അറിയാതെ പോകരുത് ഈ ദുരന്തം: മരുഭൂമിയിലെ തണല്‍ മരങ്ങള്‍ പ്രകാശനം ചെയ്യുമ്പോള്‍ പിറന്ന നാട് സ്പനം കണ്ട് ലത്തീഫ് തെച്ചി
ഷാര്‍ജ: മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത ഉദാഹരണങ്ങള്‍ ലോകം ചര്‍ച്ച ചെയ്യുമ്പോള്‍, ഉത്തരം നല്‍കാന്‍ കഴിയാത്ത ഒരു നോവായി റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ ലത്തീഫ് തെച്ചിയുടെ ജീവിതവും ബാക്കിയാവുകായാണ്. നവംബര്‍ 6ന് അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ശാന്താ തുളസിധരന്‍ എഴുതിയ ‘മരുഭൂമിയിലെ തണല്‍ മരങ്ങള്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം നടക്കുകയാണ്.
പുസ്തകമായ വ്യക്തിയുടെ മഹാമനസ്‌കതയും, പുണ്യവും, അത് ലോകത്തിന്റെ മുമ്പില്‍ തുറന്നെഴുതിയ ശാന്തതുളസീധരന്‍ ടീച്ചറുടെ ധീരതയും ഈ ദിവസങ്ങളില്‍ വാര്‍ത്തയാകും. എന്നാല്‍ മനുഷ്യസ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായി സ്വജീവിതം അടിയറവച്ച ലത്തീഫ് തെച്ചിയ്ക്ക് സൗദിയില്‍ നിന്നും ഷാര്‍ജയില്‍ നടക്കുന്ന ഈ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോലുമാകില്ല. നാരയണന്‍ എന്ന വയോധിക പിതാവിനെ നാട്ടിലെത്തിച്ചത്തിനു സ്വയം ഏറ്റുവാങ്ങിയ ശിക്ഷയാണ് ഈ ശൂന്യത. ഒരു നിരപരാധിയെ രക്ഷിക്കാന്‍ ലത്തീഫ് നടത്തിയ പോരാട്ടമാണ് അദ്ദേഹത്തെ അപരാധിയാക്കി നിയയത്തിന്റെ മുന്നില്‍ വിട്ടുകൊടുത്തത്.
ആരാണ് ലത്തീഫ് തെച്ചി? എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഇന്ന് സൗദി അറേബ്യ വിട്ടുപോകാന്‍ അനുമതിയില്ലാത്തത്. തന്റെ യൗവനം അച്ഛന് നല്‍കി വാര്‍ധക്യം ഏറ്റു വാങ്ങിയ പുരുവിന്റെ കഥയെ പോലും വെല്ലുന്ന അനുഭവങ്ങളുടെ തീച്ചൂളയിലൂടെയാണ് തെച്ചി ഇന്ന് കടന്നുപോകുന്നത്. ജയില്‍ ശിക്ഷ അനുഭവിച്ച് വര്‍ഷങ്ങളായി നാട്ടില്‍ വരാന്‍ സാധിക്കാതിരുന്ന വയോധികനായ പിതാവിന് പകരം സൗദി കോടതിയില്‍ ഹാജരായ കുറ്റത്തിനാണ് ലത്തീഫ് തെച്ചി സ്വന്തം പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ പോലും പങ്കെടുക്കാനാകാതെ കഴിയേണ്ടി വന്നത്.
അകാരണമായി ജയിലില്‍ അകപ്പെട്ടു പോയ നാരായണന്‍ എന്ന വ്യക്തിയ്ക്ക് 22 വര്‍ഷത്തെ പ്രവാസവും, 5 വര്‍ഷത്തെ ജയില്‍വാസവും അവസാനിപ്പിച്ച് നാടണയാന്‍ തെച്ചി സ്വയം ആ കേസ് ഏറ്റെടുത്തപ്പോള്‍ നഷ്ടപ്പെട്ടത് പിറന്ന മണ്ണ് കാണാനും പ്രിയപ്പെട്ടവരോട് ചേര്‍ന്നിരിക്കാനുമുള്ള അദ്ദേഹത്തിന്റെ ഭാഗ്യമായിരുന്നു. സൗദിയിലെ നിയമ കുരുക്കില്‍ അകപ്പെട്ടു സ്വന്തം രാജ്യത്തോ മറ്റേതെങ്കിലും രാജ്യത്തോ പോകാന്‍ കഴിയാതെ അവസ്ഥയില്‍ അദ്ദേഹത്തിന്റെ ജീവിതം ഇന്ന് സൗദയില്‍ തളയ്ക്കപ്പെട്ടു. നാരായണേട്ടന്‍ സ്വന്തം അമ്മക്ക് ഒപ്പം ഇന്ന് സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ലത്തീഫ് തെച്ചിയ്ക്ക് സുഖമില്ലാത്ത സ്വന്തം ഉമ്മയെ കാണാന്‍ പോലുമാകാതെ നിയമനടപടികളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ചെയ്യാത്ത കുറ്റത്തിന് കേസില്‍ അകപ്പെട്ട നാരായണന്‍ എന്ന വ്യക്തിയെ നാട്ടില്‍ എത്തിക്കാന്‍ തെച്ചി നടത്തിയ ശ്രമങ്ങളാണ് അദേഹത്തിന് ഇങ്ങനെയൊരു ദുരന്തം സമ്മാനിച്ചത്. വണ്ടി കഴുകുന്ന സ്ഥലത്ത് നിന്ന് ഒരു കാര്‍ കളവു പോയ കേസിന്, അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷയും, 1,15,000 (ഒരു ലക്ഷത്തി പതിനയ്യായിരം റിയാല്‍) നാരായണനില്‍ നിന്നും നഷ്ടപ്പെട്ട കാറിന്റെ ഉടമ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് നടത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കോടതിയിയില്‍ ലത്തീഫ് തെച്ചിയുടെ നേതൃത്വത്തില്‍ മധ്യസ്ഥം ഉന്നയിക്കുകയും കാറിന്റെ ഉടമ 60,000 റിയാലായി നഷ്ടപരിഹാരം നിജപ്പെടുത്തി. എന്നാല്‍ കേസിന്റെ നൂലാമാലകള്‍ കഴിയാതെ നാരായണന് നാട്ടില്‍ പോകാന്‍ കഴിയാത്ത സ്ഥിതി വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രായവും അവശതയും, വൃദ്ധയായ അമ്മയെ കാണാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും കണക്കിലെടുത്ത് തെച്ചി കേസ് തന്റെ പേരിലേക്ക് മാറ്റി. ഒടുവില്‍ തെച്ചിയുടെ സുഹൃത്തുക്കളും നല്ലവരായ ആളുകളും ചേര്‍ന്ന് ടിക്കറ്റ് നല്‍കി നാരായണേട്ടനെ നാട്ടില്‍ എത്തിച്ചു. ഉടമ ആവശ്യപ്പെട്ട പണം, സൗദി രാജാവിന്റെ പാവങ്ങള്‍ക്ക് വേണ്ടിയുള്ള സകാത്ത് ഫണ്ടില്‍ നിന്നും ലഭിച്ചാല്‍, കോടതിയില്‍ അടക്കാമെന്ന പ്രതീക്ഷയിലായിരുന്നു തെച്ചിയും സുഹൃത്തുക്കളും കാര്യങ്ങള്‍ നീക്കിയത്. അതിനുള്ള പേപ്പര്‍ വര്‍ക്കുകളും ചെയ്തിരുന്നു. എന്നാല്‍ കാര്യങ്ങള്‍ക്ക് കാലതാമസം വരികയും വിചാരണക്ക് നടുവില്‍ ജഡ്ജി മാറുകയും പുതിയ ജഡ്ജി നാരായണന്‍ തന്നെ ഹാജരാകണം എന്ന് ആവശ്യപ്പെടുകയുമായിരുന്നു.
നാരായണന്‍ 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആദ്യമായി സൗദിയില്‍ നിന്നും നാട്ടില്‍ പോയത്, തന്നെയുമല്ല തീരെ അവശനുമാണ്, ഇനിയിങ്ങോട്ടു വരാന്‍ കഴിയില്ല, തന്നെ വെച്ച് തന്നെ കേസ് വാദിക്കാന്‍ കനിവുണ്ടാകണം’, സുധീരമായ മറുപടി ആയിരുന്നു തെച്ചി കോടതിയോട് അറിയിച്ചത്. എന്നാല്‍ കോടതി തീരുമാനത്തില്‍ ഇളവ് വരുത്തിയില്ല. സ്വന്തം ഉമ്മയെ കാണാനുള്ള ആവശ്യത്തിനായി റീ എന്‍ട്രി അപേക്ഷിച്ച തെച്ചിയ്ക്ക് സൗദിക്കു പുറത്തു പോകാന്‍ കഴിയാത്ത വിധം രാജ്യത്തിന്റെ ബ്ലാക്ക് ലിസ്റ്റില്‍ അകപ്പെടുകയായിരുന്നു.

ലത്തീഫ് തെച്ചിയും ലേഖകനും റിയാദിലുള്ള സൗദി കോടതിയ്ക്ക് മുമ്പിൽ
സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും യാത്രാനുമതി ലഭിക്കാത്തതിനാല്‍ തന്റെ ജീവിതമാകുന്ന പുസ്തക പ്രകാശന ചടങ്ങിലും, അസുഖകാവസ്ഥയിലുള്ള വൃദ്ധമാതാവിനെ സന്ദര്‍ശിക്കാനോ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം ഇന്ന്. കാറിന്റെ ഉടമസ്ഥന്‍ ആവശ്യപ്പെട്ട അറുപതിനായിരം റിയാല്‍ കണ്ടെത്തല്‍ ലത്തീഫ് തെച്ചി പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ തയ്യാറാണെങ്കിലും, കോടതിവിധിയുടെ തനിക്ക് അനോകൂലമായ ഒരു വിധി കിട്ടുമെന്ന വിശ്വാസത്തില്‍ ദിവസങ്ങളും മാസങ്ങളും തള്ളി നീക്കുകയാണ് അദ്ദേഹം. അതേസമയം ഈ കേസില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ കാര്യമായി ഉണ്ടായിട്ടില്ല എന്നാണു ലഭിക്കുന്ന വിവരം. യഥാര്‍ത്ഥ രാജ്യസ്‌നേഹത്തിന്റെ പതാകയേന്തിയ ലത്തീഫ് തെച്ചിക്ക് ഉണ്ടായ അനുഭവം ഏവര്‍ക്കും പാഠമാകേണ്ടതാണ് ഒപ്പം അദ്ദേഹത്തെ സ്വതന്ത്രനാക്കാനുള്ള നീക്കവും കോടതി നടപടികളോടൊപ്പം അടിയന്തിരമായി നടക്കണം.