ഭീകരാക്രമണം കൊല്ലപ്പെട്ടവരില്‍ മലയാളി സൈനികനും
ന്യൂഡൽഹി : ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ പോംപോറില്‍ സൈനികോദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനുനേരേയുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി സൈനികനും. മട്ടന്നൂർ കൊടോളിപ്രം സ്വദേശി സി രതീഷാണ്( 34 ) മരിച്ചത്. മൃതദേഹം നാളെ കണ്ണൂരിലെത്തിക്കുമെന്ന് ജില്ലാഭരണകൂടത്തിന് വിവരം ലഭിച്ചു. ശനിയാഴ്ച ഉച്ചയോടെ പാംപോറിൽ കരസേന വാഹനത്തിനുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പിലാണ് രതീഷ് ഉൾപ്പെടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടത്. ബൈക്കുകളിലെത്തി ആക്രമണമഴിച്ചുവിട്ടശേഷം ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. ഡിസംബര്‍ ഒമ്പതിനാണ് രതീഷ് അവധിക്ക് ശേഷം കശ്മീരിലേക്ക് പോയത്. കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റം കിട്ടിയ അദ്ദേഹം തിരിച്ച് വരാനുള്ള ഒരുക്കത്തിലായിരുന്നു. ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ പാംപോറിലെ കദ്ലാബാലില്‍ തിരക്കേറിയ റോഡായതിനാല്‍ ആളപായം ഒഴിവാക്കാന്‍ സൈന്യം തിരിച്ചടിച്ചില്ല. അതിര്‍ത്തിയിലൂടെ നിരവധി ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണ വിവരത്തെതുടര്‍ന്ന് സൈന്യം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഭീകരാക്രമണം. റാഞ്ചി സ്വദേശി ശശികാന്ത് പാണ്ഡെ, പൂണെ സ്വദേശി സൗരഭ് നന്ദകുമാര്‍ എന്നിവരാണ് മരിച്ച മറ്റു രണ്ട് സൈനികര്‍.