എ ടി എം വഴി ഇനി 10,000 രൂപവരെ പിന്‍വലിക്കാം
ന്യൂഡൽഹി : എ.ടി.എമ്മുകളിൽ നിന്നും ഒരു ദിവസം പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി. നിലവില്‍ ഉള്ള 4,500 രൂപയിൽ നിന്നും തുക പതിനായിരം രൂപയായി റിസർവ് ബാങ്ക് ഉയർത്തി. എന്നാല്‍ ഒരാഴ്ച ബാങ്കിൽ നിന്നും പിൻവലിക്കാവുന്ന തുക 24,000 രൂപയായി തുടരും. കറന്റ് അക്കൗണ്ടിൽനിന്ന് ഒരാഴ്ച പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്. നിലവിൽ പിൻവലിക്കാവുന്ന 50,000 രൂപയിൽനിന്നാണ് വർധന. മറ്റു നിയന്ത്രണങ്ങളിൽ മാറ്റമില്ല. അതേസമയം എടിഎം വഴി സൗജന്യമായി പണം പിന്‍വലിക്കുന്നതിന്റെ പ്രതിമാസ പരിധി മൂന്ന് തവണയായി കുറക്കണമെന്ന് ബാങ്കുകള്‍. ബജറ്റിന് മുമ്പായി ധനമന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബാങ്കുകള്‍ ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇതിനെക്കുറിച്ച് ആലോചിക്കുന്നത്. നിലവില്‍ പ്രതിമാസം അഞ്ച് ഇടപാടുകളാണ് എടിഎം വഴി സൗജന്യമായിട്ടുള്ളത്. ആറ് മെട്രോ നഗരങ്ങളില്‍ മറ്റു ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ മൂന്ന് തവണ മാത്രമേ പിന്‍വലിക്കാനാവൂ. ഇത് ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നാണ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.