നോട്ട് നിരോധനം ; വിനോദ സഞ്ചാരത്തിന് എത്തിയ വിദേശിയുടെ ദുരനുഭവം മോദിയും സംഘവും അറിഞ്ഞുകാണുമോ
മൂന്നാറിലാണ് സംഭവം. വിനോദസഞ്ചാരത്തിന് വേണ്ടി നമ്മുടെ നാട്ടില്‍ എത്തിയ നാല്‍പ്പതുകാരനായ അമേരിക്കന്‍ വിനോദ സഞ്ചാരിക്കാണ് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവം ദൈവത്തിന്റെ സ്വന്തം നാട് നല്‍കിയത്. അതിനു കാരണമായത് പ്രധാനമന്ത്രി നടപ്പിലാക്കിയ നോട്ടു നിരോധനവും. കയ്യില്‍ കാശുണ്ടായിരുന്നിട്ടും രണ്ടു ദിവസമാണ് ഇയാള്‍ക്ക് പട്ടിണി കിടക്കേണ്ടി വന്നത് അവസാനം ആഹാരം കഴിക്കാന്‍ നടത്തിയ ശ്രമം ഇയാളെ കള്ളനുമാക്കി. വിശപ്പ് സഹിക്കാനാകാതെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം കൈയ്യില്‍ നോട്ടില്ലാത്തതിനാല്‍ കള്ളനെപ്പോലെ ഇറങ്ങി ഓടേണ്ടി വരികയായിരുന്നു. വിനോദസഞ്ചാരത്തിന്റെ ഭാഗമായി കൊച്ചിയിലാണ് ഇയാള്‍ ആദ്യം എത്തിയത്. രാജ്യാന്തര എ.ടി.എം കാര്‍ഡ് കൈയിലുണ്ടായിരുന്നു. പക്ഷേ പണമെടുക്കാന്‍പോയപ്പോള്‍ കൗണ്ടറുകളെല്ലാം കാലി. വിദേശ കറന്‍സി മാറാന്‍ സ്വകാര്യ ഏജന്‍സികളെ സമീപിച്ചു. പക്ഷേ അതും നടന്നില്ല. അങ്ങനെ കഴിഞ്ഞ രണ്ടുദിവസമായി അര്‍ധ പട്ടിണിയിലായിരുന്നു താനെന്ന് ഇയാള്‍ പറയുന്നു.
കൈയ്യില്‍ അവശേഷിച്ച പണം ഉപയോഗിച്ച് വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇയാള്‍ മൂന്നാറിലത്തിയത്. ഇവിടുള്ള ഏതെങ്കിലും എടിഎം കൗണ്ടറില്‍നിന്ന് പണം ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. വെള്ളം മാത്രം കുടിച്ച് വെള്ളിയാഴ്ച ഉച്ചവരെ പിടിച്ചുനിന്നു. അങ്ങനെയാണ് ഹോട്ടലില്‍ കയറി വയറു നിറയെ ഭക്ഷണം കഴിക്കുന്നത്. കാര്‍ഡ് സ്വീകരിക്കില്ലെന്ന് കയറുമ്പോള്‍ തന്നെ വെയിറ്റര്‍ പറഞ്ഞെങ്കിലും അസഹനീയമായ വിശപ്പ് കാരണം കൈയ്യില്‍ പണമുണ്ടെന്ന് കള്ളം പറയേണ്ടി വുന്നു. ഒടുവില്‍ ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു ഇയാള്‍. ഓടിച്ചിട്ടു പിടികൂടിയ ഹോട്ടലുകാരോട് ഇയാള്‍ തന്റെ കദനകഥ മുഴുവന്‍ തുറന്നു പറഞ്ഞപ്പോള്‍ അലിവുതോന്നി അവര്‍ ഇയാളെ വിട്ടയച്ചു. മൂന്നാര്‍ ടൗണില്‍ വിവിധ ബാങ്കുകളുടേതായി നിരവധി എ.ടി.എം കൗണ്ടറുകളുണ്ടെങ്കിലും പണമില്ലാത്തിനാല്‍ മിക്കതും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഡിസംബറായതോടെ വിദേശികളടക്കം സഞ്ചാരികളുടെ വരവ് കൂടിയതും പ്രതിസന്ധിക്ക് ഇടയാക്കുന്നു. ന്യൂ ഇയറും ക്രിസ്തുമസും പ്രമാണിച്ച് ഇനിയുള്ള ദിവസങ്ങളില്‍ ധാരാളം വിനോദസഞ്ചാരികള്‍ മൂന്നാറിലും കേരളത്തിന്റെ വിവിധവിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തുന്ന സമയമാണ് ഇപ്പോള്‍. എന്നാല്‍ പണമില്ലാത്ത അവസ്ഥ ഇത്തവണത്തെ സീസണ് മോശമാക്കുമോ എന്ന ഭയത്തിലാണ് ഏവരും.