ടൈറ്റാനിക് മുങ്ങാന്‍ കാരണം മഞ്ഞുമല മാത്രമല്ല ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്
ചരിത്രം എന്നും ഓര്‍ക്കുന്ന ദുരന്തങ്ങളില്‍ ഒന്നാണ് ടൈറ്റാനിക് എന്ന കപ്പലിന്റെ അപകടം. ലോകത്തിലെ തന്നെ ഏറ്റവുംവലിയ കപ്പല്‍ എന്ന പേരില്‍ കടലില്‍ ഇറങ്ങി ആദ്യ യാത്രതന്നെ അന്ത്യ യാത്രയായി മാറിയ കപ്പലിനെ കുറിച്ചുള്ള സിനിമയും ലോകശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. മഞ്ഞുമലയില്‍ ഇടിച്ചതാണ് കപ്പല്‍ തകരുവാന്‍ കാരണമായത് എന്നാണ് ഇതുവരെ ചരിത്രം നമ്മെ പഠിപ്പിച്ചത്.എന്നാല്‍ മഞ്ഞുമല മാത്രമല്ല ഇതുവരെ ലോകം അറിയാത്ത ഒരു കാരണം കൂടി കപ്പല്‍ മുങ്ങുന്നതിനു പിന്നില്‍ ഉണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു പുതിയ ഡോക്യുമെന്റി. ഇതില്‍ മഞ്ഞുമല അല്ല മറിച്ച് കപ്പലിലെ കല്‍ക്കരി കത്തിക്കുന്ന കോള്‍ബങ്കറിലുണ്ടായ തീപിടുത്തമാണ് അപകടത്തിന് കാരണമായത് എന്നാണ് ഡോക്യുമെന്ററി വെളിപ്പെടുത്തുന്നത്. ഐറിഷ് മാധ്യമപ്രവര്‍ത്തകനായ സെനന്‍ മൊലോനിയുടെ ടൈറ്റാനിക്: ദി ന്യൂ എവിഡന്‍സ് എന്ന ഡോക്യുമെന്ററിയാണ് ടൈറ്റാനിക് ദുരന്തത്തെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. ടൈറ്റാനിക് ദുരന്തത്തെക്കുറിച്ച് ഏറെ നാള് അന്വേഷണവും ഗവേഷണവും നടത്തിയാണ് സെനന്‍ ഈ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. നീണ്ട മുപ്പത് വര്‍ഷത്തെ പഠനമാണ് ഈ ചിത്രത്തിന് പിറകിലുള്ളത്. സതാംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേ ബെല്‍ഫാസ്റ്റ് ഷിപ്പ് യാര്‍ഡില്‍ നിന്നും പുറപ്പെട്ട ഉടനെയാണ് കപ്പലിനകത്ത് തീപിടിച്ചത്. എന്നാല്‍ കപ്പല്‍ ജീവനക്കാരുടെ അനാസ്ഥമൂലമാണ് ആ തീപിടുത്തം ശ്രദ്ധയില്‍പ്പെടാതെ പോയതെന്നാണ് ഡോക്യുമെന്ററി ചൂണ്ടിക്കാണിക്കുന്നത്. കപ്പലിന്റെ സ്റ്റീല്‍ ബോഡിക്ക് കടുത്ത താപം താങ്ങാനുള്ള ശേഷി ഇല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഉയര്‍ന്ന താപനിലയില്‍ സ്ററീലിന്റെ കരുത്ത് 75 ശതമാനത്തോളം ദുര്‍ബലപ്പെടുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ടൈറ്റാനിക് ഏപ്രില്‍ 10ന് തന്നെ പുറപ്പെടണമെന്ന കമ്പനിയുടെ തീരുമാനം മൂലം തീപിടുത്തം മറച്ചുവെക്കപ്പെട്ടു എന്നും സെനന്‍ ആരോപിക്കുന്നു. ടൈറ്റാനിക് ദുരന്തം ലോര്‍ഡ് മെര്‍സിയുടെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. 1912 മെയ് 12ന് തുടങ്ങിയ അന്വേഷണം വേണ്ടത്ര ഗൗരവത്തിലായിരുന്നില്ല എന്നാണ് സെനന്‍ ആരോപിക്കുന്നത്. തീപിടുത്തത്തിന്റെ സാധ്യത അന്ന് ഉയര്‍ന്നു വന്നിരുന്നുവെങ്കിലും ഗൗരവത്തിലെടുത്തില്ല. ഇംഗ്ലണ്ടിലെ വൈറ്റ് സ്റ്റാര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ടൈറ്റാനിക്. കപ്പലിലുണ്ടായിരുന്ന 2228 പേരില്‍ 705 പേര് മാത്രമായിരുന്ന രക്ഷപ്പെട്ടത്. ബാക്കിയുള്ളവര്‍ കപ്പലിനൊപ്പം 12000 അടി താഴ്ചയില്‍ നിദ്ര പ്രാപിച്ചു. മഞ്ഞുമലയില്‍ ഇടിച്ചുവെങ്കിലും കപ്പല്‍ തകരാനും മുങ്ങാനുമുള്ള യഥാര്‍ത്ഥകാരണം കപ്പലിനകത്തുണ്ടായ തീപിടുത്തം തന്നെയാണെന്നാണ് സെനന്‍ പറയുന്നത്. കപ്പലിന്റെ അവശിഷ്ടങ്ങളില്‍ തീപിടിച്ചതിന്റെതായ കറുത്ത പാടുകള്‍ കണ്ടെത്തിയത് തന്റെ വാദത്തെ ശരിവെയ്ക്കുന്നതാണ് എന്നാണ് സെനന്‍ അവകാശപ്പെടുന്നത്.