എരുമേലി വിമാനതാവളത്തിന്റെ പിറകെ പി.സി. ജോർജ്ജ്; റെയില്‍വേ വികസന പദ്ധതികളും പരിഗണനയിൽ
കോട്ടയം: എരുമേലിയില്‍ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തണമെന്ന് പി.സി ജോര്‍ജ് നിയമസഭയിലും ആവശ്യപ്പെട്ടത്തിന്പിന്നാലെ ഇതാ അദ്ദേഹത്തിനും, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിനും സന്തയോഷം നല്കുന്ന വാര്‍ത്ത. എരുമേലിയില്‍ വിമാനത്താവളം കൊണ്ടുവരാനുള്ള സാധ്യത അംഗീകരിച്ച പിണറായി വിജയന് സര്‍ക്കാരിന്റെ തീരുമാനത്തെ ഏറെ പ്രാധാന്യത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. അതേസമയം സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സ്ഥലം എം.എല്‍.എ പി.സി. ജോര്‍ജ് പറഞ്ഞു.
വിമാനത്താവളത്തിന് ആവശ്യമായ സ്ഥലം എരുമേലി പഞ്ചായത്തില്‍ ലഭ്യമാണ്. ഒരു പാരിസ്ഥിതിക പ്രശ്നവും ഇല്ലാതെ ഇവിടെ വിമാനത്താവളം നിര്‍മ്മിക്കാന്‍ കഴിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല തീര്‍ഥാടകരെ ലക്ഷ്യമാക്കി റെയില്‍വേ വികസന പദ്ധതികളും പുരോഗമിക്കുകയാണ്. സ്റ്റേഷന് നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തി കഴിഞ്ഞതായും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ജനപ്രതിനിധി എന്ന നിലയില്‍ വ്യക്തമായ സാധ്യതാ പഠനം നടത്തി പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ എരുമേലിയില്‍ ‘ശബരിമല എയര്‍പോര്‍ട്ട്’ എന്ന ആവശ്യം നിയമസഭയില്‍ ഉന്നയിക്കുകയും, ഇതേ ആവശ്യവുമായി മുഖ്യമന്ത്രിയെ നേരില്‍ കാണുകയും ചെയ്തതായി മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ തീരുമാനം സംസ്ഥാനത്തിന് കൂടുതല്‍ വികസനകുതിപ്പു നേടിത്തരുമെന്നാണ് വിലയിരുത്തുന്നതെന്നും, വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് റാന്നി, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലേക്ക് എരുമേലിയില്‍ വിമാനത്താവളം വന്നാല്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നു. ഒപ്പം മൂന്നര കോടിയോളം വരുന്ന ശബരിമല തീര്‍ഥാടകര്‍ക്കും പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു.