കിഴക്കന്‍ ആഫ്രിക്കയിലെ യുഗാണ്ടയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് ഉജ്ജ്വല തുടക്കം
കംപാല: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്ള്യു.എം.എഫ്) യുഗാണ്ടയുടെ മണ്ണില്‍ മികച്ച തുടക്കം. ദൈവത്തിനു വേണ്ടിയും എന്റെ രാജ്യത്തിനു വേണ്ടിയും എന്നതാണ് യുഗാണ്ടയുടെ ആപ്തവാക്യം. ആയിരത്തോളം വരുന്ന ഉഗാണ്ട മലയാളികള്‍ ജീവിക്കുന്ന യുഗാണ്ടയില്‍ ഡബ്ള്യു.എം.എഫ് വിഭാവനം ചെയ്യുന്ന മൂല്യങ്ങളും ഈ ആപ്തവാക്യത്തിനോട് ഏറെ സാധര്‍മ്മ്യം പുലര്‍ത്തുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.
നിലവില്‍ കേരളസമാജം എന്ന ഒരേഒരു പ്രാദേശിക സംഘടന മാത്രമാണ് രാജ്യത്ത് മലയാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. കേരളസമാജവുമായി സഹകരിച്ച് ഡബ്ള്യു.എം.എഫ് എത്തുന്നത് ഉഗാണ്ട മലയാളികളെ ആഗോള മലയാളി സമൂഹവുമായിട്ടു നേരിട്ട് ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ചുരുങ്ങിയ സമയം കൊണ്ട് നാല്‍പ്പതിലധികം രാജ്യങ്ങളില്‍ പ്രവിശ്യകള്‍ ആരംഭിച്ചിരിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ യുഗാണ്ടയിലുള്ള മലയാളികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.
രാജ്യ തലസ്ഥാനമായ കമ്പാലയില്‍ കൂടിയ യോഗത്തില്‍ ഡബ്ള്യു.എം.എഫ് യുഗാണ്ട പ്രൊവിന്‍സിനു വേണ്ടി കെ.എസ് ഷൈന്‍ കണ്‍വീനറായി ഒരു അഡ്ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു. രണ്ടു മാസങ്ങള്‍ക്കകം നിയുക്ത കമ്മിറ്റി രാജ്യത്തെ മലയാളികളെ ഒരുമിച്ചു ചേര്‍ത്ത് പ്രാധാന ഭാരവാഹികളെ തിരഞ്ഞെടുക്കും. നിലവിലെ കോര്‍ഡിനേറ്റര്‍ സുധീഷ് സുരേന്ദ്രന് സ്വാഗതം ആശംസിച്ച യോഗത്തില്‍ കേരളസമാജം സെക്രട്ടറി കെ. എസ് ഷൈന്‍ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഫ്രിക്കയില്‍ സന്ദര്‍ശനം നടത്തുന്ന സംഘടനയുടെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ വിശിഷ്ട അതിഥിയായിരുന്നു. സുധീഷ് സുരേന്ദ്രന് (ജോയിന്റ് കണ്‍വീനര്‍), കൃഷ്ണദാസ് പി.കെ, സുരേന്ദ്രന്ബാബു പി, ഹരീഷ്കുമാര്‍ കെ.പി, പിയൂഷ്പിള്ള, ദീപു മാത്തുക്കുട്ടി ജോണ്‍, വര്‍ഗീസ് ഫിലിപ്പോസ്, മുഹമ്മദ് നിസാം എന്നിവരടങ്ങിയ കമ്മിറ്റി അംഗംങ്ങളേയും യോഗത്തില്‍ തിരഞ്ഞെടുത്തു. സുരേന്ദ്രബാബു നന്ദി രേഖപ്പെടുത്തി.
കിഡ്നി ഫൗണ്ടേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്മാന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്, സംവിധായകന് ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍.
രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് വേള്‍ഡ് മലയാളി ഫെഡറേഷന് ഔദ്യോഗികമായി നിലവില്‍ വന്നത്. 40 രാജ്യങ്ങളില്‍ സംഘടനയുടെ ആദ്യഘട്ട വിപുലീകരണം നടന്നുവരുന്നു. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍, ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഗ്ലോബല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍, ഇന്ത്യ), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), ഡോണി ജോര്‍ജ്ജ് (ജര്‍മ്മനി), ഷമീര്‍ യുസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവരടങ്ങിയ ഡബ്ള്യു.എം.എഫ് ഗ്ലോബല്‍ കോര്‍ കമ്മിറ്റിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ക്കിടയില്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്.