ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു തുടങ്ങി
മുംബൈ : നിലവിലെ വായ്പകളുടെ പലിശ നിരക്ക് കുറയുവാന്‍ സാധ്യത. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശഭാരം കുറയ്ക്കാന്‍ അവസരമൊരുക്കി ബാങ്കുകള്‍ അടിസ്ഥാന നിരക്കുകള്‍ വന്‍തോതില്‍ താഴ്ത്തി. എസ്.ബി.ഐ., പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന് ബാങ്ക് എന്നിവയാണ് അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചിരിക്കുന്നത്. അടിസ്ഥാന വായ്പാ നിരക്കില്‍ 0.90 ശതമാനം വരെയാണ് ബാങ്കുകള്‍ കുറവ് വരുത്തിയിരിക്കുന്നത്. എസ്.ബി.ടി., ഐ.ഡി.ബി.ഐ. ബാങ്ക് എന്നിവ കഴിഞ്ഞയാഴ്ച അവസാനം തന്നെ നിരക്കുകള്‍ കുറച്ചിരുന്നു. എസ്.ബി.ഐ. അടിസ്ഥാന വായ്പാ നിരക്ക് (എം.സി.എല്‍.ആര്.) 0.90 ശതമാനം കുറച്ചു. ഇതിന്റെ ഗുണഫലം ഏറ്റവുമധികം ലഭിക്കുക ഭവന വായ്പ എടുത്തവര്‍ക്കാണ്. വാഹന വായ്പ ഉള്‍പ്പെടെ മറ്റു വായ്പകളുടെയും നിരക്കുകള്‍ കുറയും. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം എത്തിയതോടെയാണ് ബാങ്കുകള്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. ബാങ്കുകളില്‍ കുറഞ്ഞ ചെലവില്‍ എത്തിയ ഈ പണം ജനങ്ങളില്‍ തിരിച്ചെത്തിക്കുന്നതിന് വേണ്ടിയാണ് വായ്പകളുടെ പലിശനിരക്ക് കുറയ്ക്കാനുള്ള തീരുമാനം.