സഹകരണമേഖലയെ തകര്‍ക്കാന്‍ ആര് ബി ഐ കേന്ദ്രസര്‍ക്കാരിന് കൂട്ടുനില്‍ക്കുന്നു എന്ന് മന്ത്രി
തിരുവനന്തപുരം : സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന പ്രചാരണം അഴിച്ചുവിട്ട് സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢ ശ്രമം നടത്തുകയാണെന്ന് സഹകരണമന്ത്രി എ.സി മൊയ്തീൻ. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്ക് റിസർവ് ബാങ്ക് കൂട്ടുനിൽക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. നോട്ട് അസാധുവാക്കല്‍ മൂലം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മന്ത്രി കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. സാധാരണക്കാർ സാമ്പത്തിക സഹായ ആവശ്യങ്ങൾക്ക് സഹകരണ പ്രസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഗ്രാമീണമേഖലയുടെ ആവശ്യത്തിന് എന്നും ഈ സ്ഥാപനങ്ങൾ നിലകൊണ്ടിട്ടുണ്ട്. കർഷക ആത്മഹത്യകളില്ലാത്തത് ഇത്തരം സ്ഥാപനങ്ങൾ ഉള്ളതു കൊണ്ടാണ്. പ്രശ്നം ചർച്ച ചെയ്യാനായി കേരളത്തിൽ നിന്നുള്ള എം.പിമാർ പ്രധാനമന്ത്രിയോട് സമയം ചോദിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രി സമയം അനുവദിച്ചില്ല. കേരളീയരെ പ്രധാനമന്ത്രി അപമാനിക്കുകയാണ് ചെയ്തതെന്നും മന്ത്രി മൊയ്തീൻ പറഞ്ഞു.നോട്ടുകള്‍ നിരോധിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുണ്ടായപ്പോള്‍ ആര്.ബി.ഐ അംഗീകാരമുള്ള ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പോലും നോട്ടുകള്‍ മാറ്റി നല്കാന് അനുമതി നല്‍കിയിട്ടില്ല. ഇത് നീതി നിഷേധമാണ്. ആര്.ബി.ഐ യുടെ ഈ നടപടിയിലൂടെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ആര്.ബി.ഐ യും കൂട്ടുനില്‍ക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളിൽ ഏതു തരത്തിലുള്ള പരിശോധനക്കും തയാറാണ്. ബാങ്കുകളിൽ കെ.വൈ.സി നടപ്പാക്കുന്നില്ലെന്ന പ്രചാരണം തെറ്റാണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ഉറപ്പുണ്ടാക്കാൻ സർക്കാർ ആവുന്നതെല്ലാം ചെയ്യും. കേന്ദ്ര സർക്കാർ നിലപാടുകളിൽ മാറ്റം വരുത്തണം. ഇക്കാര്യത്തിൽ കേന്ദ്രം നീതിപൂർവമായ സമീപനം സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചെറുകിടക്കാരുടെ നിക്ഷേപമാണ് സഹകരണ ബാങ്കുളെ വളര്‍ത്തിയത്. പക്ഷെ ഇവരെയെല്ലാം കള്ളപ്പണക്കാര്‍ എന്നാണ് കേന്ദ്രം വിശേഷിപ്പിക്കുന്നത്. ഇതിനെതിരെ യോജിച്ച യോജിച്ച പ്രക്ഷോഭം ഉയര്‍ന്ന് വരണമെന്നും മന്ത്രി പറഞ്ഞു.വിഷയത്തില്‍ 12 വരെ തുടര്‍ച്ചയായി ചര്‍ച്ച നടക്കും. ശേഷം മുഖ്യമന്ത്രി പ്രത്യേക പ്രമേയം അവതരിപ്പിക്കും. ആര്.ബി.ഐ വ്യവസ്ഥകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജില്ല സഹകരണ ബാങ്കുകള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ മാറി നല്കാന് അധികാരം നല്‍കാത്ത നടപടി തിരുത്തണമെന്ന നിലപാടാണ് സര്‍ക്കാറിനും പ്രതിപക്ഷത്തിനും. എന്നാല്‍, സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണം ഉണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.