ബാങ്കുകളില്‍ നടക്കുന്ന നിക്ഷേപങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ തീരുമാനം ; സ്വര്‍ണ്ണം വാങ്ങിയാലും കുടുങ്ങും
നോട്ടുകളുടെ നിരോധനത്തിന് ശേഷം ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഇന്ന് ബാങ്കുകളില്‍ നടക്കുന്ന നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കുമെന്ന് വാര്‍ത്തകള്‍. വ്യക്തികള്‍ നടത്തുന്ന വന്‍ തുകയുടെ ഇടപാടുകള്‍ക്ക് മേല്‍ ആദായ നികുതി വകുപ്പിന്റെ കണ്ണുകള്‍ എപ്പോഴുമുണ്ടാകും. പഴയനോട്ടു കൊടുത്ത് ഒരു ദിവസം പണമായി മാറ്റിയെടുക്കാന്‍ കഴിയുന്നത് 4000 രൂപ മാത്രമാണ്. എന്നാല്‍ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ഇങ്ങനെ നിക്ഷേപിക്കുന്ന തുകയ്ക്ക് നിയന്ത്രണങ്ങള്‍ ഒന്നും നിലവില്‍ വരുത്തിയിട്ടില്ലെങ്കിലും ഡിസംബര്‍ 30 വരെ വലിയ തുകകള്‍ നിക്ഷേപിക്കുന്നവരെ നിരീക്ഷിക്കാനും അവരുടെ വരുമാനം പരിശോധിക്കാനുമാണ് തീരുമാനം.
രണ്ടര ലക്ഷത്തിന് മുകളില്‍ പണം നിക്ഷേപിച്ചവരുടെയെല്ലാം വിവരങ്ങള്‍ ബാങ്കുകള്‍ നികുതി വകുപ്പിന് നല്‍കും. ഇവരുടെ ആദായ നികുതി റിട്ടേണുമായി നിക്ഷേപിച്ച പണം താരതമ്യം ചെയ്ത ശേഷം വരവില്‍ കവിഞ്ഞ സമ്പാദ്യമുണ്ടെന്ന് കണ്ടെത്തിയാല്‍ പിടികൂടും. എന്നാല്‍ ചെറിയ വരുമാനം മാത്രമുള്ള സാധാരണക്കാരെയോ ചെറുകിട വ്യാപാരികളെയോ ഒന്നും നിരീക്ഷിക്കില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
10 ലക്ഷത്തിന് മുകളില്‍ പണം നിക്ഷേപിക്കുകയും ആദായ നികുതി റിട്ടേണില്‍ പണത്തിന് ഉറവിടം വ്യക്തമാക്കുകയും ചെയ്യാത്തവരുടെ പണം നികുതി വെട്ടിപ്പായി കണക്കും. ഇവരില്‍ നിന്ന് നിയമപ്രകാരമുള്ള നികുതി ഈടാക്കുന്നതിനൊപ്പം 200 ശതമാനം പിഴയും ഈടാക്കും. കണക്കില്ലാത്ത പണം ഉപോയോഗിച്ച് സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കാന്‍ പദ്ധതിയുന്നവരുണ്ടെന്നും അതുകൊണ്ടും രക്ഷപെടാന്‍ കഴിയില്ലെന്നും നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാവണം ബില്ലുകള്‍ നല്‍കേണ്ടതെന്ന് നേരത്തെതന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് എല്ലാ ജ്വല്ലറികളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് നികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജ്വല്ലറി ഉടമകളുടെ പണം ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ ഇവര്‍ നല്കിയ കണക്ക് പ്രകാരമുള്ള വില്പനയാണോ നടന്നതെന്നും പാന്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ നികുതി പരിധിയില്‍ വാരാത്ത സാധാരണക്കാര്‍ ഒരു നിലയ്ക്കും പ്രയാസപ്പെടേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആദായ നികുതി പരിധിക്ക് പുറത്ത് വരുമാനമുണ്ടായിട്ടും നികുതിയടയ്ക്കാതെ പണം കൈയ്യില്‍ സൂക്ഷിച്ചിരുന്നവര്ക്കാണ് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുക എന്ന് ചുരുക്കം.