ലോ അക്കാദമി സമരം അവസാനിച്ചു
ലോ അക്കാദമിയില്‍ വിവിധ വിദ്യര്‍ത്ഥി സംഘടനകള്‍ നടത്തിവന്ന സമരം അവസാനിച്ചു. മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളു തമ്മില്‍ പുതിയ കരാറായതിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. കാലാവധിയില്ലാതെ പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കാന്‍ ധാരണയായി. പ്രിന്‍സിപ്പാളിനെ മാനേജ്‌മെന്റ് മാറ്റിയാല്‍ സര്‍ക്കാര്‍ ഇടപെടണമെന്നും യോഗത്തില്‍ ധാരണയായി. മന്ത്രിമാരായ സി രവീന്ദ്രനാഥും വി എസ് സുനില്‍ കുമാറുമാണ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയത്. മന്ത്രിസഭായോഗ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച. വിദ്യാഭ്യാസമന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച. ഇരുപത്തിയൊമ്പതാം ദിവസത്തിലാണ് സമരം അവസാനിപ്പിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചത്. ലക്ഷ്മി നായരെ എന്തുകൊണ്ട് മാറ്റുന്നു എന്ന കാര്യം യോഗത്തിന്റെ മിനിട്‌സില്‍ ഉള്‍പ്പെടുത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യമനുസരിച്ച് അക്കാര്യം രേഖപ്പെടുത്തി. വിദ്യാഭ്യാസമന്ത്രിയും മിനിട്‌സില്‍ ഒപ്പുവെച്ചു. യോഗത്തിലെ ധാരണയനുസരിച്ച് ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റി. അതേസമയം ലോ അക്കാദമി പ്രവര്‍ത്തിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. വിദ്യാര്‍ഥികളുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയമല്ലാത്തതിനാലാണ് വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാതിരുന്നത്. ഒരു മാസത്തോളമായി തുടരുന്ന വിദ്യാര്‍ഥി സമരം കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ അക്രമാസക്തമാകുകയും ആത്മഹത്യാ ഭീഷണി അടക്കമുള്ളവയിലേയ്ക്ക് നീങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സമവായമുണ്ടാക്കുന്നതിന് സിപിഐ വിഷയത്തില്‍ ഇടപെട്ടത്.