പാമ്പാടി കോളജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം
മാനേജ്മെന്റ് പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. പാലക്കാട് പാമ്പാടിയിലുള്ള നെഹ്റു എന്‍ജിനിയറിംഗ് കോളേജിലാണ് സംഭവം അരങ്ങേറിയത്.കോഴിക്കോട് നാദാപുരം സ്വദേശി ജിഷ്ണുവാണ് ആത്മഹത്യ ചെയ്തത്. മുഖ്യധാര മാധ്യമങ്ങള്‍ മുക്കിയ വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമാണ് വിശദമായി നല്‍കിയിരിക്കുന്നത്. അതുപോലെ വിദ്യാര്‍ത്ഥി സംഘടനകളും മൌനം പാലിക്കുകയാണ്. അതുകൊണ്ടുതന്നെ ജിഷ്ണുവിനു വേണ്ടി സോഷ്യല്‍ മീഡിയ രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ജസ്റ്റിസ് ഫോര്‍ ജിഷ്ണു എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കു യൂണിവേഴ്സിറ്റി പരീക്ഷയുണ്ടായിരുന്നു. പരീക്ഷയ്ക്കിടെ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പരീക്ഷാ പേപ്പറില്‍ നോക്കിയെഴുതി എന്നാരോപിച്ചു പ്രവീണ്‍ എന്ന അദ്ധ്യാപകന് ജിഷ്ണുവിനെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി പരിഹസിക്കുകയും ചീത്തവിളിക്കുകയും ചെയ്തു എന്ന് സഹപാഠികള്‍ പറയുന്നു. ഇതിനു ശേഷം ഓഫീസലെത്തി ഡീബാര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. കോപ്പിയടിച്ചുവെന്നതു തെളിയിക്കാന്‍ അദ്ധ്യാപകന്റെ കൈവശം തെളിവുകളൊന്നുമില്ല താനും. ഒരു തുണ്ടുപേപ്പര്‍ പോലും ജിഷ്ണുവിന്റെ പക്കല്‍ നിന്ന് അദ്ധ്യാപകന് പിടിച്ചെടുത്തിട്ടില്ലായിരുന്നു. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരോട് അറ്റന്‍ഡന്‍സും ഇന്റേണല്‍ മാര്‍ക്കും വച്ചു പകവീട്ടാറുള്ള മാനേജ്മെന്റ് ജിഷ്ണുവിനോടും അങ്ങനെ തന്നെ പെരുമാറുമെന്നു തോന്നിയിരുന്നു. ഓഫീസില്‍ പോയിട്ടു വന്ന ജിഷ്ണു നിരാശനായിരുന്നു. ഡീബാര്‍ നടപടികള്‍ മാനേജ്മെന്റ് ആരംഭിച്ചിരുന്നു. ജിഷ്ണു വൈകുന്നേരം ഹോസ്റ്റലില്‍ കയറി മുറിയടച്ചു. ആറുമണിക്കു ഹോസ്റ്റലില്‍ അറ്റന്‍ഡന്‍സ് എടുത്തപ്പോള്‍ ജിഷ്ണുവിനെ കാണാതെ വന്നപ്പോള്‍ സഹപാഠികള്‍ റൂമിനു മുന്നിലെത്തി. വാതിലില്‍ തട്ടിയിട്ടിട്ടു തുറക്കാത്തതിനാല്‍ ചവിട്ടിത്തുറന്നപ്പോഴാണു ജിഷ്ണു മരണത്തോടു മല്ലിടുന്നതുകണ്ടത്. കൈ ഞരമ്പു മുറിച്ചതിനുശേഷം കെട്ടിത്തൂങ്ങുകയാണ് ജിഷ്ണു ചെയ്തത്. ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പ്രവീണ്‍ സാറിനെ തന്നെയാണു ഞങ്ങള്‍ വിളിച്ചത്. അയാള്‍ ഹോസ്റ്റലിലാണ് താമസിക്കുന്നത്. അയാളുടെ കാറില്‍ ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ അയാള്‍ തയ്യാറായില്ല. എനിക്കു പേടിയാണ്, ഞാനില്ലെന്നു പറഞ്ഞു, പ്രവീണ്‍ എന്ന അദ്ധ്യാപകന് ഫോണ്‍ കട്ട് ചെയ്തു എന്നാണു ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. വിദ്യര്‍ത്ഥികളെ ദ്രോഹിക്കുന്ന മാനേജ്മെന്റ് നടപടി ഇവിടെ സ്ഥിരമാണ് എന്നും വിദ്യര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ അറ്റന്റന്‍സ് , ഇന്റെണല്‍ മാര്‍ക്ക് എന്നിവയുടെ പേര് പറഞ്ഞ് ഭീഷണി പെടുത്തുകയാണ് കോളേജിന്റെ പരിപാടി.