രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായെന്ന്
ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. നോട്ട് നിരോധിച്ചത് രാഷ്ട്രീയ തീരുമാനമോ തെരഞ്ഞെടുപ്പ് കണക്കിലെടുത്തോ അല്ല, മറിച്ച് ദീര്‍ഘകാലത്തേക്ക് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ താത്പര്യം മാനിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് റാം മാധവ് ഇക്കാര്യം പറഞ്ഞത്.
സമൂഹത്തിലെ പല വീഴ്ചകള്‍ക്കും കാരണം കള്ളപ്പണമാണ്. അത് ആരൊക്കെ കൈവശം വച്ചിട്ടുണ്ടോ അവരൊക്കെ ശിക്ഷിക്കപ്പെടണമെന്നും രാം മാധവ് അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ വിജയിക്കുകയോ തോല്‍ക്കുകയോ പ്രശ്‌നമല്ല. രാജ്യ താത്പര്യമായിരുന്നു പ്രധാനം. അതിനാണ് നോട്ട് നിരോധനമെന്ന തീരുമാനം കൈക്കൊണ്ടത്. യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രതീക്ഷകളെക്കുറിച്ചുള്ള ചോദ്യത്തിന് ഇലക്ഷനില്‍ പാര്‍ട്ടി വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.