ട്രംപോ ഹില്ലാരിയോ അമേരിക്കയില്‍ വിധിയെഴുത്ത് ഇന്ന് ; മുന്‍തൂക്കം ഹില്ലാരിക്ക് എന്ന് റിപ്പോര്‍ട്ടുകള്‍
വാഷിംഗ്ടണ്‍ : അമേരിക്കയുടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. ലോകം തന്നെ ഉറ്റുനോക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമാണ് ഏറ്റുമുട്ടുന്നത്. തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണാണ് നേരിയ മുന്‍തൂക്കം. 65 ശതമാനം സാധ്യതയാണ് അഭിപ്രായ സര്‍വേകളില്‍ ഹിലരിക്ക് ലഭിക്കുന്നത്. സര്‍വേഫലങ്ങള്‍ പ്രതികൂലമാകുമ്പോഴും ഉറച്ച ആത്മവിശ്വാസത്തിലാണ് ട്രംപും അനുയായികളും. ഇ മെയില്‍ കേസില്‍ എഫ് ബി ഐ ഡയറക്ടര്‍ ക്ലീന്‍ചിറ്റ് നല്‍കിയത് ഹിലരി ക്ലിന്റണ് നേട്ടമായി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് ഹിലരിക്കെതിരെ ഇ മെയില്‍ കേസില്‍ നടപടിയുണ്ടാകില്ലെന്ന് എഫ് ബി ഐ ഡയറക്ടര്‍ വ്യക്തമാക്കിയത്. ഇടത്തരക്കാരുടെയും കറുത്ത വര്‍ഗക്കാരുടെയും വോട്ടുകളാണ് ഹിലരി ലക്ഷ്യമിടുന്നത്. സമൂഹത്തിലെ ഉന്നതരെയാണ് സാധാരണഗതിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ലക്ഷ്യമിടാറുള്ളതെങ്കിലും ട്രംപിന്റെ കടുത്ത കുടിയേറ്റവിരുദ്ധ, തീവ്ര വലതുപക്ഷ നിലപാടുകള്‍ പരമ്പരാഗത പാറ്റേണിന് പുറത്തുള്ള വോട്ടുകളും ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍.
യുഎസിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും വിവാദം നിറഞ്ഞതും കടുപ്പമേറിയതുമായ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ഹല്ലരിയാണ് ജയിക്കുന്നതെങ്കില്‍ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റെന്ന ചരിത്രം പിറക്കും. ആകെ 22.58 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 4.2 കോടി പേർ ഞായറാഴ്ചയോടെ വോട്ട് ചെയ്തു. 538 അംഗ ഇലക്ടറൽ കോളജിൽ 270 കിട്ടുന്നയാളാണു ജയിക്കുക. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വാഷിംഗ്ടണ്‍ പോസ്റ്റും എബിസി ന്യൂസും നടത്തിയ സര്‍വെയില്‍ 48 ശതമാനം വോട്ടു നേടി ഹില്ലരി വ്യക്തമായ മുന്‍തൂക്കം ഉറപ്പിച്ചപ്പോള്‍ ട്രംപിന് 43 ശതമാനം പിന്തുണയാണ് ലഭിച്ചത്. വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വെയിലും ഹില്ലരിക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. ഫൈവ് തേര്‍ട്ട് എയ്റ്റ് ഡോട്ട് കോം നടത്തിയ സര്‍വെയില്‍ ഹില്ലരിക്ക് 65 ശതമാനം സാധ്യത കല്പ്പിക്കുമ്പോള് ട്രംപിന് 36.4 ശതമാനം സാധ്യത മാത്രമാണ് പ്രവചിക്കുന്നത്.
ഇരു പാര്‍ട്ടികള്‍ക്കും തുല്യ പ്രാധാന്യമുള്ള സ്റ്റേറ്റുകളാകും വിധി നിര്‍ണയിക്കുക. പെന്‍സല്‍വാനിയ, വിര്‍ജിനിയ, ഫ്ളോറിഡ, നോര്‍ത്ത് കരോലിന, മിഷിഗണ്‍ എന്നീ സ്റ്റേറ്റുകളില്‍ നില ശക്തമാക്കാനാണ് അവസാദ ദിവസവും ട്രംപ് ശ്രമിച്ചത്. യു എസ് പ്രസിഡന്റ് ബരാക് ഒബാമക്കും ഭാര്യ മിഷേലിനുമൊപ്പം ഫിലാഡല്‍ഫിയയിലെ ഇന്‍ഡിപെന്‍ഡന്‍സ് ഹാളില്‍ ഹിലരി പ്രചാരണം നടത്തി. നാല് കോടിയിലധികം ആളുകള്‍ ഇതിനകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.