ചരിത്ര നിയോഗവുമായി ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് അഭിഷിക്തനായി
ഫാ. ജിജോ വാകപറമ്പില്‍
വത്തിക്കാന്‍സിറ്റി: യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലനപരവും ആത്മീയവുമായ കാര്യങ്ങളെ ഏകോപിപ്പിക്കുവാന്‍ മെത്രാന് തുല്യമായ അധികാരത്തോടെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ആയി നിയമിതനായിരിക്കുന്ന മോണ്‍സിഞ്ഞോര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേക കര്‍മ്മങ്ങള്‍ വിശുദ്ധ നഗരമായ റോമില്‍ നടന്നു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൈവെപ്പു വഴി അഭിഷിക്തനാക്കപ്പെട്ട ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് യൂറോപ്പില്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചരിത്ര മെഴുതി. റോമിലെ സെന്റ് പോള്‍ പേപ്പല്‍ ബസിലിക്കയില്‍ ആദ്യമായാണ് സീറോ മലബാര്‍ സഭയിലെ ഒരു മെത്രാന് അഭിഷിക്തനാകുന്നത്.
റോമിലെ പ്രാദേശിക സമയം രാവിലെ 10 മണിക്ക് പ്രദക്ഷിണത്തോടെ ആരംഭിച്ച കര്‍മ്മങ്ങള്‍ക്ക് പൗരസ്ത്യതിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി, ഇരിഞ്ഞാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലിയര്‍പ്പണം നടന്നു. യൂറോപ്പിലെയും സീറോ മലബാര്‍ സഭയിലെയും മേലധ്യക്ഷന്മാരും വത്തിക്കാന്‍ കാര്യാലയത്തിലെ പ്രധിനിധികളും വിവിധ സന്ന്യാസ സഭകളുടെ ജനറാള്‍മാരും പ്രൊവിന്‍ഷ്യല്‍മാരും ക്ഷണിക്കപ്പെട്ട അതിഥികളും നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും സെമിനാരിക്കാരും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിച്ചേര്‍ന്ന ആയിരകണക്കിന് വിശ്വാസികളും ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷികളായി.
പേപ്പല്‍ ബസിലിക്കയുടെ ആര്ച്പ്രീസ്റ്റ് കര്‍ദിനാള്‍ ജെയിംസ് മൈക്കല്‍ ഹാര്‍വെ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതമരുളി. പൗരസ്ത്യതിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലയനാര്‍ദോ സാന്ദ്രി ആണ് വചനസന്ദേശം നല്‍കിയത്. മോണ്‍സിഞ്ഞോര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനെ യൂറോപ്പിലെ സീറോ മലബാര്‍ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററും രൂപതയുടെ സ്ഥാനിക മെത്രാനുമായി നിയോഗിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഔദ്യോഗിക നിയമന പത്രം പൗരസ്ത്യ തിരുസംഘത്തിലെ സീറോ മലബാര്‍ സഭയുടെ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മോണ്‍സിഞ്ഞോര്‍ മക്ലീന് കമ്മിങ്ങ്സ് വായിച്ചു.
അയര്‍ലണ്ടില്‍ ഉള്ള സ്ലെബ്റ്റെ രൂപതയുടെ സ്ഥാനിക മെത്രാനും യൂറോപ്പിലെ സീറോ മലബാര്‍ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററും ആയി മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനെ ഉയര്‍ത്തുന്ന സ്ഥാനാരോഹണ കര്‍മ്മങ്ങള്‍ക്ക് പൗരസ്ത്യ തിരുസംഘതലവന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി മുഖ്യ കാര്‍മികത്വം നിര്‍വഹിച്ചു. സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലബാര്‍ പ്രവാസികള്‍ക്കുവേണ്ടിയുള്ള കമ്മീഷന് ചെയര്മാന് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എം.എസ്.ടി എന്നിവര്‍ സഹകാര്‍മികരായിരുന്നു. സീറോ മലങ്കര സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ അപ്പസ്തോലിക് വിസിറ്റേറ്റര്‍ക്കും സീറോ മലബാര്‍ സഭയ്ക്കും യൂറോപ്പിലെ വിശ്വാസികള്‍ക്കും അഭിനന്ദനങ്ങളും ആശംസകളും പ്രാര്ത്ഥ നകളും നേര്‍ന്നു. മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മറുപടി പ്രസംഗത്തോടെ മെത്രാഭിഷേക- സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നാന്ദി കുറിച്ചു.
സ്റ്റീഫന്‍ പിതാവിന്റെ ബന്ധുവും ഇരിഞ്ഞാലക്കുട രൂപതയിലെ മാള ഫൊറോന വികാരിയുമായ റവ. ഫാ. പയസ് ചിറപ്പണത്ത്, അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന് എന്നിവര്‍ തിരുകര്‍മങ്ങളില്‍ ആര്ച്ച്ഡീക്കന്മാരായും മോണ്‍സിഞ്ഞോര്‍ ആന്റണി നരികുളം, റവ. ഡോ. ക്ലമന്റ് ചിറയത്ത് തുടങ്ങിയവര്‍ മാസ്റ്റേഴ്സ് ഓഫ് സെറിമണീസ് ആയും പ്രവര്‍ത്തിച്ചു. റോമിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വൈദീകരും സന്യസ്തരും സെമിനാരിക്കാരും ഇറ്റലിയില്‍ സേവനം ചെയ്യുന്ന അത്മായ സഹോദരങ്ങളും അടങ്ങുന്ന അമ്പത് അംഗങ്ങളുള്ള ഗായക സംഘത്തിന് ഫാ. ബിനോജ് മുളവരിക്കല്‍ നേതൃത്വം നല്കി.
ആര്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ മാത്യു മൂലക്കാട്ട്, ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ്പുമാരായ മാര്‍ സെബാസ്ട്യന് വടക്കേല്‍, മാര്‍ ആന്റണി ചിറയത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോയ് ആലപ്പാട്ട്, ഡോ. വര്‍ഗീസ് തോട്ടങ്കര, തുടങ്ങി നിരവധി മേലധ്യക്ഷന്മാരും 3000ത്തില്‍ പരം വിശ്വാസികളും നൂറുകണക്കിന് വൈദികരും സന്യസ്തരും ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികളും ഓസ്ട്രിയ, ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ഡെന്മാര്ക് എന്നീ യൂറോപ്പ്യന്‍ രാജ്യങ്ങളിലെ സീറോമലബാര്‍ കോ-ഓര്‍ഡിനേറ്റര്‍മാരും റോമിലെ ഇന്ത്യന്‍ അംബാസിഡറിന്റെ പ്രധിനിധിയും വിവിധ ഓഫീസുകളില്‍നിന്നുള്ള പ്രധിനിധികളും ചടങ്ങുകളില്‍ പങ്കെടുത്തു.
മെത്രാഭിഷേകത്തിന്റെ രക്ഷാധികാരി വത്തിക്കാനിലെ പ്രവാസി കാര്യാലയത്തിന്റെ സെക്രട്ടറിയായി സേവനം ചെയുന്ന മലയാളികൂടിയായ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആയിരുന്നു. മോണ്‍സിഞ്ഞോര്‍ പിയര്‍ പൗളോ ഫെലിക്കോളോയും റവ. ഫാ. വര്‍ഗീസ് കുരിശുത്തറയും സഹരക്ഷാധികാരികള്‍ ആയിരുന്ന 150 അംഗങ്ങള്‍ ഉള്ള വിപുലമായ കമ്മറ്റിയുടെ ജനറല്‍ കണ്‍വീനര്‍ റവ. ഡോ. ചെറിയാന് വാരിക്കാട്ട് ആയിരുന്നു. റവ. ഡോ. ചെറിയാന് തുണ്ടുപറമ്പില്‍ സി.എം.ഐ, റവ. ഫാ. വിന്‍സന്റ് പള്ളിപ്പാടന്‍ എന്നിവര്‍ സഹ-കണ്വീനര്മാരായിട്ടുള്ള കമ്മറ്റിയെ റവ. ഫാ. ബിജു മുട്ടത്തുകുന്നേല്‍, റവ. ഫാ. റെജി കൊച്ചുപറമ്പില്‍, റവ. ഫാ. ബിനോജ് മുളവരിക്കല്‍ എന്നിവര്‍ കോ- ഓര്‍ഡിനേറ്റു ചെയ്തു. റോമില്‍ ഉന്നത പഠനം നടത്തുന്ന, വിവിധ ഇടങ്ങളില്‍ സേവനം ചെയുന്ന വൈദികരുടെയും സന്യസ്തരുടെയും പ്രധിനിധികളും റോമിലെ വിവിധ സീറോ മലബാര്‍ കൂട്ടായ്മകളിലെ കമ്മറ്റി അംഗങ്ങളും കൈക്കാരന്മാരും വ്യത്യസ്ത കമ്മറ്റികളായി തിരിഞ്ഞു ചടങ്ങുകളുടെ വിജയത്തിനായി തീവ്രമായി പരിശ്രമിച്ചു.