എയര്‍ഇന്ത്യയില്‍ കയറി അലമ്പ് കാണിക്കുന്നവര്‍ക്ക് ഇനിമുതല്‍ ജയില്‍വാസവും വിലങ്ങും
ന്യൂഡൽഹി : എയര്‍ഇന്ത്യയില്‍ യാത്ര ചെയ്യുന്ന സമയം വിമാനത്തിനുള്ളില്‍ മോശമായി പെരുമാറുന്നവര്‍ക്ക് ഇനിമുതല്‍ ജയില്‍വാസവും വിലങ്ങും. നേരത്തെ രാജ്യാന്തര വിമാന സർവീസുകളിലാണ് അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാർക്ക് കയ്യാമം വെക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അടുത്തിടയായി വിമാനയാത്രികരായ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആഭ്യന്തരസർവീസുകളിലും ഈ നിർദേശം നടപ്പാക്കാനൊരുങ്ങുകയാണ് എയർ ഇന്ത്യ. പ്ലാസ്റ്റിക് കൊണ്ടുള്ള വിലങ്ങുകളാണ് ഇതിനായി ഉപയോഗിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ‘‘രാജ്യാന്തര– ആഭ്യന്തര വിമാന സർവീസുകളിൽ യാത്രക്കിടെ മോശമായി പെരുമാറുന്നവരെ വിലങ്ങ് വെക്കുമെന്നും എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും രണ്ടു ജോഡി പളാസ്റ്റിക് കയ്യാമങ്ങൾ സൂക്ഷിക്കുമെന്നും എയർ ഇന്ത്യ ചെയർമാൻ അശ്വനി ലോഹാനി അറിയിച്ചു. എയർ ഇന്ത്യക്ക് യാത്രക്കാരുടെ സുരക്ഷയാണ് സർവ്വപ്രധാനം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 2 ന് മസ്കത്ത് –ഡൽഹി വിമാനത്തിൽ വെച്ച് എയർഹോസ്റ്റസിനെതിരെയും ഡിസംബർ 21 ന് മുംബൈ–ന്യൂയോർക്ക് വിമാനത്തിൽ യാത്രക്കാരിക്കു നേരെയും ലൈംഗിക അതിക്രമങ്ങൾ നടന്നിരുന്നു. ഇതിനെയൊക്കെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ തീരുമാനം .