സ്വാഭാവിക റബ്ബറും കുറെയധികം ചതിക്കുഴികളും (പരമ്പര: ഭാഗം മൂന്ന്)
എസ്. ചന്ദ്രശേഖരന് നായര്‍
നിലവില്‍ 25% തീരുവ നല്കി ഇറക്കുമതി ചെയ്യുന്നത് വിലക്കുറഞ്ഞ ബ്ലോക്ക് റബ്ബറാണ്. അത്തരം ബ്ലോക്ക് റബ്ബര്‍ ആഭ്യന്തര വിപണിയിലെ മുന്തിയ ഇനം റബ്ബര്‍ ഷീറ്റിനോടൊപ്പം മിക്സ് ചെയ്താണ് ഉത്പന്ന നിര്‍മ്മാണം നടത്തുന്നത്. എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കണക്കാക്കുന്നത് ഉപഭോഗത്തില്‍ നിന്ന് ഉത്പാദനം കുറവുചെയ്തിട്ടാണ്. പൂജ്യം തീരുവയില്‍ ഇറക്കുമതി ചെയ്ത് ആറുമാസത്തെ കാലാവധിക്കുള്ളില്‍ ഉത്പന്നങ്ങളാക്കി കയറ്റുമതി ചെയ്യുന്നത് ഉപഭോഗത്തില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. ഗാട്ട് കരാറിന് ശേഷം നടപ്പില്‍ വന്നതാകയാല് പഴയ നയത്തില്‍ മാറ്റം വന്നില്ല.
മൊബൈല്‍ ബാങ്കിംഗ് മാതൃകയില്‍ പ്രതിമാസ വാങ്ങല്‍, വില്ക്കല്, ബാലന്‍സ് സ്റ്റോക്ക്, പ്രൊസസിംഗ്, നിര്‍മ്മാണം, ഇറക്കുമതി, കയറ്റുമതി മുതലായവ റിപ്പോര്‍ട്ട് ചെയ്യുകയും ആട്ടോമാറ്റിക്കായി ഡാറ്റാ ക്രോഡീകരിക്കപ്പെടുകയും ചെയ്യാം. അപ്രകാരം ഓരോമാസത്തെ സ്ഥിതിവിവര കണക്ക് വാര്‍ത്തയും ഒരുമാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയും. അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം ചെയ്യുന്ന ഇറക്കുമതിയും നിര്‍മ്മിത ഉത്പന്ന കയറ്റുമതിയും പ്രത്യേകമായി പ്രസിദ്ധീകരിക്കണം. ആഭ്യന്തര ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം ആഭ്യന്തരമായിത്തന്നെ കുറയ്ക്കുവാനും ഇഫയലിംഗ് സംവിധാനം സഹായകമാകും.
തായ്ലന്റില് 9 ലക്ഷം ഹെക്ടര്‍ വനം കയ്യേറി കൃഷി ചെയ്ത റബ്ബര്‍ വെട്ടിമാറ്റുന്നു. അത് ഇന്ത്യയിലെ ആകെ വിസ്തൃതിയേക്കാള്‍ കൂടുതലാണ്. അത് അന്താരാഷ്ട്ര വില ഉയരുവാന് കാരണമാകും. എന്നാല്‍ ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന വിലയും 150 രൂപയും തമ്മിലുള്ള അന്തരം റബ്ബര്‍ കര്‍ഷകര്‍ക്ക് നല്കി ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. ആര്‍എസ്എസ് 4,5 ഗ്രേഡുകള്‍ക്കും, ലാറ്റെക്സിനു് 8 രൂപ കുറച്ചും മാത്രം 150 രൂപയായി പരിമിതപ്പെടുത്തുന്നതിലൂടെ ഗ്രേഡിംഗ് തിരിമറി നടത്തുന്ന വിപണിയില്‍ അനേകം കര്‍ഷകര്‍ക്ക് നീതി നിഷേധിക്കപ്പെടും. പ്രസ്തുത സബ്സിഡി കൊണ്ട് റബ്ബര്‍ വില താഴാതെ പിടിച്ചു നിറുത്താനോ, ഉയര്‍ത്താനോ കഴിയില്ലെങ്കില്‍ ആ സബ്സിഡി കൊണ്ട് എന്തു പ്രയോജനം? അതിന് പകരം ടാപ്പ് ചെയ്യാത്ത ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് 150 രൂപ വിലയായി ഉയരുന്നതുവരെ വിലവ്യത്യാസം ആനുകൂല്യം ആയി നല്കിയിരുന്നുവെങ്കില് റബ്ബര്‍ വില താഴാതിരിക്കുവാനോ, കൂടുവാനോ വഴിയൊരുങ്ങിയേനെ. റബ്ബര്‍ കര്‍ഷകര്‍ക്ക് മാത്രം രക്ഷപ്പെടാന്‍ കഴിയില്ല. എല്ലാ കര്‍ഷകര്‍ക്കും തുല്യ നീതി ലഭിച്ചാല്‍ മാത്രമെ കൃഷിക്ക് നിലനില്‍പ്പുള്ളു. ലാഭകൃഷിയിലേയ്ക്ക് കര്‍ഷകര്‍ കൂട്ടത്തോടെ ചേക്കേറിയാല്‍ സംഭവിക്കാവുന്ന വിപത്ത് വളരെ വലുതാണ്. റബ്ബറിന് മെച്ചപ്പെട്ട വില ലഭിച്ചപ്പോള്‍ ഭക്ഷ്യ വിളകളില്‍ നിന്ന് റബ്ബറിലേക്ക് ചേക്കേറിയത് അനേകം കര്‍ഷകരാണ്. വിലയിടിവ് ഉണ്ടായില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ പുതിയ ധാരാളം ഭക്ഷ്യവിളകള്‍ റബ്ബര്‍ തോട്ടങ്ങളായി മാറിയേനെ. കേരളമെന്ന പേരുമാറ്റി റബ്ബര്‍ നാട് എന്നാക്കേണ്ടിയും വന്നേനെ. നാണയപ്പെരുപ്പത്തിന് ആനുപാതികമായ വില ഉത്പാദകന് ലഭിച്ചാല്‍ മാത്രമെ ലാഭകരമായി കൃഷി ചെയ്യുവാന്‍ സാധിക്കുകയുള്ളു.
കോട്ടയം ജില്ലാ ജൈവകര്‍ഷക സമിതി സംഘടിപ്പിച്ച റബ്ബര്‍ കൃഷിയും കേരളത്തിന്റെ കാര്‍ഷിക ഭാവിയും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഏകദിന സെമിനാര്‍ ഉത്ഘാടനം ചന്ദ്രശേഖരന് നായര്‍ നിര്‍വ്വഹിച്ചു. എബി എമ്മാനുവേല്‍ സ്വാഗതവും, ജോര്‍ജ് മുല്ലക്കര അധ്യക്ഷ പ്രസംഗവും, ജോസ് അഗസ്റ്റിന് മുഖ്യ പ്രഭാഷണവും, റബ്ബര്‍ ബോര്‍ഡിലെ ഡോ. ജോഷ്വാ എബ്രഹാം റബ്ബര്‍ തോട്ടത്തിലെ ജൈവാംശത്തിന്റെ പ്രത്യേകതകള്‍ എന്ന വിഷയാവതരണവും നടത്തുകയുണ്ടായി.
ഇനിയും റബ്ബര്‍ കര്‍ഷകര്‍ കബളിപ്പിക്കപ്പെടുകതന്നെ ചെയ്യും. കാരണം കര്‍ഷകര്‍ക്ക് അറിവ് പകരേണ്ട മാധ്യമങ്ങള്‍ അഴിമതിക്ക് കൂട്ടു നില്ക്കുന്നു എന്നതുതന്നെ. റബ്ബര്‍ ബോര്‍ഡ് എഴുതിക്കൊടുക്കുന്നതോ, കക്ഷിരാഷ്ട്രീയക്കാര്‍ പ്രചരിപ്പിക്കുന്നതോ, സാമ്പത്തിക വിദഗ്ധര്‍ പറയുന്നതോ മാത്രം വെളിച്ചം കാണിക്കുകയാണ് മാധ്യമങ്ങള്‍. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവര കണക്കുകളില്‍ ബാലന്‍സ് സ്റ്റോക്ക് കര്‍ഷകരുടെ പക്കലും, ഡിലര്പ്രൊസസ്സര് മാരുടെ പക്കലും, ടയര്നിര്മ്മാതാക്കളുടെ പക്കലും, മറ്റ് നിര്‍മ്മാതാക്കളുടെ പക്കലും ഉള്ളത് പ്രസിദ്ധീകരിക്കുന്നു. ഉത്പാദനം, ഇറക്കുമതി, ഉപഭോഗം, കയറ്റുമതി മുതലായവ വിവിധ വിഭാഗങ്ങളില്‍ നിന്നാണ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്ലാനിംഗ് വിഭാഗത്തിന് ലഭിക്കുന്നത്. എന്നാല്‍ പ്രസ്തുത കണക്കുകള്‍ ക്രോഡീകരിക്കുമ്പോള്‍ വരവും ചെലവും ടാലിയാകാത്ത കള്ളക്കണക്കാണ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്ലാനിംഗ് വിഭാഗം പ്രസിദ്ധീകരിക്കുന്നത്. ഈ മാസത്തെ കണക്കുകളെല്ലാം അടുത്തമാസം ഇരുപതാം തീയതിക്ക് മുന്‍പ് ഡീലര്പ്രൊസസ്സര്, നിര്‍മ്മാതാക്കള്‍ എന്നിവരില്‍ നിന്ന് റബ്ബര്‍ ബോര്‍ഡിന്റെ സെക്രട്ടറിക്ക് ലഭിക്കുന്നു. അവ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുവാന്‍ നാലും, അഞ്ചും മാസം വേണ്ടിവരുന്നു. അതിനാല്‍ പല ക്രമക്കേടുകളും പഴയതായി മാറുകയും നിലവിലെ അവസ്ഥ മനസിലാക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നു.
കയറ്റുമതിക്കായി ലൈസന്‍സ് കൊടുക്കുന്നതും, അത് നിയന്ത്രിക്കുന്നതും റബ്ബര്‍ ബോര്‍ഡാണ്. താണവിലയ്ക്ക് ഉത്പാദക രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് കയറ്റുമതികള്‍ ചെയ്യപ്പെടുന്നു. ചില െ്രെപവറ്റ് സ്ഥാപനങ്ങള്‍ വളരെ ഉയര്‍ന്ന വിലയ്ക്കും കയറ്റുമതി ചെയ്യുന്നതായി കാണാം. റബ്ബര്‍ കയറ്റുമതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും റബ്ബര്‍ ബോര്‍ഡിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പക്കല്‍ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്നതാണ്. ഇന്ത്യയില്‍ ഉത്പാദനം കുറവാണ് എന്ന് പ്രചരിപ്പിക്കുകയും, കയറ്റുമതിക്ക് സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര വിലയിടിക്കുന്നതില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കും പങ്കുണ്ട്.
ഇറക്കുമതി നിയന്ത്രിക്കുന്നത് ഡി.ജി.എഫ്.റ്റിയാണ്. പ്രതിമാസ ഇറക്കുമതി കണക്കുകള്‍ റബ്ബര്‍ ബോര്‍ഡിന് ലഭിക്കുന്നത് അവിടെനിന്നാണ്. എന്നാല്‍ റബ്ബര്‍ ബോര്‍ഡാണ് ഇറക്കുമതിക്കായി എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കണക്കാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുന്നത്. ഉപഭോഗത്തില്‍ നിന്ന് ഉത്പാദനം കുറവുചെയ്താണ് റബ്ബര്‍ ബോര്‍ഡ് എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കണക്കാക്കുന്നത്. ഓപ്പണിംഗ് സ്റ്റോക്കും, ഉത്പാദനവും, ഇറക്കുമതിയും കൂട്ടിയാല്‍ കിട്ടുന്നത് 50% ആണെങ്കില്‍ ബാക്കി അന്‍പത് ശതമാനം ഉപഭോഗം (ഉപഭോഗം ആഭ്യന്തര ഉപഭോഗവും പൂജ്യം തീരുവയില്‍ ഉത്പന്ന കയറ്റുമതിക്കായി ഇറക്കുമതി ചെയ്യുന്നതും ചേര്‍ത്താണ്), കയറ്റുമതി, കണക്കിലെ ക്രമക്കേട്, ബാലന്‍സ് സ്റ്റോക്ക് എന്നിവ ചേര്‍ന്നതാണ്. അതിനാല്‍ കണക്കിലെ ക്രമക്കേടും, പൂജ്യം തീരുവയിലുള്ള ഇറക്കുമതിയും ഉപഭോഗത്തോടൊപ്പം ചേര്‍ന്നാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന റബ്ബര്‍ ഉപഭോഗത്തിന് തികയുന്നില്ല എന്നാക്കി മാറ്റുന്നത്. ഇറക്കുമതിക്കാര്‍ക്ക് എന്‍.ഒ.സി കൊടുക്കുന്നത് റബ്ബര്‍ ബോര്‍ഡാണ്. ഡി.ജി.എഫ്.റ്റിയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് ഇറക്കുമതി രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുന്നത്.
പ്രതിമാസ സ്ഥിതിവിവര കണക്കുകള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ ലഭ്യമാണ്. അത് ക്രോഡീകരിച്ചാണ് വാര്‍ഷിക സ്ഥിതിവിവര കണക്കുകള്‍ പ്രിന്റഡ് ആയി പ്രസിദ്ധീകരിക്കുന്നത്. വാര്‍ഷിക സ്ഥിതിവിവര കണക്ക് നെറ്റില്‍ ലഭ്യമല്ലാത്തതിനാല്‍ വിലകൊടുത്ത് വാങ്ങണം. കയറ്റുമതി, ഇറക്കുമതികളില്‍ മാറ്റം വരാറുണ്ടെങ്കിലും ബാലന്‍സ് സ്റ്റോക്കില്‍ ക്രമക്കേട് ഉള്‍പ്പെടെയാണ് ടാലി ആക്കാന്‍ കഴിയുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കയറ്റുമതിയിലുണ്ടാകുന്ന വര്‍ദ്ധന ബാലന്‍സ് സ്റ്റോക്കില്‍ പ്രതിഫലിക്കാറില്ല.