എ ടി എമുകള്‍ പഴയനിലയില്‍ ആകുവാന്‍ രണ്ടാഴ്ചയോളം സമയെടുക്കും ; ദുരിതം നീളുമെന്ന് സാരം

atm-7591gggപണമില്ലാതെയുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് തുടരുമെന്ന് വ്യക്തം. ബാങ്കിലെ തിരക്കുകള്‍ കാരണം എ ടി എം വഴി പണം പിന്‍വലിക്കാം എന്ന് കരുതിയാണ് നിങ്ങള്‍ ഇരിക്കുന്നത് എങ്കില്‍ അതും ഉടനെയൊന്നും സാധ്യമല്ല. കാരണം രാജ്യത്തെ എ ടി എമ്മുകളുടെ പ്രവര്‍ത്തനം പഴയനിലയിലാകുവാന്‍ ഇനിയും രണ്ടാഴ്ചയോളം സമയമെടുക്കുമെന്ന് വാര്‍ത്തകള്‍. എ ടി എമ്മുകളില്‍ ആവശ്യത്തിന് പണമെത്തിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ചെങ്കിലും വെള്ളിയാഴ്ചയും രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ പോലും എ ടി എമുകള്‍ അടഞ്ഞുകിടക്കുകയാണ്. ഉള്ളവയില്‍ ആവശ്യത്തിന് പണവും ഇല്ലാത്ത അവസ്ഥ. രണ്ടുദിവസം അടഞ്ഞുകിടന്ന എ.ടി.എമ്മുകളില്‍നിന്ന് വെള്ളിയാഴ്ച മുതല്‍ പണം പിന്‍വലിക്കാമെന്നാണ് റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നത്. എന്നാല്‍ ആവശ്യത്തിന് പണമെത്തിക്കാതിരുന്നതും യന്ത്രത്തില്‍ ചെറിയസംഖ്യയുടെ നോട്ടുകള്‍വെക്കുന്നതിനുവേണ്ട മാറ്റം വരുത്താന്‍ കഴിയാഞ്ഞതും കാരണമാണ് വെള്ളിയാഴ്ചയും എ ടി എമുകള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ കാരണമായത്. ബാങ്കുശാഖകള്‍ നേരിട്ടുനടത്തുന്ന എ.ടി.എമ്മുകളാണ് കുറച്ചുനേരത്തേക്കെങ്കിലും പ്രവര്‍ത്തിച്ചത്. മറ്റ് ഏജന്‍സികള്‍ പണംനിറയ്ക്കുന്ന എ.ടി.എമ്മുകള്‍ ഇപ്പോഴും കാലിയായി കിടക്കുകയാണ്. നിലവില്‍ 2.2 ലക്ഷം എ.ടി.എമ്മുകളാണ് രാജ്യത്തുള്ളത്. അവയില്‍ നിറയ്ക്കാന്‍ പണവുമായി പോകുന്ന 9,000 വാനുകളും അതിനുള്ള 30,000 ജീവനക്കാരുമുണ്ട്. ദിവസം ശരാശരി 25,000 എ.ടി.എമ്മുകളിലാണ് ഇവരുടെ സേവനം ലഭ്യമാവുക. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 48 മണിക്കൂര്‍ നേരംകൊണ്ട് രാജ്യത്തെ മുഴുവന്‍ മുഴുവന്‍ എ.ടി.എമ്മുകളിലുമെത്തുകയെന്നത് പ്രായോഗികമല്ല. അതുപോലെ പുതിയ 2000 രൂപയുടെ നോട്ടുകള്‍ വെക്കുവാനുള്ള സാങ്കേതിക വശം പഴയ എ ടി എം മെഷീനുകളില്‍ സൃഷ്ട്ടിക്കേണ്ടതുണ്ട്.കൂടാതെ ഇപ്പോള്‍ ഉള്ളവയില്‍ നിന്നും പഴയ ആയിരം,അഞ്ഞൂറ് രൂപ നോട്ടുകള്‍ മാറ്റുകയും വേണം. നിലവിലുള്ള എ.ടി.എമ്മുകളില്‍ 90 ശതമാനവും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ്.