മലയാളികളുടെ ആയുസ് കുറയുന്നു എന്ന് പഠനങ്ങള്‍
തിരുവനന്തപുരം : മലയാളികളുടെ ആയുസ് കുറഞ്ഞു വരുന്നു എന്ന് പഠനങ്ങള്‍. കുറച്ചുകാലം മുന്‍പ് വരെ ആയുര്‍ ദൈര്‍ഘ്യത്തില്‍ ഒന്നാംസ്ഥാനത്തായിരുന്ന കേരളത്തെ മറികടന്ന് ജമ്മു കശ്മീര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരമാണിത്. ഒക്ടോബര്‍ 19നാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പുതിയ വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ആയുര്‍ ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ 2010വരെ കേരളമായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഇതാണ് ജമ്മു കശ്മീര്‍ മറികടന്നിരിക്കുന്നത്. വിവിധ പ്രായത്തിലുള്ളവരുടെ ആയുര്‍ദൈര്‍ഘ്യമാണ് കണക്കാക്കിയിരിക്കുന്നത്. ജനിച്ചതു മുതല്‍ 70 വയസുവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ജനിച്ചതു മുതലുള്ള കാര്യത്തില്‍ ഒഴികെ മറ്റെല്ലാ പ്രായത്തിലും ജമ്മു കശ്മീര്‍ കേരളത്തെ മറികടന്നിരിക്കുകയാണ്. ജനിച്ചതു മുതലുള്ളവരുടെ കാര്യത്തില്‍ കേരളത്തിനു തൊട്ടു പിന്നിലുള്ളത് ഡല്‍ഹിയാണ്. മൂന്നാം സ്ഥാനത്താണ് ജമ്മുകശ്മീരിന്റെ സ്ഥാനം. കേരളത്തില്‍ പുരുഷന്മാരുടെ ഉയര്‍ന്ന ആരോഗ്യ കാലം 19 വയസാണെന്നും സ്ത്രീകളുടേത് 24 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാറിയ ജീവിത സാഹചര്യവും ആഹാര രീതിയുമാണ് മലയാളികളുടെ ആയുസിനു വിലങ്ങുതടിയിട്ടത് എന്നത് പരസ്യമായ ഒരു രഹസ്യമാണ്. ചെറുപ്രായത്തില്‍ തന്നെ മലയാളി കുട്ടികളില്‍ കണ്ടുവരുന്ന രോഗങ്ങളുടെ എണ്ണം എടുത്താല്‍ മാത്രം മതി നമ്മുടെ പോക്ക് എങ്ങോട്ടാണ് എന്ന് മനസിലാക്കുവാന്‍.