അടുത്ത മാസം മുതല്‍ വീണ്ടും സിനിമാ സമരം ; ഷൂട്ടിങ്ങും റിലീസിങ്ങും നിര്‍ത്തിവെക്കും
കൊച്ചി : മലയാള സിനിമാ മേഖല വീണ്ടും പ്രതിസന്ധിയില്‍. ഡിസംബർ 16 മുതൽ മലയാളമടക്കമുള്ള ഒരു ഭാഷാചിത്രവും പ്രദർശനത്തിന് നൽകേണ്ടതില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോിയേഷനും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും സംയുകത യോഗത്തിൽ തീരുമാനിച്ചു. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമകൾ പൂർത്തിയാക്കുകയും ഡിസംബർ 16 മുതൽ ചിത്രീകരണം നിർത്തിവെക്കുകയും ചെയ്യുമെന്നും സംയുക്ത യോഗത്തിൽ സംഘടനകൾ അറിയിച്ചു. തിയേറ്റര്‍ വിഹിതത്തിന്റെ പകുതി വേണമെന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ച ഇ ടിക്കറ്റിങ് മെഷിനുകൾ തിയേറ്ററുകളിൽ ഉടൻ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഒരു കാരണവശാലും ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും പറയുന്നു. ഇതോടെ ക്രിസ്തുമസ് പ്രമാണിച്ച് തിയറ്ററുകളില്‍ എത്തുന്ന ഡിസംബര്‍ 16ന് ശേഷം റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന 20 ചിത്രങ്ങളുടെ റിലീസ് മുടങ്ങും. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോിയേഷൻ പ്രസിഡന്റ് സുരേഷ് കുമാർ എന്നിവരാണ് സംഘടനകളെ പ്രതിനിധീകരിച്ച് കൊണ്ട് വാർത്താസമ്മേളനം നടത്തിയത്.