പട്ടാളക്കാര്‍ക്കുള്ള മദ്യം വരെ മറിച്ചുവില്‍ക്കുന്നു എന്ന ആരോപണവുമായി ജവാന് (വീഡിയോ)
സോഷ്യല്‍ മീഡിയയിലൂടെയുള്ള സൈനികരുടെ പരാതികള്‍ അവസാനിക്കുന്നില്ല. തങ്ങള്‍ക്ക് കൃത്യമായി ആഹാരം പോലും ലഭിക്കുന്നില്ല എന്ന പേരില്‍ അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന ഒരു സൈനികന് പുറത്തുവിട്ട വീഡിയോ വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അതിനുശേഷം വേറെയും ചില സൈനികരുടെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ആഹാരം മാത്രമല്ല തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മദ്യം പോലും അധികാരികള്‍ മറിച്ചു വില്‍ക്കുകയാണ് എന്ന് കാണിച്ച് ഒരു സൈനികന് രംഗത്ത് വന്നു. രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയായ നവരതന് ചൗധരി എന്ന ജവാനാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഗാന്ധിധാമില്‍ 150 ബറ്റാലിയനില്‍ ക്ലാര്‍ക്കാണ് ചൗധരി. കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ജവാന്മാര്ക്ക് അനുവദിച്ച മദ്യത്തില്‍ പോലും അഴിമതി നടക്കുന്നതായി ജവാന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. പലതവണ ഇത് അധികാരികളെ ബോധ്യപ്പെടുത്തി. എന്നാല്‍ അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചതല്ലാതെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ചൗധരി പറയുന്നു. അതേസമയം അഴിമതി ചൂണ്ടിക്കാട്ടുന്ന ആളായിരിക്കും എപ്പോഴും ഇരയാകുന്നതെന്നും അഴിമതി കാണിക്കുന്നവര്‍ സുഖമായി ജീവിക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നു. ഭരണഘടന എല്ലാവര്ക്കും ഒരേ അവകാശങ്ങള്‍ നല്കുന്നു. പക്ഷെ ഞങ്ങള്‍ നല്ല ഭക്ഷണം ചോദിച്ചാല്‍ പോലും അത് വലിയ കുറ്റമാകുന്നു. എന്തെങ്കിലും പരാതി നല്കിയാല് പരാതിക്കാരന് വലിയ കുറ്റം ചെയ്തതു പോലെയാണ് മേലധികാരികള്‍ പെരുമാറുന്നത്. എല്ലാ മേഖലയിലും അഴിമതി നടക്കുന്നുണ്ടെന്ന് നമുക്കറിയാം എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും ജവാന് പറയുന്നു.