നാട്ടുകാരുടെ കൈയ്യില്‍ നിന്നും പണം പിരിച്ച് സ്വന്തം പ്രതിഛായ മിനുക്കാൻ കെ എം മാണി
താന്‍ മഹാന് എന്ന് കാണിക്കുവാന്‍ നാട്ടുകാരുടെ കയ്യില്‍ നിന്നും പണം പിരിച്ചെടുത്ത് ആ കാശ് കൊണ്ട് തന്റെ ജന്മദിനം കാരുണ്യദിനമെന്ന പേരില്‍ കൊണ്ടാടിയ ലോകത്തിലെ തന്നെ ആദ്യ രാഷ്ട്രീയ നേതാവാകും പാലായിലെ മാണിക്യം എന്ന് അണികള്‍ വിളിക്കുന്ന കെ.എം മാണി. തന്റെ 84 മത്തെ ജന്മദിനമാണ് മാണിയുടെ പാര്‍ട്ടി കാരുണ്യദിനമായി ആഘോഷിച്ചത്. കുടുംബപാര്‍ട്ടിയായി ചുരുങ്ങി വരുന്ന കേരളാ കോണ്‍ഗ്രസിനെ ബി ജെ പിയുടെ പാളയത്തില്‍ കൊണ്ട് കെട്ടുവാന്‍ മാണി നടത്തുന്ന നാടകങ്ങള്‍ക്ക് ഒന്ന് കൂടി ശക്തി പകരുന്നതായി കഴിഞ്ഞ ദിവസം നടന്ന ജന്മദിന ആഘോഷങ്ങള്‍. താനും തന്റെ മോനും പിന്നെ അവന്റെ ഭാര്യയും എന്ന നിലയിലേയ്ക്ക് കൂപ്പുകുത്തിയ ഒരു ട്രെസ്റ്റും ഇവരുടെ വാക്കിനോത്ത് തുള്ളുന്ന അണികളും കൂടി ജനങ്ങള്‍ക്ക് ചിരിക്കുവാന്‍ വക നല്കുന്ന ധാരാളം സംഭവങ്ങള്‍ പാലായില്‍ കാട്ടിക്കൂട്ടുന്നുണ്ട്. കേരളത്തിൽ ഉയർന്ന് വന്ന കാർഷിക പ്രശ്നങ്ങളിലും ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിലും പ്രതികരിക്കാതെ, ഒരു മുന്നണിയിലും ഇല്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്നും പിന്നോട്ട് പോയ മാണി രാഷ്ട്രീയപ്പാർട്ടി എന്നതിന് പകരം കാരുണ്യ പദ്ധതിയുടെ മറവില്‍ ജനങ്ങളില്‍ നിന്നും വീണ്ടും പണം പിരിക്കുന്ന കാഴ്ച്ചയാണ് കാണുവാന്‍ സാധിക്കുക. എന്നാല്‍ ജനങ്ങളില്‍ നിന്നും പിരിക്കുന്നതിന് പകരം മന്ത്രിയായിരുന്ന സമയത്ത് സര്‍ക്കാരിലും ജനങ്ങളിലും നിന്നും കാറ്റും പിടിച്ചുപറിച്ചും ഉണ്ടാക്കിയ പണത്തില്‍ നിന്നും മുടക്കിയിരുന്നുവെങ്കില്‍ അച്ഛനും മകനും കൂടി ഉണ്ടാക്കി വെച്ച ചീത്തപ്പേര് എങ്കിലും കുറഞ്ഞു കിട്ടിയേനെ. ഇത് വീണ്ടും വീണ്ടും സാധാരണക്കാരന്റെ ചട്ടിയില്‍ കൈയിട്ടുവാരിയിട്ട് കാരുണ്യം എന്ന പേര് പറഞ്ഞു തടിതപ്പുകയാണ് ഇവരിപ്പോള്‍ ചെയ്യുന്നത്. ചില ആള്‍ദൈവങ്ങളെ ഭക്തര്‍ പൂജിക്കുന്നത് പോലെ മാണിയെ വ്യക്തിപൂജ ചെയ്യുക അദ്ദേഹം നല്ലവനാണ് എന്ന് ലോകത്തിനെ അറിയിക്കുക ഇതു മാത്രമാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. എന്താണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ലക്ഷ്യം, അല്ലെങ്കില്‍ കടമ എന്നത് മാണിയും സംഘവും മറന്നിട്ട് കാലങ്ങളായി. തനിക്കും കുടുംബത്തിനും അധികാരകസേരയില്‍ ഇരിക്കണം ആ പേരില്‍ കുറച്ച് കാശുണ്ടാക്കണം ഇത് മാത്രമായി മാറിപ്പോകുന്നു പതിറ്റാണ്ടുകളുടെ പാരമ്പര്യം പറയുവാനുള്ള ചില രാഷ്ട്രീയപാര്‍ട്ടികള്‍.