വിവാഹാഭ്യര്‍ഥന നിരസിച്ചു ; കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചു
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചു. തൃപ്പൂണിത്തുറയ്ക്കടുത്ത് ഉദയംപേരൂരിലാണ് സംഭവം. തലയോലപ്പറമ്പ് ഡി.ബി കോളേജിലെ വിദ്യാര്‍ഥിനിയ്ക്കാണ് വെട്ടേറ്റത്. തോളില്‍ ആഴത്തില്‍ മുറിവേറ്റ വിദ്യാര്‍ഥിനിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് മുന്‍പ് പലതവണ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. ശല്യം വര്‍ധിച്ചതോടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് യുവാവ് ആക്രമണം നടത്തിയത്. പെണ്‍കുട്ടി കോളേജില്‍നിന്ന് മടങ്ങുന്ന വഴിയില്‍ കാത്തിരുന്നാണ് യുവാവ് ആക്രമിച്ചത്. വിദ്യാര്‍ഥിനിയെ അക്രമിച്ച അമല്‍ എന്ന യുവാവ് പോലീസ് സ്റ്റേനിലെത്തി കീഴടങ്ങി. ദിവസങ്ങള്‍ക്ക് മുന്‍പാണ് സമാനമായ രീതിയില്‍ വിദ്യാര്‍ത്ഥിനിയെ മുന്കാമുകന് ക്ലാസ് റൂമില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്തിയത്. തുടര്‍ന്ന് യുവാവും ആത്മഹത്യ ചെയ്തിരുന്നു.