ഗായിക വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച്ച ശക്തി ലഭിച്ചു തുടങ്ങി
മലയാളത്തിന്റെ സ്വന്തം ഗായികയായ വൈക്കം വിജയലക്ഷ്മി ഇരുട്ടിന്റെ ലോകത്ത് നിന്നും വെളിച്ചത്തിന്റെ ലോകത്തിലേയ്ക്ക് എത്തുന്നു. ജന്മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയ തോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വൈകാതെ തന്നെ പൂര്‍ണ്ണമായും കാഴ്ച തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ പ്രകാശം തിരിച്ചറിയാനും അടുത്തുള്ള വസ്തുക്കളെ നിഴല്‍ പോലെ കാണാനും ഇവര്‍ക്ക് കഴിയുന്നുണ്ട്. ഉടന്‍ തന്നെ നിറങ്ങളുടെ ലോകം തന്റെ മുന്പില് തുറക്കും എന്ന വിശ്വാസത്തിലാണ് വിജയലക്ഷ്മി. കാഴ്ച ലഭിച്ചാല്‍ ആദ്യം തന്റെ എല്ലാ കാര്യങ്ങള്‍ക്കും നിഴലായി കൂടെയുള്ള മാതാപിതാക്കളെയാണ് ആദ്യം കാണാന്‍ ആഗ്രഹമെന്നും കൂടാതെ തന്റെ കഴുത്തില്‍ താലി ചാര്‍ത്താന്‍ പോകുന്നയാളെയും കാണണമെന്നും വിജയലക്ഷ്മി പറയുന്നു. ഇരുളടഞ്ഞ ലോകത്തില്‍ സംഗീത വിസ്മയം തീര്‍ത്താണ് വിജയലക്ഷ്മി മുന്നേറിയത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളി മനസ്സ് കീഴടക്കാന്‍ ഈ ഗായികയ്ക്ക് കഴിഞ്ഞു. ആസ്വാദക ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ഇവര്‍ക്കൊപ്പമുണ്ട്. ഹോമിയോ ചികിത്സാ രീതിയാണ് ഗായിക പിന്തുടരുന്നത്. പത്തുമാസത്തോളം നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിലാണ് ഗായിക പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയത്.ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയുമാണ് വിജയലക്ഷ്മിയെ ചികിത്സിക്കുന്നത്. വരുന്ന മാര്‍ച്ചില്‍ വിവാഹിതയാകുവാന് പോകുന്ന വിജയലക്ഷ്മി കല്യാണത്തിന് മുന്‍പ് തനിക്ക് കാഴ്ച ശക്തി പൂര്‍ണ്ണമായും ലഭിക്കും എന്ന ശുഭാപ്തിവിശ്വാസത്തിലാണ്.