പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ യുവാക്കളെ പരസ്യമായി ശാസിച്ച് പാക്കിസ്ഥാനി ഗായകന് (വീഡിയോ)
കറാച്ചി : ഇന്ത്യയിലും വന്‍ ആരാധനാ വൃന്ദം ഉള്ള ഗായകനാണ് പാക്കിസ്ഥാനി ഗായകനായ ആതിഫ് അസ്ലം. ബോളിവുഡില്‍ ധാരാളം സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. എന്നാല്‍ ഗായകന് മാത്രമല്ല താന്‍ നല്ലൊരു വ്യക്തികൂടിയാണ് എന്ന് ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ് അസ്ലം. തന്റെ സംഗീതപരിപാടിക്കിടെ യുവാക്കളുടെ അതിക്രമങ്ങളിൽ പെട്ട ഒരു പെൺകുട്ടിയെ അവരില്‍ നിന്നും ആതിഫ് രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി നടന്ന കറാച്ചിഈറ്റ് 2017 എന്ന സംഗീതനിശക്കിടെയായിരുന്നു സംഭവം. വേദിക്ക് തൊട്ടുമുന്നിൽ വെച്ച് ഒരു സംഘം ഒരു പെൺകുട്ടിയെ ഉപദ്രവിക്കുന്നത് സ്റ്റേജില്‍ നിന്നിരുന്ന ആതിഫ് കാണുകയായിരുന്നു. തുടർന്ന് പരിപാടി നിർത്തിവെച്ച് ഗായകൻ ശല്യക്കാരായ യുവാക്കളെ പരസ്യമായി ശാസിച്ചു. “നീയൊന്നും ഇതിന് മുമ്പ് പെൺകുട്ടികളെ കണ്ടിട്ടില്ല?” നിന്റെ അമ്മയും പെങ്ങളും ഇല്ലേ എന്ന് മൈക്കിലൂടെ യുവാക്കളോട് ചോദിച്ച അദ്ദേഹം സംഘാടകരോട് പറഞ്ഞ് പെൺകുട്ടിയെ അവിടെ നിന്നും മാറ്റുകയായിരുന്നു. പ്രശ്നം ഉണ്ടാക്കിയാല്‍ പരിപാടി പെട്ടന്ന് കഴിയുമെന്നും ഇല്ലെങ്കില്‍ ഇനിയും തുടരുമെന്നും അസ്ലം പറയുകയും ചെയ്തു.ഇതോടെ പൂവാലന്മാര് നല്ല കുട്ടികളായി.