രക്തച്ചൊരിച്ചിലും വെടിയൊച്ചകളും നിലയ്ക്കാത്ത കേട്ടറിവു മാത്രമുള്ള ബാരാമുള്ള വഴിയായിരുന്നു യാത്ര എന്നത് തന്നെ ആശങ്കയേറ്റി.

ഞങ്ങളുടെ യാത്രയുടെ തലേനാളും ബാരാമുള്ളയില്‍ ഏറ്റുമുട്ടലും മരണവും സംഭവിച്ചിരുന്നു. ഇന്ത്യന്‍ ആര്‍മിയുടെ അഥിതികളായിട്ടായിരുന്നു യാത്ര. അതു കൊണ്ടു തന്നെ സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി സൈനീക വാഹനം യാത്രയ്ക്ക് ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചതും മുതിര്‍ന്ന സൈനീക ഓഫിസര്‍മാരാണ് എടുത്തത്. രാവിലെ ഏഴോടെ ഹോട്ടലിനു മുന്നില്‍ നിന്നും ബസ് ഓടി തുടങ്ങി. വഴിക്കാട്ടിയായി സിവില്‍ വേഷധാരിയായ പഞ്ചാബി ഓഫിസര്‍ ഖുല്‍വന്ത് സിംഗും. ശ്രീനഗര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫ് ആയിരുന്നു ഞങ്ങളുടെ െ്രെഡവര്‍. ബിരുദധാരി. 3500 രൂപ മാസ വരുമാനത്തിനാണ് മുഹമ്മദ് ബസ് ഓടിക്കുന്നത്. ശ്രീനഗര്‍ സ്വദേശി തന്നെയായിരുന്നു ബിരുദധാരി വസീംരാജയായിരുന്നു ഗൈഡ്. ബസ് ഓടി തുടങ്ങിയതോടെ പിന്നിടുന്ന വഴിയകളെയും ഗ്രാമങ്ങളെയും പ്രത്യേകതകളെയും ഭൂപ്രകൃതിയെയും കുറിച്ച് വസീം പറഞ്ഞു തന്നു. ചെറിയ ഗ്രാമങ്ങളിലൂടെ ഇലപൊഴിഞ്ഞ് നില്‍ക്കുന്ന ആപ്പിള്‍ തോട്ടങ്ങള്‍ക്കു നടുവിലൂടെ ബസ് വേഗത്തില്‍ പാഞ്ഞു പോയി. ചില്ലു ജാലകത്തിലൂടെ ഓടിമറയുന്ന കാഴ്ചകളും കണ്ട് കാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തി ഞങ്ങളങ്ങനെ ഉറിയിലേക്ക് യാത്ര തുടര്‍ന്നു.

kottayam-jouranalists-2പഴയ ശ്രീനര്‍ നഗരവും പിന്നിട്ട് യാത്ര ഉറി പാതയിലേക്ക് തിരിഞ്ഞു. ഏതാനും കിലോ മീറ്ററുകള്‍ പിന്നിട്ടില്ല. വഴിയരുകില്‍ തോക്കേന്തിയ പട്ടാളക്കാര്‍ നിരന്നു നില്‍ക്കുന്നു. ഞങ്ങളുടെ യാത്രയ്ക്ക് വിഘ്‌നം ഉണ്ടാകാതിരിക്കാന്‍ പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സൈനീകരായിരുന്നു അവര്‍. കൊടും തണുപ്പിലും സ്വന്തം സുരക്ഷ മറന്ന് ജീവിതം മറന്നു മറ്റുള്ളവരുടെ സുരക്ഷയ്ക്കും ജീവനും വേണ്ടി കാവല്‍ നില്‍ക്കുന്ന സൈനീകര്‍. ഞങ്ങള്‍ കടന്നു പോകുന്ന വീഥിയ്ക്ക് ഇരുവശത്തെയും ഗ്രാമം ചൂണ്ടിക്കാട്ടി വസീംരാജ പറഞ്ഞു. ഇതാണ് സോപ്പൂര്‍. കാശ്മീര്‍ ആപ്പിള്‍ ടൗണ്‍. ആപ്പിള്‍ മാത്രമല്ല ഇവിടെ മള്‍ബറിയും തളിരിട്ട് പൂവിട്ട് കായ്ഫലമണിയുന്നുണ്ട്. കാശ്മീരി പട്ടു നെയ്യാന്‍ ഉപയോഗിക്കുന്നത് ഈ മള്‍ബറിതോട്ടങ്ങളില്‍ നിന്നും ലഭിക്കുന്ന പട്ടുനൂലാണ്. യാത്ര വീണ്ടും തുടരുകയാണ്. ഇടയ്ക്കിടെ പട്ടാള ബാരക്കുകള്‍. വഴിയരുകില്‍ തോക്കേന്തിയ സൈനീകര്‍. കടന്നു പോകുന്ന പട്ടാള വണ്ടികള്‍. ഇതിനിടെ തകര്‍ന്നു കിടക്കുന്ന സ്മാരകം ചൂണ്ടിക്കാട്ടി വസീം രാജ പറഞ്ഞു അതിന് 3000 വര്‍ഷത്തെ പഴക്കമുണ്ട്. പത്താന്‍ ചൗക്കിലെ മാര്‍ടെനായിരുന്നു ആ സ്മാരകം.

പത്താന്‍ ചൗക്കും പിന്നിട്ട് ബസ് ബാരാമുള്ള ടൗണിലേക്ക് പ്രവേശിച്ചു. കച്ചവട സ്ഥാപനങ്ങളൊന്നും തുറന്നിട്ടില്ല. വഴിയരികില്‍ പട്ടാളക്കാരല്ലാതെ ഒരു മനുഷ്യരുമില്ല. കാശ്മീരില്‍ തെരുവുകള്‍ ഉണരണമെങ്കില്‍ തണുപ്പുകാലത്ത് 11 മണിക്കഴിയണം. അതു കൊണ്ടു തന്നെ പ്രശ്‌ന ബാധിത പ്രദേശമായ ബാരാമുള്ള ടൗണ്‍ വിജനമായിരുന്നു. സൈനീകരെ ഒഴിച്ചു നിര്‍ത്തിയാല്‍. ടൗണിലെമ്പാടും പത്തു മീറ്ററോളം ഇടവിട്ട് ഇരുവശത്തും തോക്കേന്തിയ സൈനീകര്‍ ഞങ്ങള്‍ക്കു കടന്നു പോകാന്‍ സുരക്ഷയൊരുക്കി കാത്തു നിന്നു. ബാരമുള്ള പിന്നിട്ടതോടെ അകത്തു നിറഞ്ഞു നിന്നിരുന്ന ഭീതി വിട്ടൊഴിഞ്ഞു. എന്തു ശാന്തമാണ് ബാരാമുള്ള. അകത്ത് അഗ്‌നി നിറച്ച് ബാരാമുള്ള ശാന്തമായി ഉറങ്ങുകയാണ്. ഏതു നിമിഷവും അതു പൊട്ടിത്തെറിച്ചേക്കുമെന്ന് സൈനീക ഓഫിസറുടെ ഓര്‍മപ്പെടുത്തല്‍. സൈനീക വാഹനങ്ങള്‍ക്ക് നേരെയും സൈനീകര്‍ക്ക് നേരെയും കല്ലെറിയുന്നത് പതിവാണത്രേ. ബാരാമുള്ളയിലെ ഓരോ വീട്ടിലും ഒരു കലാപകാരിയെങ്കിലും ഉണ്ടാവുമെന്നും സാക്ഷ്യപ്പെടുത്തല്‍. പട്ടാളത്തിന് ഇവര്‍ കലാപകാരികളാണ് (മിലിട്ടണ്‍സ്). എന്തായാലും ഉള്ളില്‍ ഉറഞ്ഞു കൂടിയ ഭയം വിട്ടൊഴിഞ്ഞിരുന്നു.

kottayam-jouranalists-3ബാരാമുള്ളയും പിന്നിട്ട് വാഹനം മുന്നോട്ട് കുതിച്ചു പാഞ്ഞു. ഇടയ്ക്കിടെ പട്ടാള വാഹനങ്ങും ചില സ്വകാര്യ വാഹനങ്ങളും കടന്നു പോയി. പാതയുടെ ഇടതുഭാഗത്ത് മഞ്ഞില്‍പ്പുതച്ച മലനിരകളും താഴെ ത്ധലം നദിയുടെ കൈവഴികളും ഒഴുകുന്നു. ഇതിനിടെ വവിരുകില്‍ തടിയില്‍ തീര്‍ത്ത ഡാമും കനാലും ചൂണ്ടിക്കാട്ടി സുബേധാര്‍ ഖുല്‍വന്ത് സിംഗ് പറഞ്ഞു. ഇതാണ് പഞ്ചാല്‍ ബ്രിഡ്ജ്. പഴയ തടി ഡാം. ബ്രിട്ടീഷുകാര്‍ ഭൂഗര്‍ഭത്തില്‍ നിര്‍മിച്ചതാണിത്. ഇന്ന് പഞ്ചാല്‍ ബ്രിഡ്ജിന്റെ അവശിഷ്ടങ്ങള്‍ മാത്രമേ കാണാനുള്ളൂ. ഇലപൊഴിഞ്ഞു നില്‍ക്കുന്ന ചിന്നാര്‍ മരങ്ങള്‍ക്കിടയില്‍ കുന്നിന്‍ ചെരുവുകളിലായി തലയുയര്‍ത്തി നില്‍ക്കുന്ന ചെറിയ വീടുകള്‍. ചുവപ്പും വെള്ളയും നീലയും കലര്‍ന്ന തകര ഷീറ്റുകള്‍ പാകിയ മേല്‍ക്കൂരകള്‍. മനോഹരമായ നിര്‍മിതി. വീട് നിര്‍മാണത്തിന് ചെലവു കുറവാണത്രേ ഇവിടെ. പര്‍വതങ്ങള്‍ക്ക് നടുവില്‍ തലയെടുപ്പോടെ തകര ഷീറ്റുകള്‍ മേഞ്ഞ മനോഹരമായ വീടുകള്‍ അങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു. എവിടെയും ആളനക്കങ്ങലൊന്നുമില്ല. ഉരുണ്ടു കിടക്കുന്ന പാറക്കൂട്ടങ്ങളില്‍ അലതല്ലി ഒഴുകുകയാണ് ത്ധലം നദിയുടെ കൈവഴികള്‍. മനോഹരമായ കാഴ്കള്‍. ഭൂമിയിലെ സ്വര്‍ഗമെന്ന വിശേഷണത്തെ അര്‍ഥവത്താക്കുന്ന ഭൂപ്രകൃതി തന്നെ. ഇതാണ് ദൈവത്തിന്റെ സ്വന്തം നാടെന്നു കരുതി പോകും.

കയറ്റിറക്കങ്ങളും വലിയ വളവുകളും ഇല്ലാതെ പിന്നിട്ട വഴികള്‍ പതിയെ കഠിനമേറിയതായി മാറി. പാതയുടെ വീതി കുറഞ്ഞു വന്നു. പാമ്പിനേ പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന പാത. നദിക്ക് കുറുകെ ഇരുമ്പില്‍ തീര്‍ത്ത തൂക്കുപാലങ്ങള്‍. ഉറിവാലി നദി പതിയെ വറ്റിതുടങ്ങുന്ന കാഴ്ച. ഉരുളന്‍ പാറക്കൂട്ടങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നു. കാശ്മീര്‍ ജനതയുടെ മരവിച്ച മനസു പോലെ ത്ധലത്തിന്റെ കൈവഴിയും തെളിനീര്‍ വറ്റി നില്‍ക്കുന്നു. പൈന്‍ മരക്കാടുകള്‍ മഞ്ഞുവീഴ്ചയില്‍ വെള്ളി പുതച്ചു നില്‍ക്കുന്നു. ഇടയ്ക്ക് എന്‍.എച്ച്.പി.സിയുടെ ഉറി വൈദ്യുതി നിലയം. യാത്ര തുടരുകയാണ്. വഴിയരുകില്‍ ഏതോ ഒരു മഹാന്റെ മഖ്ബറ. ജീവന്‍ വെടിഞ്ഞ ധീര പോരാളികളായ ജവാന്‍മാരുടെ സ്മരണ നിലനിര്‍ത്തുന്ന സ്മാരകങ്ങള്‍. സൂര്യ പ്രകാശം തലനീട്ടിയതോടെ മഞ്ഞില്‍ കുളിച്ചു നിന്ന മലനിരകളില്‍ തിളക്കം. ചെങ്കുത്ത മലനിരകള്‍ ഒരു വശത്ത്. അഗാതമായ ഗര്‍ത്തം മറുഭാഗത്ത്. െ്രെഡവറുടെ കണ്ണൊന്നു പാളിയാല്‍ സമാന്തരമായി ഒഴുകുന്ന നദിയിലാവും സ്ഥാനം. പൊടിപോലും കിട്ടില്ല. അവിടെ ഹിമവാന്റെ കുത്തൊഴുക്കില്‍ തകര്‍ന്നൊരു പാലം. ഓരോ വളവിലും ശ്രദ്ധയോടെ ഹോണ്‍ മുഴക്കി ബസ് ഓടിക്കുകയാണ് മുഹമ്മദ് അഷ്‌റഫ് എന്ന കാശ്മീരി യുവാവ്. ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന കൊച്ചു മിനാരങ്ങള്‍. മസ്ജിദുകള്‍. വലിയ ആഡംബരങ്ങലൊന്നുമില്ലാത്ത മസ്ജിദുകള്‍. ഉറിയോട് അടുക്കുന്തോറും വഴിയില്‍ വാഹനങ്ങള്‍ അപൂര്‍വ്വമായി മാറി.

ഇടയ്ക്കിടെ പട്ടാള ചെക്ക് പോയിന്റുകള്‍. ഉറിയിലേ പ്രേവേശന കവാടത്തില്‍ മുന്‍സിപ്പാലിറ്റിയുടെ ചെക്ക് പോസ്റ്റ്. പ്രവേശനത്തിന് ടോള്‍ നല്‍കണം. വാഹനം തടഞ്ഞിട്ടു. സുബേദാറുടെ ഇടപെടല്‍. വീണ്ടും യാത്ര തുടരുകയാണ്. മുന്നോട്ടു പോകുന്തോറും പാതയുടെ വീതി കുറഞ്ഞു വരികയാണ്. തകര്‍ന്നു കിടക്കുന്ന ഇടുങ്ങിയ കൊടും വളവുകള്‍ നിറഞ്ഞ പാത. പട്ടാള വണ്ടികള്‍ ഇടയ്ക്കിടെ കടന്നു പോകുന്നു. പതിയെ ബസ് ഉറി പട്ടണത്തിലേക്ക് പ്രവേശിച്ചു. ഇടുങ്ങിയ വഴികള്‍ക്ക് ഇരുവശവും കച്ചവടക്കാര്‍ നിരന്നു തുടങ്ങിയിരിക്കുന്നു. വഴിയോര കച്ചവടക്കാരും പഴം വില്‍പ്പനക്കാരും സജീവമാകുകയാണ്. ടൗണ്‍ അവസാനിക്കുന്നിടത്ത് പട്ടാള ചെക്ക്‌പോസ്റ്റ്. ബസ് തടഞ്ഞിട്ടു. മീശക്കാരനായ പട്ടാള ഓഫിസര്‍ ഹിന്ദിയില്‍ ചോദിച്ചു എങ്ങോട്ടാണ് യാത്ര. സുബേദാര്‍ ബസിന് പുറത്തിറങ്ങി സംസാരിച്ചു. പക്ഷെ, തങ്ങള്‍ക്ക് സന്ദേശം ലഭിച്ചിട്ടില്ല. അതിനാല്‍ ഇനി യാത്ര തുടരാനാവില്ല. ഇതിനിടെ മീശക്കാരനായ സൈനീക ഓഫിസര്‍ യാത്രാ സംഘത്തിന്റെ തിരിച്ചറിയില്‍ രേഖകള്‍ ചോദിച്ചു. പലരും കാട്ടി. എന്തെങ്കിലും രേഖകള്‍ കാട്ടാന്‍ ബസിലിരുന്ന് സഹയാത്രികരിലാരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. എന്തെങ്കിലും കാട്ടിയാല്‍ പോകാനാവില്ലെന്ന് ഗൗരവക്കാരനായ പട്ടാള ഓഫിസര്‍ മലയാളത്തില്‍ തന്നെ മറുപടി നല്‍കി. പിന്നീട് ആ ഓഫിസറെ പരിചയപ്പെടുന്ന തിരക്കിലായി. ഇതു തശൂര്‍ അത്താണി സ്വദേശി പുരുഷോത്തമന്‍. മദ്രാസ് റെജിമെന്റില്‍ സേവനം അനുഷ്ടിക്കുന്നു. 15 വര്‍ഷമായി ഉറിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. ആള്‍ നല്ല ചങ്ങാത്തത്തിലായി. ഒരു പാടു നാളുകൂടി മലയാളികളെ കണ്ട സന്തോഷം. ഗൗരവക്കാരന്‍ സരസനായി മാറി. ഇതിനിടെ ഞങ്ങള്‍ക്ക് കടന്നു പോകാനുള്ള അനുമതിയെത്തി. യാത്ര രഹസ്യമായിരുന്നതിനാല്‍ ഇവിടെ എത്തിയ ശേഷം മാത്രമാണ് ഉറി സെക്ടറിലേക്ക് ഞങ്ങളുടെ സന്ദര്‍ശന വിവരം എത്തിയത്. പുരുഷോത്തമന്‍ സാറിനോട് യാത്ര പറഞ്ഞ് ഉറിയിലെ അതിര്‍ത്തി പ്രദേശത്തേക്ക് ബസ് ഓടിത്തുടങ്ങി.

kottayam-jouranalists-4പട്ടാള ബാരക്കുകള്‍ക്ക് നടുവിലൂടെയായിരുന്നു ഒരു കിലോ മീറ്ററോളം യാത്ര. ഇതിനിടെ രണ്ടു പട്ടാള ചെക്ക്‌പോസ്റ്റുകളില്‍ പിന്നിട്ടു. ഉറി പാതയിലെ ശ്രിദ്ധാറില്‍ തകര്‍ന്ന പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നു. ഇവിടങ്ങളിലെല്ലാം അടുക്കടുക്കായി കിടക്കുന്ന ചെറിയ കൃഷിയടങ്ങളും അങ്ങിങ്ങായി വീടുകളും കണ്ടു. വാഹനം പതിയെ യാത്ര തുടരുന്നതിനിടെ സലാമാബാദിലെത്തി. ഇന്ത്യയുടെ അവസാന പട്ടണം. കുറച്ചു വ്യാപാര സ്ഥാപനങ്ങളും കുറെ മനുഷ്യരും പട്ടാളക്കാരും മാത്രം. ഇവിടുത്തെ പര്‍വതങ്ങള്‍ക്കും കുന്നുകള്‍ക്കും പോലും പ്രത്യേകത. വികസനം എത്തി നോക്കാത്ത പ്രദേശം. എന്‍.എച്ച്.പി.സിയുടെ രണ്ട് വൈദ്യുതി പദ്ധതികള്‍ ഇവിടുണ്ട്. റോഡിനിരുവശവും മണ്ണും മണലും നിറച്ച ചാക്കുകള്‍ അടുക്കിവെച്ച ബങ്കറുകള്‍. കരിങ്കല്ലിലും തകഷീറ്റിലും നിര്‍മിച്ച പട്ടാള ബങ്കറുകളും കണ്ടു. ഇതിനിടെ ചെറിയ കൂരകള്‍ക്കു മുന്നില്‍ വെയില്‍ കായാന്‍ ഇരിക്കുന്ന ജീവിതങ്ങളും കണ്ടു. വഴിയില്‍ ആടുകളെയും തെളിച്ചു നീങ്ങുന്ന ഒരു കാശ്മീരി വൃദ്ധ. റെഡ് ബ്രിഡ്ജും പിന്നിട്ട് ഉറിയിലെ കമാന്‍ പോസ്റ്റിലേക്ക് അടുക്കുകയാണ്. മുന്നോട്ട് പോകുന്തോറും പാത കൂടുതല്‍ അപകടകരമാവുന്നു. ഇടയ്ക്കിടെ ചെക്കുപോസ്റ്റുകളില്‍ പരിശോധന. ഉറുമ്പയില്‍ വഴിയരുകിലുരുന്ന് ഭക്ഷണം പാകം ചെയ്യുന്ന പട്ടാളക്കാരെയും കണ്ടു. ബസ് ലൈന്‍ ഓഫ് കണ്‍ട്രോളിലേക്ക് അടുക്കുകയാണ്. ബസ് പെട്ടെന്ന് നിന്നു. ഞങ്ങളെത്തി കഴിഞ്ഞു ഉറിയിലെ ഇന്ത്യാ പാക്ക് അതിര്‍ത്തിയില്‍. റോഡ് കടന്നു പോകുന്നതിന്റെ വലതു വശത്തു പാക്ക് അധിനിവേശ ഭൂമിയാണ്. വേലിക്കെട്ടുകള്‍ തീര്‍ത്തിരിക്കുന്നത് കാണാം. രാവിലെ 7 ന് തുടങ്ങിയ യാത്ര 11. 15 ന് ഉറിയിലെ കമാന്‍ പോസ്റ്റില്‍ അവസാനിച്ചു.

ഉറിയിലെ കമാന്‍ പോസ്റ്റിലെ ആദ്യ ചെക്കുപോസ്റ്റ് കടന്നു എത്തിയ സംഘത്തെ മേജര്‍ ആകാശ്‌സിംഗ് സ്വീകരിച്ചു. 23 വയസു മാത്രം പ്രായമുള്ള വെളുത്തു സുമുഖനായ ചെറുപ്പക്കാരനാണ് മേജര്‍. ബാരക്കുകളിലും ബങ്കറിലും തോക്കുകള്‍ ചൂണ്ടി ശ്രദ്ധയോടെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍. കമാന്‍ പോസ്റ്റിനെയും ഉറിയെയും കുറിച്ച് മേജര്‍ ആകാശ് സിംഗ് ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. പതിയെ മേജര്‍ നടന്നു തുടങ്ങി. ഉറച്ച കാല്‍വയ്‌പോടെ. ത്ധലത്തിന്റെ കൈവഴിയായ ഉറിവാലി നദിക്കു കുറുകെ നിര്‍മിച്ചിരിക്കുന്നപാലത്തിന് അരികിലേക്ക്. കമാന്‍ അമന്‍ സേതുവിലേക്ക്. വെള്ള ഛായം പൂശിയ പാലം. അതിനപ്പുറം പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ പോസ്റ്റും ബങ്കറുകളും. ഞങ്ങള്‍ക്കു മുന്നിലെ മലമുകളില്‍ നിരനിരയായി പാക്ക് ബങ്കറുകള്‍ കണ്ടു. കൂടാതെ തൂണുകളില്‍ ഘടിപ്പിച്ച നിരവധി നിരീക്ഷണ കാമറകളും. ഞങ്ങള്‍ എത്തിയതോടെ ഇന്ത്യന്‍ പോസ്റ്റില്‍ വെള്ള പതാക ഉയര്‍ന്നു. പക്ഷെ, പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. ഇതിനിടെ മേജര്‍ പറഞ്ഞു. നിങ്ങളുടെയെല്ലാം ഫോട്ടോ ഇതിനകം ലാഹോറിലെയും ഇസ്‌ലാമാബാദിലെയും സൈനീക കേന്ദ്രത്തില്‍ എത്തി കഴിഞ്ഞുവെന്ന്. കമാന്‍ പോസ്റ്റിന് വളരെ അകലത്തായി പാക്കിസ്ഥാന്റെയും ആസാദി കാശ്മീരിന്റെ പതാകള്‍ കെട്ടിയിരിക്കുന്നു. അവിടെയും ബങ്കറും പോസ്റ്റുകളും ഉണ്ട്. ഉറിവാലിയില്‍ പാക്ക് പട്ടാളത്തിന് ഒരു നിയന്ത്രണവുമില്ല. കാളകളെ പോലെ അഴിച്ചു വിട്ടിരിക്കുകയാണ്. ഏതു നിമിഷവും വെടിപൊട്ടാവുന്ന സ്ഥിതിയാണിവിടെ. കമാന്‍ അമന്‍ സേതു പാലത്തിന് തൊട്ടടുത്ത ബങ്കറില്‍ അത്യാധുനിക തോക്കും പിടിച്ചൊരു ഇന്ത്യന്‍ സൈനീകന്‍. പേരു ചോദിച്ചു. ചിരിക്കുന്ന മുഖത്തോടെ മറുപടിയെത്തി. ചന്ദര്‍സിംഗ്. ഉത്തരാഘഢ് സ്വദേശിയാണ്. പാക്കിസ്ഥാന്‍ പട്ടാളത്തോടും കലാപകാരികളോടും പോരാടാനുറച്ച് മുഖാമുഖം നില്‍ക്കുകയാണ് ചന്ദര്‍സിംഗ്. അതെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന അവസാന പട്ടാളക്കാരന്‍. ആദ്യം പോരാടുന്ന ചന്ദര്‍സിംഗ്. ചന്ദര്‍സിംഗെന്ന ധീരജവാന് സല്യൂട്ട് നല്‍കി പതിയെ തിരികെ നടന്നു. പ്രത്യഭിവാദം ചെയ്ത് ചന്ദര്‍ സിംഗ് തന്റെ തോക്കിന്റെ കാഞ്ചിയില്‍ വിരലുറപ്പിച്ച് നിന്നു. ഉറിവാലിയിലെത്തുന്ന ഓരോ ഇന്ത്യാക്കാരന്റെ മനസും ശരീരവും അപ്പോള്‍ ഒരു പോലെ ദേശസ്‌നേഹത്തില്‍ വിറകൊള്ളും. നമ്മുടെ രാജ്യം കാക്കുന്ന നമ്മെ കാക്കുന്ന സൈനീകര്‍ക്ക് ഒരായിരം അഭിവാദ്യങ്ങള്‍. അനുഭവമായി മാറിയ ഉറിവാലിയോടും ജവാന്‍മാരോടും സലാം ചൊല്ലി പതിയെ മടങ്ങുകയാണ്. ശ്രീനഗറിലേക്ക്…