ഇറ്റലിയില്‍ ഡോക്യുമെന്റ്‌സ് ഇല്ലാത്തവരുടെ ശ്രദ്ധയ്ക്ക്!
പാത്തി/റോം: മധ്യയൂറോപ്പില്‍ ഇന്ത്യക്കാരായ മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നത് ഒരു പക്ഷെ ഇറ്റലിയില്‍ ആയിരിക്കും. നിരവധി മലയാളികള്‍ ഇറ്റലിയുടെ പല ഭാഗത്തും കുടുംബസമേതം ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുകയും നാടുമായും, വീടുമായും നല്ല ബന്ധം പുലര്‍ത്തി ജീവിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും സാധ്യമാകാതെ ഇറ്റലിയില്‍ ജീവിക്കുന്ന മലയാളികളില്‍ കുറെയധികം പേര്‍ പല രീതിയില്‍ രാജ്യത്ത് എത്തിയവരും, കൃത്യമായ വിസ ഡോക്യുമെന്റ്‌സ് ഇല്ലാത്തവരുമുണ്ട്.
അതേസമയം കാലകാലങ്ങളില്‍ ഇറ്റലി അനധികൃതമായി താമസിക്കുന്നവര്‍ക്ക് പേപ്പര്‍ നല്‍കി റെസിഡന്‍സി ശരിയാക്കി കൊടുക്കാറുമുണ്ട്. എന്നാല്‍ എപ്പോഴാണ് ഇത് സംഭവിക്കുന്നത്, ഇനിമുതല്‍ അത്തരത്തില്‍ ഒരു സാഹചര്യം ഇറ്റലിയില്‍ ഉണ്ടാകുമോ എന്നുള്ള കാര്യങ്ങളില്‍ യാതൊരു സൂചനയും ഇല്ല. അതിന്റെ കാരണങ്ങള്‍ പലതാണ്. ഇവിടെ പറഞ്ഞു വരുന്നത് ഈ ദിവസങ്ങളില്‍ ഇറ്റലിയില്‍ നടക്കുന്ന ചില കാര്യങ്ങളുടെ വെളിച്ചത്തിലാണ്.
ഇറ്റലിയിലെ മാത്രമല്ല യൂറോപ്പിലെ ഇപ്പോഴത്തെ സാഹചര്യം കുടിയേറ്റക്കാര്‍ക്ക് ഒട്ടും അനുകൂലമല്ല. അഭയാര്‍ഥികളായി നിരവധി പേര്‍ യൂറോപ്പില്‍ എത്തിയത് ഈ ഭൂഖണ്ഡത്തിലുള്ള രാജ്യങ്ങള്‍ക്കു താങ്ങാവുന്നതിലും അധികമായി വന്നിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ ഓരോ മാസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് 1.10 ലക്ഷത്തോളം അഭയാര്‍ത്ഥി അപേക്ഷകളാണ്. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത കണക്കുമായി യഥാര്‍ത്ഥത്തില്‍ യൂറോപ്പിലേക്ക് കടന്ന അഭയാര്‍ഥികളുടെ കണക്കിന് സാമ്യം ഉണ്ടാവില്ലെന്നും യൂറോപ്യന്‍ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക് വിഭാഗമായ യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ട് പറയുന്നു.
യൂണിയനിലെ വിവിധ രാജ്യങ്ങളിലായി 2016 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 9.88 ലക്ഷം അഭയാര്‍ത്ഥി അപേക്ഷകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നു യൂറോസ്റ്റാറ്റ് പറയുന്നു. ഇതില്‍ ജര്‍മ്മനിയാണ് ഒന്നാമത്. ഇറ്റലിയും(85,000) ഫ്രാന്‍സും (62,000) ആണ് അഭയാര്‍ത്ഥികള്‍ക്ക് പ്രിയപ്പെട്ട രാജ്യങ്ങളുടെ കാര്യത്തില്‍ രണ്ടും, മൂന്നും സ്ഥാനങ്ങളില്‍. ഒന്‍മ്പത് മാസ കാലയളവില്‍ ഒട്ടാകെ ലഭിച്ച 9.88 ലക്ഷത്തില്‍ 7.56 ലക്ഷം അപേക്ഷകളില്‍ തീരുമാനം എടുത്തെന്നും കണക്കുകള്‍ കാണിക്കുന്നു. അഭയാര്‍ത്ഥി അപേക്ഷകളില്‍ വിപരീത തീരുമാനം ഉണ്ടാകുമെന്നു പേടിച്ചു അധികൃതര്‍ക്ക് പിടികൊടുക്കാതെ ഇറ്റലിയില്‍ ധാരാളം പേര്‍ മുങ്ങി നടക്കുന്നുണ്ട്. ഈ വിവരം രാജ്യത്തെ പോലീസിനും അറിയാം. എന്നാല്‍ നപടികള്‍ ഉണ്ടാകുന്നതു ഏതെങ്കിലും ഒരു സാഹചര്യം ഉടലെടുക്കുമ്പോഴാണ്. അനുകൂല സാഹചര്യങ്ങള്‍ മനസിലാക്കാതെ മലയാളികള്‍ ഈ അവസരത്തില്‍ അപേക്ഷ നല്‍കാറില്ല. സമയം എടുത്താണ് പലപ്പോഴും അപേക്ഷ നല്‍കുന്നത്.
ഇത്രയും കാര്യങ്ങള്‍ പറഞ്ഞത് അനധികൃതമായി പേപ്പര്‍ ഇല്ലാതെ രാജ്യത്ത് താമസിക്കുന്നവരില്‍ ഇന്ത്യയില്‍ നിന്ന് വന്നവര്‍ക്കു പ്രത്യേക പരിഗണയൊന്നുമില്ല എന്ന് സൂചിപ്പിക്കാനാണ്. അതായത് ഇറ്റലിയില്‍ അനധികൃതമായി താമസിക്കുന്ന മലയാളികളുടെ മാത്രം പേപ്പറുകള്‍ ശരിയാക്കി നല്‍കാന്‍ രാജ്യം പുതിയ നിയമമൊന്നും പാസാക്കിയട്ടില്ല. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ഇപ്പോഴും കരകയറാത്ത ഇറ്റലി എന്ന രാജ്യത്തിനു താങ്ങാവുന്നത്തിലും കൂടുതല്‍ ചെലവ് അനധികൃതമായി താമസിക്കുന്നവരെ പുറത്താക്കാന്‍ വേണ്ടി വരും. ഇതൊക്കെയാകാം പോലീസ് ഈ കാര്യത്തില്‍ മൃദുസമീപനം സ്വീകരിച്ചിരുന്നതിന്റെ ഒരു കാരണം.
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം പഴയതില്‍ നിന്നും വിഭിന്നമാണ്. രാജ്യത്ത് പുതിയ രാഷ്ട്രീയ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. യൂറോപ്പിലെ പുതിയ സാഹചര്യം കണക്കിലെടുത്ത് ഇറ്റലിയില്‍ പോലീസ് വ്യാപകമായ നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ഒരുങ്ങി കഴിഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ നാടു കടത്താനുള്ള പദ്ധതിയാണ്. ഇതിനായി രാജ്യത്ത് കൂടുതല്‍ നിരീക്ഷണകേന്ദ്രങ്ങള്‍ ഒരുക്കുമെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഇറ്റലിയില്‍ താമസിക്കുന്നവര്‍ക്ക് ചെയ്യാനുള്ളത്:
ഈ ദിവസങ്ങളില്‍ ഇറ്റലിയിലെ പാത്തിയിലും റോമിലും പോലീസ് തിരച്ചില്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം റോമില്‍ നിന്നും ഒരു മലയാളിയെ വിവിധ സാഹചചര്യങ്ങള്‍ കണക്കിലെടുത്ത് നാട്ടിലേയ്ക്ക് ഡീപോര്‍ട്ട് ചെയ്തിരുന്നു. പേര്‍മേസ്സോ ദി സോജ്ജിയോര്‍ണോ (permesso di soggiorno) ചോദിച്ചാല്‍, അത് കാണിക്കാന്‍ കൈവശം ഇല്ലെങ്കില്‍ ഉടനെ തന്നെ ആരെയും നാടുകടത്തില്ല (Espulsione). വ്യകതികളുടെ ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിച്ചു തുടര്‍നടപടികള്‍ ഘട്ടം ഘട്ടമായാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ആയതിനാല്‍ ഏതു തരത്തിലുള്ള നടപടികളാണ് ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും കൃത്യമായ വിവരമൊന്നും ഇല്ല.
അതേസമയം പേര്‍മേസ്സോ ദി സോജ്ജിയോര്‍ണോ കാണിച്ചുകൊടുക്കാന്‍ ഇല്ലാതെ വന്നാല്‍ രാജ്യത്തുനിന്ന് പുറത്താക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും തിരിച്ചറിയല്‍ പരേഡ് നടത്തുന്ന ഏതെങ്കിലും സ്ഥലത്ത് കൊണ്ടുപോയി (CIE/ Centri di Identificazione ed Espulsione) തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. കൃത്യമായി പേപ്പര്‍ ഉള്ളവര്‍ എല്ലായിപ്പോഴും പരിശോധനയ്ക്കു വിധേയമാക്കാവുന്ന രീതിയില്‍ അവ കൈകളില്‍ സൂക്ഷിക്കുക. ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയ പ്രതി അംറി മിലാനില്‍ വെടിയേറ്റു മരിച്ചതിന്റെ പശ്ചാത്തലത്തിലാണു രാജ്യത്തു കര്‍ശനമായ നിരീഷണം ഒരുക്കാന്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
അതുകൊണ്ട് സംഘടനകളുടെയോ വ്യകതികളുടെയോ വാക്കുകള്‍ വിശ്വസിച്ചു ഡോക്യുമെന്റ്‌സ് ഇല്ലാത്തവര്‍ ഇറങ്ങി പുറപ്പെടാതിരിക്കുക. ഇറ്റലി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ആധികാരികമായ പുറപ്പെടുവിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുക. അല്ലെങ്കില്‍ ഒരു പക്ഷെ നഷ്ടപ്പെടുത്തുന്നത് നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഒരു സുവര്‍ണ്ണ അവസരമായിരിക്കും. യൂറോപ്പിലെ ഇപ്പോഴത്തെ സാഹചര്യം കുടിയേറ്റക്കാര്‍ക്ക് അനുകൂലമല്ല. ജാഗ്രതൈ!
വാര്‍ത്തയ്ക്കും ചിത്രത്തിനും കടപ്പാട്: സ്തനേരി ഇന്‍ ഇറ്റാലിയ