തന്റെ കഴിവ് കുറഞ്ഞുവരുന്നു എന്ന് ധോണി ; ആരാധകര്‍ക്ക് നിരാശ
മൊഹാലി : ക്രിക്കറ്റ് ലോകത്തിലെ തന്നെ ബെസ്റ്റ് ഫിനിഷര്‍ എന്ന പേര് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ മഹേന്ദ്രസിംഗ് ധോണിയുടെ പേരിലാകും. എന്നാല്‍ ബെസ്റ്റ് ഫിനിഷര്‍ എന്ന തന്റെ കഴിവ് കുറഞ്ഞുവരികയാണ് എന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് ധോണി. പ്രായക്കൂടുതല്‍ തന്നെ തളര്‍ത്തുന്നുവെന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു ഇന്ത്യന്‍ നായകന്റെ വെളിപ്പെടുത്തല്‍. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇന്ത്യന്‍ നായകന് ധോണി നടത്തിയത്. തനിക്ക് ഈ കഴിവ് നഷ്ടമാകുന്നതായി മനസിലാക്കുന്നതിനാലാണ് ബാറ്റിങ് ഓര്‍ഡറില്‍ സ്വയം സ്ഥാനക്കയറ്റം നല്കി ബാറ്റിങ്ങിനിറങ്ങുന്നതെന്നും വെളിപ്പെടുത്തി. ബാറ്റിങ് ഓര്‍ഡറില്‍ താഴെ ഇറങ്ങുന്നതാണ് എന്റെ പതിവ്. കരിയറിലെ 200ല്‍ അധികം ഇന്നിങ്സുകളില്‍ ഇത്തരത്തിലാണ് ഞാന്‍ ബാറ്റു ചെയ്യാനെത്തിയിട്ടുള്ളത്. അടുത്തിടെയായി സ്ട്രൈക്ക് യഥേഷ്ടം കൈമാറാന്‍ എനിക്ക് സാധിക്കുന്നില്ല. അതുകൊണ്ടാണ് ബാറ്റിങ് ഓര്‍ഡറില്‍ നേരത്തെ ഞാന്‍ ബാറ്റു ചെയ്യാനെത്തുന്നത്. അങ്ങനെയെങ്കില്‍ മറ്റുള്ളവര്‍ക്ക് മല്‍സരം ഫിനിഷ് ചെയ്യാമല്ലോ ധോണി പറയുന്നു. എന്നാല്‍ ഇപ്പോഴും വലിയ ഷോട്ടുകള്‍ കളിക്കാനാണ് തന്റെ ശ്രമമെന്നും ധോണി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും നാലാം നമ്പറിലാണ് ധോണി ബാറ്റു ചെയ്യാനെത്തിയത്.