വാക്ക് (ചിന്തകള്‍)
Pn. _nPpവാക്ക്. ഇത് വെറുംവാക്കല്ല. കണ്ണുനീരിനും പുഞ്ചിരിക്കുമിടയിലെ തുലാസാണു വാക്ക്. ഒരു ചെറുവാക്കുമതി ഒരുവന്റെ നെഞ്ചകം തണുപ്പിക്കാനും തകര്‍ക്കാനും. വാക്കുകളാല്‍ എപ്പോഴൊക്കയോ നാം സങ്കടപ്പെട്ടു, പലപ്പേഴായി തഴയപ്പെട്ടു, ഒരിക്കലായെങ്കിലും ആശ്വസിക്കപ്പെട്ടു.
വാക്കു പാലിക്കാന്‍ കഴിയാത്തതിനു സങ്കടപ്പെടുന്ന മകന്‍, സാരമില്ലന്നൊരു വാക്കില്‍ എല്ലാംപൊറുക്കാന്‍ പഠിപ്പിക്കുന്ന ഒരമ്മ, നിന്റെ വാക്കുകള്‍ അതിരുകടക്കുന്നു എന്ന് ശാസിക്കുന്ന ജേഷ്ഠന്‍, ആഗ്രഹിച്ചതിനപ്പുറം പറഞ്ഞുപോയതില്‍ ക്ഷമചോദിക്കുന്ന പങ്കാളി, നിന്റെ വാക്കുകള്‍ എന്നെ ഒരുപാടു ആശ്വസിപ്പിച്ചെന്ന് ഒരു സ്‌നേഹിതന്‍, ഇനി നീ വാക്കു മാറ്റരുതെന്ന് പെങ്ങള്‍, നിന്റെ വാക്കു വിശ്വസിച്ചതാണ് എന്റെ മണ്ടത്തരമെന്ന് കുറ്റപ്പെടുത്തു കൂട്ടുകാരന്‍, ഒരു വാക്കുപോലും മിണ്ടാതെ നിസഹായയായ മുത്തശി, ഇങ്ങനെ വാക്കുകള്‍കെണ്ട് അമ്മാനമാടിച്ചും നമ്മെ വാക്കില്‍ കുടുക്കിയും വാക്കുകള്‍ പലപ്പോഴും വിസ്മയിപ്പിക്കുന്നു.
വാക്കില്‍ വിക്കുള്ളവനെ വിക്കനെന്നും, അവന്റെ തലമുറയെ വിക്കന്റെ മകനെന്നും, വിക്കന്റെ കൊച്ചുമകനെന്നും വിളിച്ച് ആക്ഷേപിക്കും. ആരുപറഞ്ഞു വാക്കുകള്‍ അങ്ങനെയല്ല ഉച്ചരിക്കേണ്ടതെന്ന്.
വാക്കുകളില്‍ വിശ്വാസം നേടുക എളുപ്പമല്ല. വാക്കുകള്‍കൊണ്ട് എളുപ്പത്തില്‍ വിശ്വസിപ്പിക്കുന്നവരുമുണ്ട്. ഒരിക്കല്‍ ഒരു ചങ്ങാതി പറഞ്ഞത് ഓര്‍ക്കുന്നു ; പറയുമ്പോള്‍ ചിരിക്കുന്ന പെണ്ണിനെയും പറയുമ്പോള്‍ കരയുന്ന ആണിനെയും വിശ്വസിക്കരുതെന്ന്. ക്ഷമിക്കണം ചങ്ങാതി, കണ്ടിട്ടുണ്ട് ചുണ്ടുകൊണ്ടല്ല ചങ്കുകൊണ്ടു സംസാരുക്കുന്ന ആണുങ്ങളെ.
പറഞ്ഞുപോയ വാക്കില്‍ നാം സ്വയം താഴ്ത്തപ്പെട്ടു. പറയാതിരുന്ന വാക്കിനെ ഓര്‍ത്തു പലപ്പോഴായി നാം സ്വയം ശപിക്കുന്നു. പ്രണയിച്ചു പിരിഞ്ഞതിലും നോവ് പറയാതെപോയ പ്രണയത്തിനാണ്.
വാക്കുകള്‍കൊണ്ട് വിവാദങ്ങളും വിപ്ലവങ്ങളും യുദ്ധങ്ങളും വരെ സൃഷ്ടിച്ചവരുടെ ഭൂമിയാണ് നമ്മുടേത്. നാവു തീയാണെന്ന് വിശുദ്ധ ബൈബിള്‍. വാക്കുകളെ നിയന്ത്രിക്കുന്നവന് വീണ്ടുവിചാരമുണ്ടെന്നു സുഭാഷിതങ്ങള്‍. പ്രതികരണം വാക്കുകള്‍ക്കുമപ്പുറം മൗനംകൊണ്ടും സാധ്യമാണെന്ന് ക്രിസ്തു കാട്ടിത്തരുന്നുണ്ട്. സര്‍വ്വോപരി സര്‍വ്വതും സൃഷ്ടി വാക്കിലൂടെ എന്ന് വിശ്വാസം. പിന്നെ വാക്ക് ശരീരമായെന്നും.
ഒരു വാക്ക് തന്നെ ഉച്ചാരണ വ്യത്യാസത്തില്‍ പല അര്‍ത്ഥങ്ങള്‍ തരും. അറിയില്ല ഏതുസ്വരത്തില്‍ താങ്കള്‍ ഇതു വായിക്കുന്നു എന്ന്. എങ്കിലും ഇതിലൊരു വാക്കെങ്കിലും താങ്കളെ തൊടാതെ പോകുന്നെങ്കില്‍ മാപ്പ്.