ജയിലില്‍ നിന്നും നിസാമിന്റെ ഫോണ്‍ വിളി ; മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിസാം ജയിലില്‍ നിന്നും ഫോണ്‍ വിളിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. നിസാമിന് അനര്‍ഹമായ സൗകര്യം ലഭിച്ച സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അനര്‍ഹമായ സൗകര്യങ്ങളും പരിഗണനയും ലഭിക്കുന്നുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നടപടി.
സംഭവത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ജയില്‍ വകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം, നിസാം ഫോണ്‍ ഉപയോഗിച്ചെന്ന വാര്‍ത്ത ജയില്‍ അധികൃതര്‍ നിഷേധിച്ചു. നിസാം ഫോണ്‍ ഉപയോഗിച്ചെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ജയില്‍ ഡി.ജി.പി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തും. ഉച്ചക്ക് ശേഷമായിരിക്കും പരിശോധനയെന്നാണ് വിവരം. അതേസമയം നിസാം ഫോണിലൂടെ വധഭീഷണി ഉയര്‍ത്തിയെന്ന് നിസാമിന്റെ സഹോദരന്മാര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. സഹോദരങ്ങളായ അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ് എന്നിവര്‍ പരാതി നല്‍കി. കമ്പനിയിലെ ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഭീഷണി. അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി തൃശ്ശൂര്‍ എസ്പി ആര്‍ നിശാന്തിനി അറിയിച്ചു.