പ്രധാനമന്ത്രിയുടെ വിദേശപര്യടനം ; എയര്‍ ഇന്ത്യയുടെ കടം മുഴുവന്‍ വീട്ടി എന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശപര്യടനങ്ങളില്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള തുക പൂര്‍ണമായി കൊടുത്തു തീര്‍ത്തുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ഒരുവര്‍ഷം മുമ്പ് എട്ട് വിദേശയാത്രകളുടെ ചെലവ് എയര്‍ഇന്ത്യയ്ക്ക് നല്‍കാനുണ്ടെന്നും ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണെന്നും വെബ്സൈറ്റില്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വിവരാവകാശപ്രവര്‍ത്തകനായ ലോകേഷ് ബത്ര നല്കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്. ജപ്പാന്, ലാവോസ്, മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ, ഉസ്ബെക്കിസ്താന് തുടങ്ങിയ രാജ്യങ്ങളിലേക്ക് നടത്തിയ പര്യടനങ്ങളുടെ മുഴുവന്‍ ചെലവുകളുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്. നികുതിദായകരുടെ പണം ഉള്‍പ്പെടുന്നതിനാല്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് അപേക്ഷനല്‍കിയതെന്ന് ബത്ര പറഞ്ഞു. എട്ടുയാത്രകളില് നിന്നായി 119.70 കോടി രൂപയാണ് എയര്‍ ഇന്ത്യയ്ക്ക് നല്കാനുണ്ടായിരുന്നത്.