ഇന്ത്യയുടെ ആണവശേഷിയില്‍ ഭയന്ന് പാക്കിസ്ഥാന്
ഇസ്ലാമാബാദ് : കാര്യം അതിര്‍ത്തിയില്‍ എന്തൊക്കെ ബഹളങ്ങള്‍ ഉണ്ടാക്കുമെങ്കിലും ഒരു വിഷയത്തില്‍ പാക്കിസ്ഥാന് ഇന്ത്യയെ നല്ല ഭയമാണ് എന്ന് വാര്‍ത്തകള്‍. ഇന്ത്യയുടെ ആണവശേഷിയാണ് പാക്കിസ്ഥാനെ ഇപ്പോള്‍ ഭയപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് ഇസ്ലാമാബാദ് നടത്തിയ പഠനത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പാകിസ്ഥാനെ ഞെട്ടിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് വന്‍ തോതിലുള്ള ആണവ ശേഷിയുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 356നും 492നും ഇടയില്‍ ബോംബ് നിര്‍മിക്കാനുള്ള സാങ്കേതിക ശേഷി ഇന്ത്യയ്ക്കുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. നിലവിലുള്ള പഠനങ്ങളില്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ ആണവശേഷി ഇന്ത്യയ്ക്കുണ്ടെന്നാണ് ഇവരുടെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ആണവ ശേഷിയെ കുറിച്ചും അതിന്റെ യഥാര്‍ഥ ചരിത്രത്തെ കുറിച്ചും അതിന്റെ വ്യാപ്തിയെ കുറിച്ചുമൊക്കെ മനസിലാക്കുന്നതിനു വേണ്ടിയായിരുന്നു പഠനം. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഇന്ത്യയ്ക്ക് വന്‍ തോതില്‍ ആണവ ശേഷി ഉണ്ടെന്ന കാര്യത്തില്‍ തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നാണ് പഠനം നടത്തിയവരുടെ അവകാശവാദം. ഈ പഠനം ആധികാരികവും, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടത്തിയിരിക്കുന്നതെന്നും പാകിസ്ഥാന് അറ്റോമിക് എനര്‍ജി കമ്മിഷന് മുന്‍ ചെയര്മാന് അന്‍സാര്‍ പര്‍വേസ് പറയുന്നു. ഇന്ത്യയുടെ സുരക്ഷിതമല്ലാത്ത ആണവപദ്ധതികള്‍ എന്ന പേരിലാണ് പഠനം നടത്തിയിരിക്കുന്നത്. അദീല അസം, അഹമ്മദ് ഖാന്, മുഹമ്മദ് അലി, സമീര്‍ ഖാന് എന്നീ നാല് ആണവ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.