സൌദിയില്‍ ഇറാന് വേണ്ടി ചാരപ്പണി നടത്തിയ 15 പേര്‍ക്ക് വധശിക്ഷ
റിയാദ് : സൗദിയില്‍ ഇറാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ഇറാന് ചാര സംഘടനക്ക് സൗദിയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ വിവരം കൈമാറിയ കേസില്‍ കുറ്റം തെളിയിക്കപ്പെട്ട പ്രതികളില്‍ 15 പേര്‍ക്കാണ് സൗദിയിലെ പ്രത്യേക ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. അഫ്ഗാനിയും ഇറാനിയും അടക്കം രണ്ട് വിദേശികളും 30 സൗദികളും അടക്കം മൊത്തം 32 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 15 പ്രതികള്‍ക്ക് കോടതി വധശിക്ഷ നല്കിയപ്പോള് 15 പേര്‍ക്ക് 25 വര്‍ഷവും 6 മാസവും തടവ് ശിക്ഷ വിധിച്ചു. ആരോപണ വിധേയരായ രണ്ടുപേരെ കോടതി വെറുതെ വിടുകയും ചെയ്തു.
പ്രതികള്‍ക്കെതിരെ നിരവധി കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. ഇറാന് രഹസൃാന്വേഷണ വിഭാഗവുമായി സഹകരിച്ചു രാജ്യത്ത് ചാര സംഘടനക്ക് രൂപം നല്കി. രാജ്യത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന സൈനിക രംഗത്തുള്ള അതീവ ഗൗരവമുള്ള രഹസ്യ വിവരങ്ങള്‍ ഇറാന് ചാര സംഘടനക്ക് കൈമാറി. ചാര പ്രവര്‍ത്തനത്തില്‍ വൈദഗ്ദൃം നേടുന്നതിനായി ഇറാന്, ലബനോന്‍ എന്നീ രാജൃങ്ങളില്‍ ചെന്ന് പ്രത്യേക പരിശീലനം നേടി. പ്രത്യേക പരിശീലനത്തില്‍ രഹസ്യ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനും അയക്കുന്നതിനും ഇറാന് ചാര സംഘടനയുടെ പ്രത്യേക ‘കോഡ് ഭാഷ’ പരിശീലിക്കുകയും ചെയ്തു തുടങ്ങിയ രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി കോടതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി ഇന്ന് 15 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.