സ്വന്തം ശരീരം ദാനം ചെയ്യാന്‍ സന്നദ്ധനായി കുറവിലങ്ങാട് നിന്ന് റിട്ടയേര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ദേവസ്യ കാരംവേലി

devasya-karamvely

കോട്ടയം: ഏറ്റവും മഹത്തായ ദാനങ്ങളിലൊന്നാണ് അവയവ ദാനം. അമരത്വം നേടാനുള്ള ത്വര കാലങ്ങള്‍ക്ക് മുമ്പേ മനുഷ്യന്‍ പ്രകടമാക്കിയിരുന്നു. ഇന്നിപ്പോള്‍ ‘അവയവദാനം’ എന്ന മഹാദാനത്തിലൂടെ മനുഷ്യന് അമരത്വം ലഭിക്കാനുള്ള അനന്തമായ സാധ്യത തെളിഞ്ഞിരിക്കുകയാണ്. അതേസമയം ഈ വഴി എത്രപേര്‍ തിരഞ്ഞെടുക്കും. അനുവാദമില്ലാതെ കടന്നു വരുന്ന മരണത്തിന്റെ മുന്നില്‍ പകച്ചു നില്‍ക്കാതെ സ്വന്തം സമ്മതം ഒന്നുമാത്രം മതിയായ ‘അവയവദാനം’ അഭിമാനത്തോടെ തിരഞ്ഞെടുക്കാന്‍ നെഞ്ചുറപ്പ് മാത്രം പോരാ!

കോട്ടയം കുറവിലങ്ങാട് സ്വദേശിയായ റിട്ടയേര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ദേവസ്യ കാരംവേലിയെ ചലിപ്പിച്ചത് സ്‌നേഹമാണ്. മനുഷ്യസേവ തന്നെയാണ് മാധവസേവയെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലും, ഇനിയിപ്പോള്‍ മരിച്ചാലും തന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നത് മനുഷ്യകുലത്തോടുള്ള സ്‌നേഹത്തിന്റെ പേരിലായിരിക്കണം എന്ന നിര്‍ബന്ധം മൂലമാണ് സ്വന്തം അവയവങ്ങളും, ശരീരം മുഴുവനായും ദാനം ചെയ്യാന്‍ അദ്ദേഹം തയ്യാറായത്.

രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ച കേരള പോലീസ് സേനയിലെ കറ തീര്‍ന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു ദേവസ്യ കാരംവേലി ഐ.പി.എസ്. ‘ഞാന്‍ മരിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ എനിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ ഉപകാരപ്രദമായ എന്റെ അവയവങ്ങള്‍ ദാനം ചെയ്യണം, ബാക്കിയുള്ള ഭാഗം ഏതെങ്കിലും മെഡിക്കല്‍ കോളേജിന് നല്‍കണം. ആര്‍ക്കും വേണ്ടെങ്കില്‍ വൈദ്യുതശ്മശാനത്തില്‍ ചാമ്പലാക്കണം. ഒരു തരത്തിലുള്ള സാമുദായിക ആചാരങ്ങളും അതുമായി ബന്ധപ്പെടുത്തരുത്. ഈ കാര്യങ്ങള്‍ ചെയ്യുവാന്‍ ഞാന്‍ പ്രൊഫ. സിറിയക്ക് സെബാസ്റ്റ്യനെ (കുരിയാച്ചന്‍) ചുമതലപ്പെടുത്തുന്നു. എന്റെ പത്‌നിയും, മക്കളും, ബന്ധുക്കളും അദ്ദേഹത്തോട് സഹകരിക്കണം. എല്ലാ കാര്യങ്ങളും ഞാന്‍ മരിച്ചു 24 മണിക്കൂറിനുള്ളില്‍ പൂര്‍ത്തികരിക്കണം’, സ്വന്തം ഫേസ്ബുക്കില്‍ അദ്ദേഹം ഡിസംബര്‍ രണ്ടാം തിയതി കുറിച്ച വാചകങ്ങളാണിത്.

ഇങ്ങനെ ഒരു തീരുമാനത്തിന്റെ പിറകില്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തുതന്നെയായിരുന്നാലും, സ്വന്തം ശരീരം മുഴുവനായി ദാനം ചെയ്യാന്‍ കാണിച്ച മഹത്വം ദേവസ്യ സാറിനെ അമര്‍ത്യനാക്കും. ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും അവയങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമെന്നത്, മറ്റൊരാള്‍ക്ക് ജീവനും ജീവിതവും കൊടുക്കുന്നതിനു തുല്യം തന്നെ. രക്തം, വൃക്ക എന്നിവ ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യാമെങ്കില്‍ മരണശേഷം കണ്ണ്, കരള്‍, ഹൃദയം, ത്വക്ക്, മജ്ജ തുടങ്ങിയവ ദാനം ചെയ്തു മരണത്തിന്റെ കരാളവക്ത്രത്തില്‍ നിന്നും അനേകരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഒരാള്‍ക്ക് കഴിയും. അങ്ങിനെ ജന്മങ്ങളില്‍ നിന്നു ജന്മങ്ങളിലേക്കു അവനവനെ പകരാനും അമരനായി ജീവിക്കാനും. ഇതിനൊക്കെയല്ലേ നമ്മള്‍ കട്ട ഹീറോയിസം എന്ന് പറയേണ്ടത്!

ഉന്നത ബന്ധങ്ങള്‍ ഉണ്ടായിട്ടും പോലീസ് ഓഫിസര്‍ എന്ന നിലയിലോ, വിവിധ മേഖലകളിലെ സ്വാധീനമോ ഒന്നും തന്നെ ഉപയോഗിച്ച് അഴിമതിക്കോ, അനീതിക്കോ കൂട്ടുനില്‍ക്കാന്‍ തയാറാകാതിരുന്ന ഉല്‍കൃഷ്ട വ്യക്തിത്വത്തിന് ഉടമയാണ് ദേവസ്യ സാര്‍. 1972ല്‍ കുറവിലങ്ങാട് ദേവമാതാ കോളേജില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം 1972-73ല്‍ ചെന്നൈയില്‍ നിന്ന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിഗ്രി കരസ്ഥമാക്കി. 1974ല്‍ സബ് ഇന്‍സ്‌പെക്ടറായി കേരള പോലീസ് സേനയില്‍ നിയമിതനായി. 1999ല്‍ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ എസ്.പി ആയിരുന്ന ദേവസ്യ കാരംവേലില്‍ 2012ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.