എ ടി എമ്മുകളില്‍ പണമില്ല ; പുറത്തിറക്കുന്ന പണത്തിന്റെ 90 ശതമാനവും എത്തുന്നത് സമ്പന്നരുടെ കൈകളില്‍
ന്യൂഡല്‍ഹി : നോട്ടു നിരോധനം നടപ്പിലായി പുതിയ നോട്ടുകള്‍ ഇറങ്ങി ഇത്ര നാളുകള്‍ കഴിഞ്ഞിട്ടും സാധാരണക്കാരുടെ ആരുടേയും കൈകളില്‍ ഇതുവരെ പുതിയ നോട്ടുകള്‍ ആവശ്യത്തിനു എത്തിയിട്ടില്ല. രാജ്യത്തെ പല എ ടി എം , ബാങ്കുകള്‍ എന്നിവയുടെ മുന്പില് ഇപ്പോഴും പണം എടുക്കാന്‍ നില്ക്കുന്നവരുടെ നീണ്ട ക്യൂവുകള്‍ കാണാവുന്നതാണ്.അതേസമയം സര്‍ക്കാര്‍ പറയുന്നത് മുന്‍പ് ഉള്ളതിലും കൂടുതല്‍ പണം അവര്‍ ബാങ്കുകള്‍ക്ക് നല്‍കുന്നുണ്ട് എന്നാണ്. എന്നാല്‍ ഇത്തരത്തില്‍ നല്കുന്ന പണം എന്തുകൊണ്ട് സാധാരണക്കാരുടെ കൈകളില്‍ എത്തുന്നില്ല എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. എടിഎം യന്ത്രങ്ങളില്‍ നിറയ്ക്കുന്നതിന് വിതരണം ചെയ്യുന്ന നോട്ടുകളില്‍ 90 ശതമാനവും ബാങ്കുകള്‍ തങ്ങളുടെ സമ്പന്നരായ അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്നതാണ് മുഖ്യ കാരണമായി പലരും പറയുന്നത്. ആര്‍ബിഐ വിതരണ ചെയ്യുന്ന നോട്ടുകളില്‍ പത്ത് ശതമാനത്തോളം മാത്രമേ യന്ത്രങ്ങളില്‍ നിറയ്ക്കാന്‍ ഏജന്‍സികള്‍ക്ക് കൈമാറുന്നുള്ളൂ. ബാക്കി പണം മുഴുവന്‍ സമ്പന്നരുടെ കൈകളില്‍ എത്തുകയാണ്.രാജ്യത്ത് നടന്നുവരുന്ന റെയിഡുകളില്‍ പിടിക്കപ്പെടുന്ന പണത്തില്‍ ഭൂരിഭാഗവും പുതിയ നോട്ടുകള്‍ ആണെന്നുള്ളത് ഈ ആരോപണങ്ങള്‍ സത്യമാണ് എന്ന് തെളിയിക്കുന്നു. നോട്ട് പിൻവലിക്കിൽ തീരുമാനം നിലവിൽ വന്നതിന് ശേഷം രാജ്യത്തുടനീളം നടത്തിയ റെയ്ഡുകളിൽ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 2,900 കോടി രൂപ. ഇതിൽ 76 കോടി രൂപ പുതിയ 2000 രൂപയുടെ നോട്ടുകളാണ്. നോട്ട് പിൻവലിക്കൽ തീരുമാനം നിലവിൽ വന്നതിന് ശേഷം 586 റെയ്ഡുകളാണ് രാജ്യത്താകമാനം ആദായ നികുതി വകുപ്പ് നടത്തിയത്. അതുപോലെ പല എടിഎമ്മുകളും പണം നിറച്ചാല്‍ ഉടനെ കാലിയാകുകയാണ്. സാധാരണക്കാരിപ്പോഴും എടിഎമ്മുകള്‍ക്കുമുന്നില്‍ വരിനില്‍ക്കുകയുമാണ്. പ്രതിദിനം 15,000 കോടിയോളം രൂപ വിതരണം ചെയ്തുകൊണ്ടിരുന്നത് 20,000 കോടിയായി വര്‍ധിപ്പിച്ചിട്ടും എടിഎമ്മുകളിലേയ്ക്ക് എത്തുന്നില്ലെന്നാണ് ആരോപണം. നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിനുമുമ്പ് എടിഎമ്മുകളില്‍ 50 ലക്ഷത്തോളം രൂപയാണ് നിറച്ചിരുന്നത്. എന്നാല്‍ എട്ടിനുശേഷം ഇത് 5.5 ലക്ഷം രൂപയായി കുറഞ്ഞു.