ചീഞ്ഞു നാറുന്ന ടോംസ് കോളെജിനെതിരായ അന്വേഷണം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിറിച്ചതായി റിപ്പോര്‍ട്ട്
കോട്ടയം: വിദ്യാര്‍ത്ഥി പീഡനം നടന്ന കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളെജിനെതിരായ അന്വേഷണം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിറിച്ചതായി റിപ്പോര്‍ട്ട്. കോളെജ് ഡയറക്ടര്‍ ടോംസ് ജോസഫ് വിദ്യാര്‍ത്ഥി പീഡനവും സാമ്പത്തിക തട്ടിപ്പും നടത്തിയതായി സി.ബി.സി.ഐ.ഡി കണ്ടെത്തിയ കേസാണ് അട്ടിമറിക്കപ്പെട്ടത്. വിദ്യാര്‍ത്ഥികളെ മാനസികവും ശാരീരികവുമായി നിരന്തരം പീഡിപ്പിച്ചെന്ന പരാതിയില്‍ ടോംസ് ജോസഫിനെതിരെ വനിതാ കമ്മീഷനും അന്വേഷണം നടത്തിയിരുന്നു. വനിതാ കമ്മീഷന്‍ അന്വേഷണത്തിലും സി.ബി.സി.ഐ.ഡിയുടേതിന് സമാന കണ്ടെത്തലുകളാണുള്ളത്.
2011ല്‍ അന്വേഷണം പൂര്‍ത്തിയായിട്ടും സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തില്ല. എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ടോംസിനെതിരായ നടപടികള്‍ നിലച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡോംസിനെതിരായ എഫ്.ഐ. ആറിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പുറത്ത് വന്നിട്ടുണ്ട്.
എന്നാല്‍ മറ്റക്കര ടോംസ് കോളെജുമായി യാതൊരു ബന്ധവുമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തന്റെ മണ്ഡലത്തിലുള്ള കോളെജ് എന്ന നിലയില്‍ അവിടുത്തെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. മണ്ഡലവുമായി തനിക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. ചെറിയ പരിപാടികളില്‍പോലും താന്‍ പങ്കെടുക്കാറുണ്ട്.തനിക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിച്ചാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.
മറ്റക്കര ടോംസ് കോളേജിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സ്ഥാപനവുമായി ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടെന്ന ആരോപണം എസ്.എഫ്.ഐ ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.അതിനിടെ, കോളേജിന് എതിരായ ആരോപണങ്ങളില്‍ സാങ്കേതിക സര്‍വകലാശാല അധികൃതര്‍ കോളേജിലെത്തി തെളിവെടുപ്പ് നടത്തി. വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും സമിതി തെളിവെടുത്തു.